 
തഴവ : ഗ്രാമ പഞ്ചായത്തിൽ ജല അതോറിട്ടി സ്ഥാപിച്ചിരിക്കുന്ന ഉപയോഗശൂന്യമായ പൊതു ടാപ്പുകൾ വൻ സാമ്പത്തിക ബാദ്ധ്യതയാകുന്നു. പഞ്ചായത്തിന്റെ വിവിധ ഭാഗങ്ങളിലായി മുന്നൂറ്റി പതിനൊന്ന് പൊതു ടാപ്പുകളാണ് നിലവിലുള്ളത്. ഇവ കാലപ്പഴക്കം മൂലം നശിച്ചത് കൂടാതെ ടാപ്പ്, ടാപ്പ് സ്റ്റാൻഡ് എന്നിവ സാമുഹ്യ വിരുദ്ധർ നശിപ്പിക്കുന്നതും കാരണം ദിവസവും പതിനായിരക്കണക്കിന് ലിറ്റർ കുടിവെള്ളമാണ് പാഴാകുന്നത്. ഏകദേശം അൻപത് വർഷം മുൻപ് ഭൂരിഭാഗം ആളുകളും കുടിവെള്ളത്തിനായി പൊതു ടാപ്പുകളേയാണ് ആശ്രയിച്ചിരുന്നത്. എന്നാൽ ഇപ്പോൾ വിവിധ പദ്ധതികളിൽ ഉൾപ്പെടുത്തി ജല അതോറിട്ടി ഗാർഹിക കണക്ഷനുകൾ നൽകാൻ തുടങ്ങിയതോടെ പൊതു ടാപ്പുകൾ പൂർണമായും ഉപയോഗശൂന്യമായി.
പൊതു ടാപ്പുകളുടെ എണ്ണം നോക്കി വെള്ളക്കരം
പഞ്ചായത്തിൽ സ്ഥാപിച്ചിട്ടുള്ള പൊതു ടാപ്പുകളിൽ തൊണ്ണൂറ് ശതമാനവും കാലപ്പഴക്കം മൂലം നശിച്ചു തുടങ്ങിയവയാണ്. ബാക്കി പത്ത് ശതമാനം ടാപ്പുകൾ ശരിയായ രീതിയിൽ അറ്റകുറ്റപണികൾക്ക് വിധേയമാക്കാത്തതിനാൽ വഴിയാത്രക്കാർക്ക് കാൽ നനയ്ക്കുവാൻ പോലും ഉപകരിക്കാത്ത സ്ഥിതിയിലുമാണ്. പൊതു ടാപ്പുകളുടെ എണ്ണം മാത്രം കണക്കാക്കിയാണ് ജല അതോറിട്ടി ഗ്രാമപഞ്ചായത്തിൽ നിന്നും വെള്ളക്കരം ഈടാക്കി വരുന്നത്. ഉപയോഗിക്കുന്ന വെള്ളത്തിന്റെ അളവോ, ടാപ്പുകളുടെ ഉപയോഗക്ഷമതയോ പരിഗണിക്കാത്തതിനാൽ വൻ സാമ്പത്തിക നഷ്ടമാണ് പഞ്ചായത്തിന് ഉണ്ടാകുന്നത്.
ബിൽതുക 1 ലക്ഷത്തിലധികം !
ഒരു ലക്ഷത്തി മുപ്പത്തി ആറായിരത്തി അറുപത്തിമൂന്ന് രൂപയാണ് തഴവ ഗ്രാമ പഞ്ചായത്ത് പൊതു ടാപ്പുകളുടെ പേരിൽ പ്രതിമാസം ജല അതോറിട്ടിക്ക് നൽകി വരുന്നത്. ഉപയോഗശൂന്യവും ,കാലഹരണപ്പെട്ടതുമായ പൊതു ടാപ്പുകളിലുടെ പൊതു ഖജനാവ് ചോർന്നു പോകുമ്പോഴും ജല അതോറിട്ടി കാണാത്ത ഭാവം നടിക്കുകയാണ്.
ആയിരത്തിൽപ്പരം പൊതു ടാപ്പുകളായിരുന്നു പഞ്ചായത്തിന്റെ വിവിധ ഭാഗങ്ങളിലായി സ്ഥാപിച്ചിരുന്നത് .ഇതിൽ എഴുന്നോറോളം ടാപ്പുകൾ പല ഘട്ടങ്ങളിലായി നീക്കം ചെയ്തതാണ്നിലവിൽ അവശേഷിക്കുന്നവയിൽ ഭൂരിഭാഗവും.
ഉപയോഗശൂന്യമായ പൊതു ടാപ്പുകൾ അനാവശ്യമായ സാമ്പത്തിക ബാദ്ധ്യതയാണ് ഉണ്ടാക്കുന്നത്. പൊതു ടാപ്പുകളും അതുമായി ബന്ധപ്പെട്ട സാമ്പത്തിക നഷ്ടവും ഒഴിവാക്കി സമ്പൂർണ കുടിവെള്ള ഗാർഹിക കണക്ഷൻ നൽകുവാൻ നടപടി സ്വീകരിക്കും.
ജനചന്ദ്രൻ
സെക്രട്ടറി
തഴവ ഗ്രാമ പഞ്ചായത്ത്.
പൊതു ടാപ്പുകൾ ദിവസങ്ങളോളം പൊട്ടി ഒഴുകി റോഡുകൾ പോലും നശിച്ച അവസ്ഥ പഞ്ചായത്തിലുണ്ടായിട്ടുണ്ട്. പൊതു സമ്പത്തിന് പുല്ലുവില പോലും കൽപ്പിക്കാത്ത അധികൃതരുടെ നടപടി പ്രതിഷേധാർഹമാണ് .ഉപയോഗശുന്യമായ ടാപ്പുകൾക്ക് വേണ്ടി ചിലവഴിക്കുന്ന തുക ദരിദ്ര കുടുംബങ്ങൾക്ക് വെള്ളക്കരത്തിൽ സബ്സിഡി നൽകുവാൻ ഉപയോഗിക്കണം.
പാവുമ്പസുനിൽ
പ്രതിപക്ഷ നേതാവ് .
തഴവ ഗ്രാമ പഞ്ചായത്ത്.