
 കൊവിഡ് മാനദണ്ഡങ്ങൾ പാലിക്കുന്നില്ലെന്ന് പരാതി
കൊല്ലം: തുടർച്ചയായി 16ഓളം ജീവനക്കാർക്ക് കൊവിഡ് സ്ഥിരീകരിച്ച സാഹചര്യത്തിൽ നഗരസഭാ ഓഫീസ് രണ്ട് ദിവസത്തേക്ക് അടച്ചു. അണുവിമുക്തമാക്കിയതിന് ശേഷം 9 മുതൽ സാധാരണ നിലയിൽ തുറന്ന് പ്രവർത്തിക്കും.
നഗരസഭാ കാര്യാലയം പ്രവർത്തിക്കില്ലെങ്കിലും ആരോഗ്യം അടക്കമുള്ള അവശ്യ സർവീസുകളിലെ ജീവനക്കാർ അടിയന്തര സഹാചര്യമുണ്ടായാൽ ജോലിക്കെത്തണമെന്ന് നിർദ്ദേശം നൽകിയിട്ടുണ്ട്. രോഗലക്ഷണമുള്ളവരും നിലവിൽ കൊവിഡ് സ്ഥരീകരിച്ച ജീവനക്കാരുമായി സഹകരിച്ചിട്ടുള്ളവരും എത്രയും വേഗം പരിശോധനയ്ക്ക് വിധേയകരാകണമെന്നും നിർദ്ദേശമുണ്ട്. നിരീക്ഷണത്തിൽ കഴിയുന്നവർ ജോലിക്കെത്തുമ്പോൾ കൊവിഡ് നെഗറ്റീവ് സർട്ടിഫിക്കറ്റ് ഹാജരാക്കണമെന്നും അധികൃതർ അറിയിച്ചു.
 പ്രതിരോധം പാളിയെന്ന്
ഇന്നലെ നഗരസഭാ കാര്യാലയത്തിലെ ശുചീകരണ വിഭാഗം ജീവനക്കാരന് കൊവിഡ് സ്ഥിരീകരിച്ചു. തിങ്കളാഴ്ച ജൂനിയർ ഹെൽത്ത് ഇൻസ്പെക്ടർക്കും മേയർ സെക്ഷനിലെ ജീവനക്കാരനും രോഗബാധിതരായി. രോഗവ്യാപന സാദ്ധ്യത അധികൃതർ ജീവനക്കാരിൽ നിന്ന് മറച്ചുവയ്ക്കുന്നതായി പരാതിയുണ്ട്. ഓരോ വിഭാഗങ്ങളിലെയും ജീവനക്കാർ മറ്റ് സെക്ഷനുകളിലുള്ളവരുമായി നിരന്തരം ഇടപഴകുന്നതാണ്. അതുകൊണ്ട് തന്നെ ഇവരെല്ലാം കൊവിഡ് മാനദണ്ഡ പ്രകാരം നിരീക്ഷണത്തിൽ പ്രവേശിക്കേണ്ടതാണ്. പക്ഷേ അത്തരത്തിലുള്ള സമ്പർക്ക പട്ടിക തയ്യാറാക്കൽ നടക്കുന്നില്ലെന്ന് ആക്ഷേപമുണ്ട്.
 കൊവിഡിനെ വകവയ്ക്കാതെ നഗരസഭ
കൊച്ചുകുട്ടികളുള്ളതും 50 വയസിന് മുകളിൽ പ്രായമുള്ളതുമായ ജീവനക്കാരെ പൊതുജനങ്ങളുമായി നേരിട്ട് ഇടപഴകുന്ന ജോലികളിൽ നിന്ന് മാറ്റിനിറുത്തണമെന്ന് കൊവിഡ് ചട്ടമുണ്ട്. പക്ഷെ ഇതൊന്നും നഗരസഭയിൽ പാലിക്കുന്നില്ല. പിഞ്ചുകുഞ്ഞുങ്ങളുടെ അമ്മമാരായ വനിതാ ജീവനക്കാരെ പോലും നൂറ് കണക്കിന് ആളുകളുമായി ഇടപഴകേണ്ട ജോലികൾ നിർബന്ധിച്ച് ഏൽപ്പിക്കുകയാണ്. കണ്ടെയ്ൻമെന്റ് സോണുകളിൽ നിന്നടക്കം ജനങ്ങൾ കൂട്ടത്തോടെ വിവിധ ആവശ്യങ്ങൾക്ക് എത്തുന്നതും സഹപ്രവർത്തകർ കൂട്ടത്തോടെ രോഗബാധിതരാകുന്നതും നഗരസഭാ ജീവനക്കാരെ ആശങ്കയിലാഴ്ത്തുകയാണ്.