 
കരുനാഗപ്പള്ളി :രാത്രി കാലങ്ങളിൽ കരുനാഗപ്പള്ളി ടൗണിലെ കടത്തിണ്ണകളിൽ അന്തിയുറങ്ങുന്നവരെ കുറിച്ച് വിവരശേഖരണം ആരംഭിച്ചു. എ.സി.പി ബി.ഗോപകുമാറിന്റെ നിർദ്ദേശപ്രകാരം ജനമൈത്രി പൊലീസും ജീവകാരുണ്യ പ്രവർത്തകർ ഉൾപ്പെട്ട സംഘടനയുമായി ചേർന്നാണ് വിവര ശേഖരം തുടങ്ങിയത് .തിങ്കളാഴ്ച രാത്രി 9 മണി മുതൽ 12 വരെ നടന്ന സർവേയിൽ പുതിയകാവ് മുതൽ കന്നേറ്റി വരെ ഇരുപത്തിയഞ്ചോളം പേരാണ് കടത്തിണ്ണകളിൽ അന്തിയുറങ്ങാൻ എത്തുന്നതെന്ന് കണ്ടെത്തി .വയോധികരും രോഗികളുമായവർക്ക് ചികിത്സാസൗകര്യവും സുരക്ഷിത താമസവും ഒരുക്കുവാനും കുടുംബവുമായി കഴിഞ്ഞ് വരവേ ചെറിയ പിണക്കങ്ങളുടെ പേരിൽ വീട് വിട്ടിറങ്ങിയവരെ തിരികെ വീട്ടിലെത്തിക്കുവാനും മാനസികാരോഗ്യ പ്രശ്നങ്ങളുള്ളവരെ ചികിൽസാ കേന്ദ്രത്തിലെത്തിക്കുവാനും അർഹരായവർക്ക് രാത്രിയിൽ അത്താഴ പൊതി എത്തിക്കാനുമുള്ള ദൗത്യങ്ങളാണ് വിവരശേഖരണം കൊണ്ട് ഉദ്ദേശിക്കുന്നത് .അന്യസംസ്ഥാനത്ത് നിന്നും അയൽ ജില്ലകളിൽ നിന്നും ശൗചാലയ മാലിന്യം വൃത്തിയാക്കാനായി എത്തിയവരെ കുറിച്ചുള്ള വിവരങ്ങൾ പ്രത്യേകം തയ്യറാക്കി.കൊവിഡ് വ്യാപന പശ്ചാത്തലത്തിൽ രോഗ വ്യാപനം തടയുവാനും സാമൂഹ്യ ആരോഗ്യ സുരക്ഷയ്ക്കും കൂടുതൽ ജാഗ്രതയ്ക്കും സർവേ വഴി തെളിക്കും .കരുനാഗപ്പള്ളി പൊലീസ് സ്റ്റേഷനിലെ എ.എസ്.ഐ ജി. ഉത്തരക്കുട്ടൻ ,ഗാന്ധിഭവൻ കോ-ഓർഡിനേറ്റർ സിദ്ധിഖ് മംഗലശ്ശേരി ,കാരുണ്യശ്രീ സെക്രട്ടറി ഷാജഹാൻ രാജധാനി, സാന്ത്വനം ഡയറക്ടർ നജീബ് മണ്ണേൽ ,ഹാരിസ് ഹാരി ,കിഷോർ ,ബിജു മുഹമ്മദ് എന്നിവർ നേതൃത്വം നൽകി .