
 നിരോധനാജ്ഞയും തിരക്ക് കുറയ്ക്കുന്നില്ല
കൊല്ലം: കൊവിഡിനെയും നിരോധനാജ്ഞയെയും കൂസാതെ നാട്ടിൻപുറങ്ങളിലും നഗരങ്ങളിലും ജനത്തിരക്ക് വർദ്ധിച്ചത് രോഗഭീതി വർദ്ധിപ്പിക്കുന്നു. അൺലോക്ക് ഇളവുകൾ വന്നതോടെ ജനം രോഗത്തെ മറന്നമട്ടാണ്.
ബാങ്കുകൾ, സർക്കാർ ഓഫീസുകൾ, വ്യാപാര സ്ഥാപനങ്ങൾ, പൊതുഗതാഗത സംവിധാനങ്ങളെന്നുവേണ്ട കൊവിഡ് പരിശോധനാ കേന്ദ്രങ്ങളിൽ പോലും രോഗം മറന്ന മട്ടിലാണ് കാര്യങ്ങൾ. കൊല്ലം നഗരമുൾപ്പെടെ ജില്ലയിലെ പ്രധാന ടൗണുകളിലും ജംഗ്ഷനുകളിലും തിക്കും തിരക്കുമാണ്. ഓണത്തിന് ശേഷം കൊവിഡ് നിയന്ത്രണാതീതമാകുകയും കാര്യങ്ങൾ കൈവിട്ടുപോകുന്ന നിലയിലെത്തുകയും ചെയ്തപ്പോഴാണ് നിരോധനാജ്ഞ ഉൾപ്പെടെയുള്ള നടപടികൾക്ക് സർക്കാർ തയ്യാറായത്.
നിരോധനാജ്ഞ ലംഘിച്ചതിന് കൊല്ലം സിറ്റിയിലും റൂറലിലും ഏതാനും കേസുകൾ പൊലീസ് രജിസ്റ്റർ ചെയ്തെങ്കിലും ഇതുകൊണ്ടൊന്നും തിരക്ക് നിയന്ത്രിക്കാൻ കഴിയാത്ത സ്ഥിതിയാണ്. വൈകുന്നേരങ്ങളിൽ പൊലീസിന്റെ ഇടപെടലുള്ളിടത്ത് മാത്രമാണ് അൽപ്പമെങ്കിലും തിരക്ക് കുറവുള്ളത്. നിരത്തുകളിലും വ്യാപാര സ്ഥാപനങ്ങളിലും സാമൂഹ്യഅകലം പേരിന് മാത്രമായി. നിരത്തുകളിൽ ബസുകൾ കുറവാണെങ്കിലും ഉള്ളതിൽ വലിയ തിരക്കാണ് അനുഭവപ്പെടുന്നത്.
സ്വകാര്യ വാഹനങ്ങൾ റോഡിൽ സജീവമായതോടെ ടൗണുകളിൽ ഗതാഗതക്കുരുക്ക് പഴയതുപോലെയായി. പ്രധാന ടൗണുകളായ പുനലൂർ, പത്തനാപുരം, അഞ്ചൽ, ആയൂർ, കൊട്ടാരക്കര, പുത്തൂർ, കുണ്ടറ, കണ്ണനല്ലൂർ, അഞ്ചാലുംമൂട്, കൊട്ടിയം , ചാത്തന്നൂർ, പരവൂർ, പാരിപ്പള്ളി, ശാസ്താംകോട്ട, ഭരണിക്കാവ്, കരുനാഗപ്പള്ളി , ഓച്ചിറ, ചവറ എന്നിവിടങ്ങളിലെല്ലാം രാവിലെ മുതൽ രാത്രി വരെ ഒരേപോലെ തിരക്ക്.
ചിന്നക്കടയുൾപ്പെടെ കൊല്ലം നഗരത്തിന്റെ നാനാ ഭാഗങ്ങളിൽ പാർക്ക് ചെയ്യുന്ന വാഹനങ്ങളുടെ എണ്ണവും വർദ്ധിച്ചു. സൂപ്പർ മാർക്കറ്റുകൾ, മത്സ്യചന്തകൾ, വിപണന കേന്ദ്രങ്ങൾ എന്നിവിടങ്ങളിലെല്ലാം തിരക്കാണ്. ജില്ലയിൽ കൊവിഡ് രോഗികളുടെ എണ്ണം കുത്തനെ ഉയർന്നിട്ടും നിയന്ത്രങ്ങളെല്ലാം കാറ്റിൽപറത്തിയാണ് ജനങ്ങളുടെ സഞ്ചാരം. കുട്ടികൾ, പ്രായമായവർ എന്നിവർ പുറത്തിറങ്ങരുതെന്ന നിർദേശമൊന്നും ആരും ചെവിക്കൊള്ളുന്നില്ല.
 സാമൂഹ്യ അകലം കടലാസിൽ
ബസുകളിലും നിരത്തുകളിലും സമരങ്ങളിലും പ്രതിഷേധങ്ങളിലും സാമൂഹ്യ അകലം പാലിക്കപ്പെടുന്നില്ല. വ്യാപാര സ്ഥാപനങ്ങളിലടക്കം ജനം കൂട്ടമായി എത്തുന്നത് ആരോഗ്യ വകുപ്പിനെ ആശങ്കയിലാക്കിയിട്ടുണ്ട്. പല ബസുകളിലും സാമൂഹ്യ അകലം പാലിക്കപ്പെടുന്നില്ല. ബസുകൾ കുറവായതിനാൽ യാത്രക്കാർ നിയന്ത്രണങ്ങൾ നോക്കാതെ തിങ്ങി ഞെരുങ്ങി യാത്ര ചെയ്യുകയാണ്.
 നിയന്ത്രം പാളുന്നു
1. പുറത്തിറങ്ങുന്നവരുടെ എണ്ണം കൂടുന്നു.
2. വ്യാപാര കേന്ദ്രങ്ങളിൽ ഹാൻഡ് വാഷ് കോർണറുകളില്ല
3. ഇടയ്‌ക്കിടെ കൈകൾ കഴുകുന്നത് ഉപേക്ഷിച്ചു.
4. വീട്ടിലും വ്യക്തിശുചിത്വം കുറഞ്ഞു
5. ഓഫീസുകളിൽ മാസ്‌ക് ധരിക്കാതെ ജോലി ചെയ്യുന്നു
''
വ്യാപാര കേന്ദ്രങ്ങളിൽ ഉൾപ്പെടെ കർശന നിയന്ത്രണം ഏർപ്പെടുത്തിയിട്ടുണ്ടെങ്കിലും എല്ലാം പഴയപടിയായി. സാമൂഹ്യ അകലം പാളിയാൽ സ്ഥിതി നിയന്ത്രണാതീതമാകും.
ആരോഗ്യവകുപ്പ്