 
കൊട്ടാരക്കര : സർക്കാരും നഗരസഭയും അറിഞ്ഞിട്ടുണ്ടാകില്ല കൊട്ടാരക്കര ടൗണിൽ ഒരു സ്നേക്ക് പാർക്കുണ്ട്. നല്ലയിനം വിഷനാഗങ്ങൾ മാത്രമല്ല മോഷ്ടാക്കളും സാമൂഹ്യ വിരുദ്ധരും ഒന്നിച്ചുപാർക്കുന്ന ഒരിടം. കൊട്ടാരക്കര റെയിൽവേസ്റ്റേഷനു സമീപം കോടികൾ വിലമതിക്കുന്ന സർക്കാർ ഭൂമിയിലാണ് സർക്കാരും ബന്ധപ്പെട്ടവരും അറിയാതെ ഈ താവളം പ്രവർത്തിക്കുന്നത്. കൊട്ടാരക്കര റെയിൽവേ സ്റ്റേഷനു സമീപം പുതുതായി പ്രവർത്തനം ആരംഭിച്ച ഹൈടെക്ക് വില്ലേജ് ഓഫീസിനും എക്സൈസ് സർക്കിൾ ഓഫീസിനും സമീപത്തെ ടൂറിസ്റ്റ് ഹോമിനും മദ്ധ്യേയാണ് നാട്ടുകാർക്ക് ബുദ്ധിമുട്ടുണ്ടാക്കുന്ന ഈ താവളമുള്ളത്.
സർക്കാർ ഭൂമിയാണ്
ഉദ്ദേശം മുപ്പതു വർഷം മുൻപ് കൊട്ടാരക്കര ഇലക്ട്രിസിറ്റി ഓഫീസ് സ്ഥിതി ചെയ്തിരുന്ന സർക്കാർ വക ഇരുപത്തിയേഴു സെന്റ് ഭൂമി വൈദ്യുതി ഭവൻ നിർമ്മിച്ചതോടെ അനാഥമായ നിലയിലായി.നിലവിൽ കോടികൾ വിലമതിക്കുന്ന ഈ വസ്തു ഏറ്റെടുത്ത് ഇവിടെ ഏതെങ്കിലും സർക്കാർ ഓഫീസ് സ്ഥാപിക്കണമെന്ന നാട്ടുകാരുടെ ആവശ്യം ചെവിക്കൊള്ളാൻ ആരും തയ്യാറായില്ല.അതോടെ നിലവിലുണ്ടായിരുന്ന കെട്ടിടങ്ങൾ പൊളിഞ്ഞും പൊളിച്ചും നശിച്ചതോടെ റോഡു സൈഡിലെ വസ്തു കാടുമൂടി ഇഴജന്തുക്കളുടെയും സാമൂഹ്യ വിരുദ്ധരുടെയും വിഹാരകേന്ദ്രമായി.
തർക്കം തീർക്കണം
ഭൂമി ഏറ്റെടുക്കാൻ വൈദ്യുതി വകുപ്പും റവന്യും വകുപ്പും തമ്മിലുള്ള അധികാര തർക്കം ഇനിയും നിലനിൽക്കുന്നതാണ് ഇഴജന്തുക്കൾക്കും സാമൂഹ്യ വിരുദ്ധർക്കും തണലാകുന്നത്. താലൂക്കിൽ ഇന്നും പല സർക്കാർ ഓഫീസുകളും വാടക കെട്ടിടങ്ങളിലാണ് പ്രവർത്തിക്കുന്നത്. ഇവിടെ സർക്കാൻ ഇടപെട്ട് തർക്കം പരിഹരിച്ച് കെട്ടിടങ്ങൾ നിർമ്മിച്ചാൽ പല ഓഫീസുകളും ഇവിടെ പ്രവർത്തിപ്പിക്കാൻ കഴിയും.അതിന് ജന പ്രതിനിധികളും റവന്യു വകുപ്പും മുൻകൈ എടുക്കണമെന്നാണ് നാട്ടുകാരുടെ ആവശ്യം.