kacha

കൊല്ലം: മത്സരിക്കാൻ കണ്ടുവെച്ച സീറ്റ് സംവരണ വാർഡുകളുടെ നറുക്കെടുപ്പ് കഴിഞ്ഞപ്പോൾ നഷ്ടമായവരുടെ സങ്കടം എത്രയുണ്ടാകും? ജില്ലാ അതിർത്തിയിലെ ഒരു പഞ്ചായത്തിലുണ്ടായ സംഭവം അൽപ്പം രസകരമാണ്. വനിതാ സംവരണ വാർഡാകും എന്ന് ഉറപ്പിച്ച സീറ്റിൽ ഭാര്യയെ മത്സരിപ്പിക്കാൻ ഒരു വർഷം മുമ്പേ പ്രവർത്തനങ്ങൾ തുടങ്ങി.

അതുകൊണ്ട് വേണ്ടപ്പെട്ടവരെയെല്ലാം വോട്ടർ പട്ടികയിൽ ഉൾപ്പെടുത്തി. അടിത്തട്ടിലെ സംഘടനാ സംവിധാനത്തെ തിരഞ്ഞെടുപ്പിനും വിജയത്തിനുമായി ഒരുക്കി. അൽപ്പ സ്വൽപ്പം കാശും ഇതിനൊക്കെ ചെലവായി. നറുക്കെടുപ്പിലേക്ക് പോയപ്പോഴും നിലവിലെ ജനറൽ വാർഡ് വനിതാ വാർഡാകും എന്ന കാര്യത്തിൽ ആർക്കും സംശയമുണ്ടായില്ല. നറുക്കെടുപ്പ് കഴിഞ്ഞപ്പോൾ പ്രതീക്ഷകളെല്ലാം തെറ്റിച്ച് വാർഡ് പട്ടികജാതി വനിതാ സംവരണമായി.

എന്ത് ചെയ്യണമെന്നറിയാത്ത അങ്കലാപ്പിലായി കാര്യങ്ങൾ. അപ്പോൾ പിന്നെ നോട്ടം ബ്ലോക്ക് പഞ്ചായത്ത് സീറ്റിലേക്കായി. നിലവിലെ ജനറൽ സീറ്റ് വനിതാ സംവരണമാകുമ്പോൾ അവിടെ സീറ്റ് ഉറപ്പിക്കാനായി ശ്രമങ്ങൾ. കഴിഞ്ഞ ദിവസം ബ്ലോക്ക് പഞ്ചായത്തുകളിലെ സംവരണ വാർഡുകളിലെ നറുക്കെടുപ്പ് നടന്നു. പ്രതീക്ഷകൾ തെറ്റിച്ച് ആ സീറ്റും പട്ടികജാതി വനിതാ സംവരണമായി. അനൗദ്യോഗിക തിരഞ്ഞെടുപ്പ് പ്രചരണം ആരംഭിച്ച് കൂടെ നിന്നവർക്ക് എന്ത് പറഞ്ഞ് ആശ്വസിപ്പിക്കണം എന്ന് പോലും അറിയാത്ത സ്ഥിതിയായി.

ഒരിടത്തെ മാത്രം സ്ഥിതിയല്ല, ജില്ലയിലെ 68 പഞ്ചായത്തുകളിലും ഇത്തരം നഷ്ട ബോധങ്ങൾ അനുഭവിക്കുന്നവരുണ്ട്. സ്ഥാനാർത്ഥി നിർണയത്തിലേക്ക് മൂന്ന് മുന്നണികളും കടന്നതോടെ വാർഡിലെ ബന്ധുബലം, ജാതി, മതം, സൗഹൃദം, സാമുദായിക സന്തുലിതാവസ്ഥ തുടങ്ങി എല്ലാ ഘടകങ്ങളും ചർച്ചയാവുകയാണ്. ചിലയിടങ്ങളിൽ സമുദായ സംഘടനകളുടെ നേതൃത്വം കൂടി അലങ്കരിക്കുന്നവരെ സ്ഥാനാർത്ഥികളാക്കാനുള്ള ശ്രമങ്ങളും സജീവമാണ്.