ഓച്ചിറ: വള്ളിക്കാവ് കുടുംബാരോഗ്യ കേന്ദ്രത്തിൽ നടന്ന ആർദ്രം പദ്ധതിയുടെ ഉദ്ഘാടനം മുഖ്യമന്ത്രി പിണറായി വിജയന്‍ ഓൺലൈനായി നിർവഹിച്ചു. മന്ത്രി കെ.കെ. ശൈലജ അദ്ധ്യക്ഷത വഹിച്ചു. കുടുംബാരോഗ്യ കേന്ദ്രത്തിൽ പ്രത്യേകം സജ്ജമാക്കിയ വേദിയിൽ ഓൺലൈൻ ഉദ്ഘാടനത്തിന്റെ വീഡിയോ പ്രദർശിപ്പിച്ചു. എ.എം. ആരിഫ് എം.പി, ആർ. രാമചന്ദ്രൻ എം.എൽ.എ, ക്ലാപ്പന പഞ്ചായത്ത് പ്രസിഡന്റ് എസ്.എം. ഇക്ബാൽ, മെഡിക്കൽ ഓഫീസർമാരായ ഡോ. ജ്യോതി ലക്ഷ്മി, ഡോ. ശ്രീകല, ബ്ലോക്ക് മെഡിക്കൽ ഓഫീസർ ഡോ. സുനിൽ കുമാർ, ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡന്റ് എസ്. ശ്രീകല, സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്സൺ എം. ഗീത, ഗ്രാമ പഞ്ചായത്തംഗങ്ങളായ ക്ലാപ്പന ഷിബു, ബിന്ദു പ്രകാശ്, ജയാദേവി, ഉമയമ്മ, റഷീദാ ബീവി, ഷാജഹാൻ, ആരോഗ്യ പ്രവർത്തകർ തുടങ്ങിയവർ പങ്കെടുത്തു.
പൊതു ജനങ്ങൾക്ക് സൗജന്യവും മികച്ചതുമായ ആരോഗ്യ സേവനങ്ങൾ താഴേത്തട്ടു മുതൽ ലഭ്യമാക്കുക എന്ന ലക്ഷ്യത്തോടെ സംസ്ഥാന സർക്കാർ ആരംഭിച്ച ആർദ്രം മിഷന്റെ ഭാഗമായാണ് തിരഞ്ഞെടുത്ത ആരോഗ്യ കേന്ദ്രങ്ങളെ കുടുംബാരോഗ്യ കേന്ദ്രങ്ങളാക്കി ഉയർത്തുന്നത്.
മികച്ച ഒ.പി സൗകര്യം, ലബോറട്ടറി സേവനങ്ങൾ, ജീവിത ശൈലീ രോഗങ്ങൾക്ക് ഉൾപ്പെടെ പ്രത്യേകം സജ്ജമാക്കിയ ക്ലിനിക്കുകൾ, മാതൃ ശിശു സൗഹൃദ ഏരിയ, കാത്തിരുപ്പുകേന്ദ്രം എന്നിവ ഉൾപ്പെടെ വിപുലമായ സജ്ജീകരണങ്ങളാണ് ഓരോ കുടുംബാരോഗ്യ കേന്ദ്രവും തയ്യാറാക്കിയിട്ടുള്ളത്. 15 ലക്ഷം രൂപ ചെലവിലാണ് പ്രവർത്തനം പൂർത്തീകരിച്ചത്.