photo
ദേശീയപാതയോരത്ത് മൂന്നാംകുറ്റിയിലെ വഴിക്കല്ല്

കൊല്ലം: പോയകാലത്തിന്റെ വഴിയടയാളമാണ് കൊല്ലം- തിരുമംഗലം ദേശീയപാതയിൽ കിളികൊല്ലൂർ മൂന്നാംകുറ്റിയിലെ വഴിക്കല്ല്. പുതിയകാവ് ദുർഗാദേവി ക്ഷേത്രത്തിന് മുന്നിലായി സ്ഥാപിച്ചിട്ടുള്ള മൂന്നരയടി ഉയരമുള്ള ഒറ്റക്കല്ലിൽ 'മൂന്ന്' എന്ന് അക്കത്തിലും അക്ഷരത്തിലും അടയാളപ്പെടുത്തിയിട്ടുണ്ട്. പുതുതലമുറക്കാർക്ക് പിടികിട്ടാത്ത പഴയ ലിപിയിലാണെന്ന് മാത്രം !

രാജഭരണ കാലത്താണ് ഇത്തരത്തിൽ വഴിക്കല്ലുകൾ (കുറ്റികൾ) സ്ഥാപിച്ചത്. മൂന്നാമത്തെ കുറ്റി സ്ഥാപിച്ച സ്ഥലത്തിന് കാലക്രമേണ മൂന്നാംകുറ്റിയെന്ന പേര് വന്നു. ഇതുകൂടാതെ കൊല്ലം-തിരുമംഗലം ദേശീയപാതയിൽ രണ്ടാംകുറ്റിയും ഏഴാംകുറ്റിയും കുണ്ടറ അഞ്ചാലുംമൂട് പാതയിൽ അഞ്ചാംകുറ്റിയുമുണ്ട്. ഇവിടൊക്കെ സ്ഥലനാമം നിലനിൽക്കുന്നെങ്കിലും അടയാളപ്പെടുത്തിയ കുറ്റികൾ മൺമറഞ്ഞു.

മറിഞ്ഞുവീഴാവുന്ന നിലയിലായിരുന്ന മൂന്നാംകുറ്റിയിലെ ചരിത്ര സ്മാരകമായ വഴിക്കല്ല് അടുത്തകാലത്താണ് ക്ഷേത്ര മതിലിനോട് ചേർന്ന് നേരെ നിറുത്തി ചുറ്റും ടൈൽ പാകി സംരക്ഷിച്ചത്. പഴയകാലത്തെ വഴിക്കല്ലുകൾ പുതിയ കാലത്തിന് കൗതുകമുണർത്തുന്നുണ്ട്.