s

ശാസ്താംകോട്ട: സോഡ നിർമ്മാണത്തിന്റെ മറവിൽ ചാരായം വാറ്റി വില്പന നടത്തിവന്നയാൾക്കെതിരെ എക്സൈസ് കേസെടുത്തു. വീട്ടിൽ സൂക്ഷിച്ചിരുന്ന ചാരായവും കോടയും വാറ്റുപകരണങ്ങളും പിടികൂടി. ശാസ്താംകോട്ട മനക്കര പടിഞ്ഞാറ് ഹരി മംഗലത്ത് വീട്ടിൽ നിന്നാണ് 10 ലിറ്റർ ചാരായവും 100 ലിറ്റർ കോടയും വാറ്റുപകരണങ്ങളും പിടിച്ചെടുത്തത്. ഹരിമംഗലം വീട്ടിൽ വാടകയ്ക്ക് താമസിച്ചുവന്ന കിഴക്കേക്കല്ലട സ്വദേശി സുമിത്ത് എം. പിള്ളയുടെ പേരിൽ കേസെടുത്തു. കുന്നത്തൂർ എക്സൈസ് സർക്കിൾ ഇൻസ്പെക്ടർ എസ്. സുനിൽകുമാർ പിള്ളയ്ക്ക് ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിൽ നടത്തിയ പരിശോധനയിലാണ് ചാരായം പിടികൂടിയത്. സോഡ വിതരണമെന്ന വ്യാജേനെ ചാരായം വാറ്റി പുത്തൂർ, എഴുതനങ്ങാട് ഭാഗങ്ങളിൽ വിതരണം ചെയ്തു വരുകയായിരുന്നു ഇയാൾ. റെയ്ഡിൽ പ്രിവന്റീവ് ഓഫീസർമാരായ കെ.വി. എബിമോൻ, എസ്. രതീഷ് കുമാർ, ജെ.ആർ. പ്രസാദ് കുമാർ, സി.ഇ.ഒമാരായ ജോൺ.പി, അരുൺലാൽ, സുധീഷ്, അൻഷാദ് എന്നിവർ പങ്കെടുത്തു.