slaughter-house
കൊല്ലത്തെ നഗരസഭയുടെ അറവുശാല

 കരാർ കമ്പനിക്കെതിരെ നിയമനടപടിക്കൊരുങ്ങി നഗരസഭ

കൊല്ലം: കോർപ്പറേഷൻ വക അറവുശാലയിലെ എഫ്ലുവന്റ് ട്രീറ്റ്മെന്റ് പ്ലാന്റ് തകരാറിലായി മാസങ്ങൾ പിന്നിട്ടിട്ടും പരിഹാരമാകുന്നില്ല. പ്ലാന്റ് സ്ഥാപിക്കുന്നതിന് കരാറേറ്റെടുത്ത കമ്പനി തകരാർ പരിഹരിക്കാൻ തയ്യാറാകാത്ത സാഹചര്യത്തിൽ കരാർ റദ്ദാക്കി അവർക്കെതിരെ നിയമനടപടികൾക്ക് ഒരുങ്ങുകയാണ് നഗരസഭ.

കോഴിക്കോട് ആസ്ഥാനമായ സ്വകാര്യ കമ്പനിയാണ് മൃഗങ്ങളെ കശാപ്പ് ചെയ്യുമ്പോഴുണ്ടാകുന്ന ഖര, ദ്രാവക മാലിന്യം വേർതിരിക്കാനുള്ള പ്ലാന്റ് സ്ഥാപിച്ചത്. ഖരമാലിന്യം വളമായും ദ്രാവകരൂപത്തിലുള്ളവ വേർതിരിച്ച് ശുദ്ധജലത്തിന് തുല്യമാക്കുമെന്നുമായിരുന്നു വാഗ്ദാനം. മാസങ്ങൾക്ക് മുമ്പ് പ്ലാന്റ് സ്ഥാപിച്ച് ട്രയൽ റൺ നടത്തിയപ്പോൾ ഖര, ദ്രാവക പദാർത്ഥങ്ങൾ ഒരുമിച്ച് പുറത്തേക്ക് ഒഴുകിയതോടെ കമ്പനിയുടെ അവകാശ വാദങ്ങൾ പൊളിഞ്ഞു.

അറ്റകുറ്റപ്പണികൾക്ക് ശേഷം വീണ്ടും പലതവണ ട്രയൽ റൺ നടത്തിയെങ്കിലും ഫലമുണ്ടായില്ല. ഇതോടെ 50 ലക്ഷം രൂപയുടെ പുതിയ യന്ത്രം സ്ഥാപിച്ചാൽ പ്രശ്നം പരിഹരിക്കപ്പെടുമെന്ന വാഗ്ദാനവുമായി കമ്പനി നഗരസഭയെ സമീപിച്ചു. ഇത് സ്ഥാപിക്കണമെങ്കിൽ അറവുശാലയിലെ നിലവിലുള്ള കെട്ടിടത്തിന്റെ വലിയൊരു ഭാഗം പൊളിച്ചുനീക്കേണ്ടി വരും. വീണ്ടും പുനർനി‌ർമ്മിക്കാനും ലക്ഷങ്ങൾ വേണ്ടിവരും. ഇതോടെയാണ് കരാർ റദ്ദാക്കാനുള്ള നടപടികളിലേക്ക് നഗരസഭ നീങ്ങുന്നത്.

 നഗരസഭയ്ക്ക് പിഴച്ചു

പ്രദേശവാസികൾ മലിനീകരണ, ആരോഗ്യ പ്രശ്നങ്ങൾ ചൂണ്ടിക്കാട്ടി സമീച്ചതിനെ തുടർന്ന് 2018 ജൂലായിലാണ് കോടതി അറവുശാല പൂട്ടാൻ ഉത്തരവിട്ടത്. ഇതിന് പിന്നാലെ ആധുനിക സംവിധാനം ഏർപ്പെടുത്താനുള്ള നഗരസഭയുടെ നടപടിയാണ് ഇപ്പോൾ പാളിയിരിക്കുന്നത്.

 അരക്കോടിയും വെള്ളത്തിൽ

26 ലക്ഷം രൂപയുടെ പ്ലാന്റ് സ്ഥാപിക്കുന്നതിന്റെ ഭാഗമായി ജനറേറ്റർ സ്ഥാപിക്കാനും കെട്ടിടത്തിന്റെ മിനുക്ക് പണികൾക്കുമായി അരക്കോടിയിലേറെ രൂപ നഗരസഭ വേറെ ചെലവാക്കിയിരുന്നു. പ്ളാന്റിന്റെ തകരാർ പരിഹരിക്കാൻ കഴിയാതെ പോകുകയും അറവുശാല മാസങ്ങളായി അടച്ചിട്ടിരിക്കുകയും ചെയ്യുന്ന സാഹചര്യത്തിൽ ജനറേറ്ററിനും മിനുക്ക് പണികൾക്കുമായി ചെലവിട്ട പണവും പാഴായി.

 അനധികൃത കശാപ്പും മാലിന്യ നിക്ഷേപവും

പ്ളാന്റിന്റെ തകരാറ് മൂലം കോർപ്പറേഷന്റെ അറവുശാല അടച്ചതോടെ നഗരത്തിൽ വ്യാപകമായി അനധികൃത കശാപ്പും മാലിന്യനിക്ഷേപവും വർദ്ധിക്കുകയാണ്. നഗരസഭയുടെ മിക്കവാ‌‌ർഡുകളിലും അനധികൃത കശാപ്പ് നടക്കുന്നുണ്ട്. ഇവിടങ്ങളിൽ നിന്നുള്ള മാലിന്യം കൊല്ലം തോടുൾപ്പെടെയുള്ള ജലാശയങ്ങളിലും പൊതുസ്ഥലങ്ങളിലും നിരത്തുകളിലും തള്ളുകയാണ്.

 കമ്പനിക്കെതിരെ നടപടിയെടുക്കും: മേയർ

പ്ളാന്റിന്റെ തകരാർ പരിഹരിക്കുന്നതിൽ വീഴ്ചവരുത്തിയ സ്വകാര്യ കമ്പനിക്കെതിരെ നിയമനടപടി സ്വീകരിക്കുമെന്ന് മേയർ ഹണി അറിയിച്ചു. ലോക്ക്ഡൗണിന് മുമ്പും പിമ്പും കമ്പനിയുമായി ഇത് സംബന്ധിച്ച് ചർച്ച നടത്തിയിരുന്നു. അറവുശാലയുടെ പ്രവർത്തനം പുനരാരംഭിക്കാൻ കഴിയാത്ത സാഹചര്യത്തിൽ കൗൺസിൽ തീരുമാനമനുസരിച്ച് കമ്പനിക്കെതിരെ നടപടിയെടുക്കും.

ശുചിത്വമിഷന്റെ അംഗീകൃത പട്ടികയിൽ ഉൾപ്പെട്ട സ്ഥാപനമായതിനാൽ കമ്പനിയുടെയും പ്ലാന്റിന്റെയും പോരായ്മകൾ അവരുടെ ശ്രദ്ധയിലും പെടുത്തും. അറവുശാലയുടെ പ്രവർത്തനം മെച്ചപ്പെടുത്തുന്നതിനായി വിശദമായ മറ്രൊരു പദ്ധതി ശുചിത്വമിഷന്റെ പരിഗണനയിലാണ്.