legs

സോഷ്യൽ മീഡിയകളിൽ അടുത്തിടെ വലിയ തോതിൽ പ്രചരിച്ച ഒന്നായിരുന്നു 'വി ഹാവ് ലെഗ്സ്' എന്ന കാമ്പയിൻ. കാൽ കാണിച്ചുള്ള നടിയുടെ ചിത്രത്തിന് നേരെ സൈബർ ആക്രമണം ഉണ്ടായതും അതിനു പിന്നാലെ അവർക്ക് പിന്തുണ അറിയിച്ചു കൊണ്ട് സെലിബ്രിറ്റികൾ ഉൾപ്പെടെയുള്ളവർ കാൽ കാണിച്ചു കൊണ്ടുള്ള ഫോട്ടോയിട്ട് പിന്തുണ പ്രഖ്യാപിച്ചതുമായിരുന്നു 'വി ഹാവ് ലെഗ്സ്" കാമ്പയിൻ. എന്നാൽ, ഈ കാമ്പയിന്റെ സമയത്ത് നമ്മൾ കണ്ട കാലുകൾ ഒന്നുമല്ലെന്ന് തെളിയിച്ചിരിക്കുകയാണ് യു.എസിൽ നിന്നുള്ള ഒരു പതിനേഴുകാരി. യു എസിലെ ടെക്സസിൽ നിന്നുള്ള പതിനേഴുകാരിയായ മാകി ക്യുറിൻ ആണ് ഈ കാലിന്റെ ഉടമ. വെറും കാലല്ല, ഗിന്നസ് ലോക റെക്കാഡാണ് മാകിയുടെ കാൽ സ്വന്തമാക്കിയിരിക്കുന്നത്. സ്ത്രീകളിലെ ഏറ്റവും നീളം കൂടിയ കാലിന് ഉടമയായിരിക്കുകയാണ് മാകി. സ്ത്രീകളിൽ മാത്രമല്ല, കൗമാരക്കാർക്കിടയിലും മാകിയുടെ കാലിനെ വെല്ലാൻ തത്ക്കാലം ആരുമില്ല. റഷ്യൻ സുന്ദരിയെ മറികടന്നാണ് മാകിയുടെ ഈ നേട്ടം. റഷ്യയുടെ എകറ്റെറിന ലിസിനയുടെ പേരിലായിരുന്നു ഇത്രയും കാലം നീളം കൂടിയ കാലിന്റെ റെക്കോഡ്. പതിനേഴു വയസുകാരിയുടെ കാലുകൾക്ക് ഏകദേശം ഒന്നരമീറ്റർ നീളമുണ്ട്. ഇടതുകാലിന് 135.267 സെന്റിമീറ്ററും വലതുകാലിന് 134.3 സെന്റീമീറ്ററുമാണ് നീളമുള്ളതെന്ന് ഗിന്നസ് വേൾഡ് റെക്കോഡ് പറയുന്നു. മാകിയുടെ ആകെ ഉയരം ആറ് അടി പത്ത് ഇഞ്ചാണ്. എന്നാൽ, മാകിയുടെ ഉയരത്തിന്റെ 60 ശതമാനവും അവളുടെ കാലിന്റേതാണ്. തന്റെ ഉയരത്തെ സ്വാഗതം ചെയ്യുന്നുണ്ടെങ്കിലും അത് പല കാര്യങ്ങളിലും വിലങ്ങുതടിയാകാറുണ്ടെന്നും മാകി തുറന്നു സമ്മതിക്കുന്നു. ചില കാറുകളിൽ കയറുമ്പോൾ, ചില വാതിലുകൾ കടക്കുമ്പോൾ, ചില വസ്ത്രങ്ങൾ അണിയാൻ ശ്രമിക്കുമ്പോൾ എല്ലാം പൊക്കം ഒരു പ്രശ്നമാകാറുണ്ട്. എന്നാൽ, ധാരാളം ഗുണങ്ങളും ഈ കാലുകൾ മാകിക്ക് നൽകിയിട്ടുണ്ട്. പ്രത്യേകിച്ച് ഹൈസ്കൂളിലെ വോളിബാൾ ടീമിൽ കളിക്കുമ്പോൾ. സോഷ്യൽ മീഡിയ പ്ലാറ്റ്ഫോമായ ടിക് ടോക്കിലെ താരമാണ് മാകി ഇപ്പോൾ. റെക്കോഡ് ഭേദിച്ചതുമായി ബന്ധപ്പെട്ട വീഡിയോകൾ നിർമ്മിക്കുന്നതിലാണ് മാകി ഇപ്പോൾ കൂടുതൽ സന്തോഷം കണ്ടെത്തുന്നത്.