പുനലൂർ:അംഗീകൃത തൊഴിലാളികളെ ഒഴിവാക്കി അയൽ സംസ്ഥാന തൊഴിലാളികളെ ഉപയോഗിച്ച് ലേബർ ഓഫീസറുടെ സാന്നിദ്ധ്യത്തിൽ ലോഡ്കയറ്റിയതായി പരാതി. പുനലൂർ റെയിൽവേ പ്ലാറ്റ് ഫോമിലെ ആക്രി സാധനങ്ങളാണ് 60വർഷമായി ജോലി ചെയ്തു വരുന്നവരെ ഒഴിവാക്കി പകരം തമിഴ്നാട്ടിൽ നിന്നും എത്തിയ തൊഴിലാളികളെ ഉപയോഗിച്ച് കരാറുകാരൻ സാധനങ്ങൾ കയറ്റിയത്. സംഭവം അറിഞ്ഞ് ലേബർ ഡിപ്പാർട്ടുമെന്റ് നൽകിയ തൊഴിൽ കാർഡുമായി എത്തിയ തൊഴിലാളികൾ പണികൾ തടയാൻ ശ്രമിച്ചു. പിന്നീട് പുനലൂരിലെ ലേബർ ഓഫീസിലെത്തിയ തൊഴിലാളികൾ ഓഫീസറെ തൊഴിൽ കാർഡ് കാണിച്ച് വിവരം ധരിപ്പിച്ചു. എന്നാൽ സംഭവ സ്ഥലത്തെത്തിയ ലേബർ ഓഫീസർ അയൽ സംസ്ഥാന തൊഴിലാളികൾക്ക് അനുകൂലമായ നിലപാട് സ്വീകരിക്കുകയായിരുന്നു എന്ന് എ.ഐ.ടി.യു.സി നേതാവ് ജെ.ഡേവിഡ് ആരോപിച്ചു.ഇത് തർക്കത്തിന് ഇടയാക്കിയപ്പോൾ ലേബർ ഓഫീസർ പൊലിസുമായി ബന്ധപ്പെട്ടു. സ്ഥലത്തെത്തിയ പൊലിസിന്റെയും ലേബർ ഓഫിസറുടെയും സാന്നിദ്ധ്യത്തിൽ അയൽസംസ്ഥാന തൊഴിലാളികൾ ലോഡ് കയറ്റുകായിരുന്നു എന്ന് നേതാക്കൾ ആരോപിച്ചു. എന്നാൽ റെയിൽവേ കോമ്പൗണ്ട് ലേബർ ഡിപ്പാർട്ടുമെന്റിന്റെ അധികാര പരിധിയിൽ വരുന്ന സ്ഥലമല്ലാത്തതുകൊണ്ട് കരാറുകാരന് താത്പ്പര്യമുളളവരെ ഉപയോഗിച്ച് ജോലി ചെയ്യിക്കാം എന്ന് അസി.ലേബർ ഓഫീസർ മിനി അറിയിച്ചു. ഇത് കൂടാതെ തൊഴിലാളികളുടെ തൊഴിൽ കാർഡിന് നിയമ സാധുതയില്ലെന്നും അവർ അറിയിച്ചു.