 
കൊല്ലം: ആറ് മാസത്തിനിടെ രണ്ട് പട്ടികജാതി വിദ്യാർത്ഥികൾ അടച്ചുറപ്പില്ലാത്ത വീട്ടിൽ പാമ്പുകടിയേറ്റ് മരിക്കാൻ കാരണം ഭരണകൂടത്തിന്റെ വീഴ്ചയാണെന്ന് ബി.ജെ.പി ജില്ലാ പ്രസിഡന്റ് ബി.ബി. ഗോപകുമാർ പറഞ്ഞു. പട്ടികജാതി മോർച്ച ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ കൊല്ലം കളക്ടറേറ്റിലേക്ക് നടത്തിയ മാർച്ച് ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
പത്തനാപുരത്ത് ആദിത്യ മരിച്ചതിന് സമാനമായ അവസ്ഥയിലാണ് ആറ് മാസങ്ങൾക്ക് മുമ്പ് പുത്തൂരിൽ ശിവജിത്ത് എന്ന ബാലനും മരിച്ചത്.
അടച്ചുറപ്പുള്ള വാസയോഗ്യമായ വീടെന്ന സ്വപ്നം നിർദ്ധന പട്ടികജാതി കുടുംബങ്ങൾക്ക് അന്യമാണ് എന്നതിന്റെ അവസാന ഉദാഹരണമാണ്
ആദിത്യയുടെ മരണമെന്നും അദ്ദേഹം പറഞ്ഞു.
പട്ടികജാതി മോർച്ച ജില്ലാ പ്രസിഡന്റ് നെടുമ്പന ശിവൻ അദ്ധ്യക്ഷത വഹിച്ചു. ബി.ജെ.പി ജില്ലാ ട്രഷറർ മന്ദിരം ശ്രീനാഥ്, മാടമ്പശേരി വേണു, മിയണ്ണൂർ സുരേഷ്, രാജു ആരണ്യകം, ബോബൻ മുഖത്തല, രഘു വിക്രമൻ, ചവറ പ്രസിദ്, പ്രദീപ് തുടങ്ങിയവർ സംസാരിച്ചു.