
ചടയമംഗലം: മഞ്ഞപ്പാറയിൽ വാഹന പരിശോധനയ്ക്കിടെ പൊലീസ് വയോധികനെ മർദ്ദിച്ച് നടുറോഡിൽ തള്ളി സ്ഥലംവിട്ടു. ചടയമംഗലം പ്രൊബേഷൻ എസ്.ഐ ഷജീമാണ് മഞ്ഞപ്പാറ മലപ്പേരൂ, മൂന്നുമുക്ക് പത്മവിലാസത്തിൽ രാമാനന്ദൻ നായരെ (59) മുഖത്തടിച്ചുവീഴ്ത്തിയത്. നിലത്തുവീണ രാമാനന്ദൻ ആശുപത്രിയിൽ കൊണ്ടുപോകാൻ നിലവിളിച്ചെങ്കിലും പൊലീസ് സംഘം അതു വകവയ്ക്കാതെ സ്ഥലം വിടുകയായിരുന്നു. ഓടിക്കൂടിയ പ്രദേശവാസികൾ രാമാനന്ദനെ ചടയമംഗലം പ്രാഥമികാരോഗ്യ കേന്ദ്രത്തിലും പിന്നീട് കടയ്ക്കൽ താലൂക്ക് ആശുപത്രിയിലും പ്രവേശിപ്പിച്ചു. ഇന്നലെ രാവിലെയായിരുന്നു സംഭവ
സമീപവാസിയായ പൊടിമോനൊപ്പം കൂലിപ്പണിക്കു പോവുകയായിരുന്നു രാമാനന്ദൻ. മഞ്ഞപ്പാറ ജംഗ്ഷനു സമീപത്തുവച്ച് പൊലീസ് ബൈക്ക് തടഞ്ഞുനിറുത്തി. ബൈക്ക് ഓടിച്ചിരുന്ന പൊടിമോനും രാമാനന്ദൻ നായരും ഹെൽമെറ്റ് ധരിച്ചിരുന്നില്ല. ഇതിന് 500രൂപ വീതം രണ്ടുപേരും പെറ്റി നൽകണമെന്ന് പ്രൊബേഷൻ എസ്.ഐ ഷജീം ആവശ്യപ്പെട്ടു. കൈയിൽ പണം ഇല്ലെന്നും കൂലിപ്പണിക്ക് പോവുകയാണെന്നും ഇരുവരും പറഞ്ഞു. കോടതിയിൽ അടയ്ക്കാമെന്ന് പറഞ്ഞെങ്കിലും എസ്.ഐ കേൾക്കാൻ തയ്യാറായില്ല. ഇവരെ പിടിച്ചുവലിച്ചു വാഹനത്തിൽ കയറ്റാൻ ശ്രമിച്ചു. പൊടിമോൻ ജീപ്പിനുള്ളിൽ കയറി. രാമാനന്ദനെ പൊക്കിയെടുത്ത് ജീപ്പിനുള്ളിലേക്ക് വലിച്ചെറിഞ്ഞു. പേടിച്ച് തിരിച്ചിറങ്ങിയ രാമാനന്ദൻ താൻ രോഗിയാണെന്നും വാഹനത്തിൽ കയറില്ലെന്നും പറഞ്ഞു. പ്രകോപിതനായ എസ്.ഐ പൊടുന്നനെ രാമാനന്ദന്റെ മുഖത്ത് അടിക്കുകയായിരുന്നു. റോഡിൽ വീണുകിടന്ന രാമാനന്ദനെ ഉപേക്ഷിച്ച് പൊലീസ് സംഘം പൊടിമോനുമായി സ്ഥലംവിട്ടു.
പരിസരത്തുണ്ടായിരുന്നവരാണ് സംഭവം മൊബൈൽഫോണിൽ ചിത്രീകരിച്ചത്.
''
സംഭവം അന്വേഷിക്കാൻ സ്പെഷ്യൽ ബ്രാഞ്ച് ഡിവൈ.എസ്.പിയെ ചുമതലപ്പെടുത്തിയിട്ടുണ്ട്. മാസ്ക് ധരിക്കാത്തതിന് കസ്റ്റഡിയിലെടുക്കാൻ ശ്രമിച്ചപ്പോൾ എതിർത്തെന്നും അപ്പോൾ ബലം പ്രയോഗിച്ചെന്നുമാണ് എസ്.ഐയുടെ വിശദീകരണം. മറുഭാഗം കൂടി കേട്ട ശേഷം നടപടിയെടുക്കും.
എസ്. ഹരിശങ്കർ, റൂറൽ എസ്.പി, കൊല്ലം