 
കരുനാഗപ്പള്ളി: ക്ലാപ്പന ഇ.എം.എസ് സാംസ്കാരികവേദി ഗ്രന്ഥശാലയിൽ കരുനാഗപ്പള്ളി താലൂക്ക് ലൈബ്രറി കൗൺസിൽ സംഘടിപ്പിച്ച സ്നേഹാദരവ് ശ്രദ്ധേയമായി. ചടങ്ങ് സംസ്ഥാന ലൈബ്രറി കൗൺസിൽ പ്രസിഡണ്ട് ഡോ.കെ. വി .കുഞ്ഞികൃഷ്ണൻ ഉദ്ഘാടനം ചെയ്തു.ഗ്രന്ഥശാലയുടെ ഔഷധ തോട്ടത്തിൽ നീർമരുത് തൈ നട്ടു കൊണ്ടാണ് പരിപാടിക്ക് തുടക്കമായത്. സ്ഥാനമൊഴിയുന്ന സംസ്ഥാന ലൈബ്രറി കൗൺസിൽ സെക്രട്ടറി പി .അപ്പുക്കുട്ടന് താലൂക്ക് ലൈബ്രറി കൗൺസിലിന്റെ ഉപഹാരം താലൂക്ക് സെക്രട്ടറി വി .വിജയകുമാർ കൈമാറി. തുളസിക്കതിർ നുള്ളിയെടുത്തു എന്ന ഗാനത്തിന്റെ രചനയിലൂടെ ശ്രദ്ധേയനായി മാറിയ ജനത ഗ്രന്ഥശാലയുടെ ആദ്യകാല പ്രവർത്തകൻ പട്ടശ്ശേരിൽ സഹദേവനെ ജില്ലാ ലൈബ്രറി കൗൺസിൽ പ്രസിഡന്റ് കെ. ബി .മുരളീകൃഷ്ണൻ ആദരിച്ചു. ലൈബ്രറി കൗൺസിൽ സംഘടിപ്പിച്ച എസ് .പി.ബി അനുസ്മരണത്തിൽ ഗാനാഞ്ജലി അവതരിപ്പിച്ച കെ-മെലഡി ബാന്റിനുള്ള ഉപഹാരം സംസ്ഥാന ലൈബ്രറി കൗൺസിൽ സെക്രട്ടറി പി. അപ്പുക്കുട്ടനിൽ നിന്നും കെ .എസ്. പ്രിയയും ബിനു സരിഗയും ചേർന്ന് ഏറ്റ് വാങ്ങി. സംസ്ഥാന ലൈബ്രറി കൗൺസിൽ സെക്രട്ടറി രചിച്ച അഭിമാനപർവം എന്ന പുസ്തകത്തിന്റെ താലൂക്ക് തല പ്രകാശനം ജില്ലാ ലൈബ്രറി കൗൺസിൽ സെക്രട്ടറി ഡി .സുകേശൻ നിർവഹിച്ചു. ഇ.എം.എസ് സാംസ്കാരിക വേദി ഗ്രന്ഥശാല പുറത്തിറക്കുന്ന ബയോ ക്ലീൻ കിറ്റിന്റെ വിതരണ ഉദ്ഘാടനം ഡോ.കെ .വി .കുഞ്ഞികൃഷ്ണൻ നിർവഹിച്ചു. താലൂക്ക് ലൈബ്രറി കൗൺസിൽ താലൂക്ക് പ്രസിഡന്റ് പി.ബി.ശിവൻ അദ്ധ്യക്ഷത വഹിച്ചു. ഗ്രന്ഥശാല സെക്രട്ടറി ആർ . മോഹനൻ സ്വാഗതം പറഞ്ഞു. ജില്ലാ ലൈബ്രറി കൗൺസിൽ എക്സിക്യൂട്ടീവ് അംഗം വി .പി .ജയപ്രകാശ് മേനോൻ, താലൂക്ക് എക്സിക്യൂട്ടീവ് അംഗം എം .സുരേഷ് കുമാർ, മിനി മോഹൻ, സിന്ധു തുടങ്ങിയവർ പങ്കെടുത്തു.