 
പുനലൂർ:പുനലൂരിലെകൊവിഡ് വ്യാപനം തടയാൻ പട്ടണത്തിലെ വ്യാപാരശാലകൾ പൊലിസ് അടപ്പിച്ചു.മെഡിക്കൽ സ്റ്റോർ, പലചരക്ക് കടകൾ അടക്കം അവശ്യസാധനങ്ങൾ വിൽക്കുന്ന സ്ഥാപനങ്ങൾ ഒഴികെയുള്ള വ്യാപാരശാലകളാണ് ഇന്നലെ രാവിലെ പൊലിസ് അടപ്പിച്ചത്.ചെമ്മന്തൂർ മുതൽ ടി.ബി ജംഗ്ഷൻ വരെയുളള ഭാഗങ്ങളിലെ സ്വർണക്കടകൾ, വസ്ത്ര വ്യാപാരശാലകൾ, ചെരിപ്പ് കടകൾ, ഫാൻസി സെന്ററുകൾ ഉൾപ്പടെയുളള സ്ഥാപനങ്ങളാണ് അടപ്പിച്ചവയിൽ ഏറെയും. അനാവശ്യമായി ജനങ്ങൾ ടൗണിൽ ഇറങ്ങരുതെന്ന് പൊലീസ് മുന്നറിയിപ്പും നൽകി.വിവിധ മേഖലകളിൽ പൊലിസ് ബാരിക്കേഡ് സ്ഥാപിച്ച് വാഹന പരിശോധനയും നടത്തിവരികയാണ്.അനാവശ്യമായി ടൗണിലെത്തിയ വാഹനങ്ങളെ പൊലിസ് മടക്കി അയച്ചു. ഓട്ടോ, ടാക്സി സർവീസുകൾ പൊലിസ് നിർത്തി വയ്പ്പിച്ചു. എന്നാൽ കെ.എസ്.ആർ.ടി.സി ബസ് സർവീസ് ഭാഗീകമായി സർവീസ് നടത്തി.
വാഹന പരിശോധന കർശനം
ഇന്ന് മുതൽ വാഹന പരിശോധന കൂടുതൽ കർശനമാക്കും. നിരോധനാജ്ഞ പ്രഖ്യാപിച്ചിട്ടും ടൗണിലെ ജനതിരക്ക് വർദ്ധിച്ചത് കണക്കിലെടുത്ത് ടൗൺ വാർഡിനെ കണ്ടെയ്മെൻറ് സോണിൽ ഉൾപ്പെടുത്തിയത് കാരണമാണ് വ്യാപാരശാലകൾ അടപ്പിച്ചത്.ഇത് കൂടാതെ ഉറവിടെ അറിയാതെ ടൗണിലെ മൂന്ന് പേർക്ക് രോഗം സ്ഥിരീക്കുകയും ചെയ്ത സാഹചര്യം കൂടി കണക്കിലെടുത്ത് മുൻ കരുതൽ എന്ന നിലയിലാണ് പുനലൂർ ടൗൺ പൊലിസ് അടപ്പിച്ചതെന്ന് സി.ഐ.ബിനുവർഗീസ് അറിയിച്ചു.രോഗ വ്യാപനങ്ങളെ തുടർന്ന് പുനലൂർ ടൗണിലെ ശ്രീരാമപുരം മാർക്കറ്റും, ചെമ്മന്തൂരിലെ സ്വകാര്യ ബസ സ്റ്റാൻഡും സമീപത്തെ ഷോപ്പിംഗ് കോംപ്ലക്സും കഴിഞ്ഞ ആഴ്ച മുതൽ അടച്ച് പൂട്ടിയിരിക്കുകയാണ്.എന്നാൽ യാതൊരു മുന്നറിയിപ്പും നൽകാതെ കച്ചവട സ്ഥാപനങ്ങളും മറ്റും പൊലിസ് അടച്ച് പൂട്ടിയതിൽ പുനലൂർ മർച്ചൻറ്ചേംബർ ശക്തമായ പ്രതിഷേധം രേഖപ്പെടുത്തിയിട്ടുണ്ട് അറിയിച്ചു.