 
പത്തനാപുരം: കൂട്ടമായും ഒറ്റയായും എത്തുന്ന കാട്ടുപന്നികൾ കർഷകരുടെ ഉറക്കം കെടുത്തുന്നു.കിഴക്കൻ മേഖലയിൽ കമുകും ചേരി, കിഴക്കേ ഭാഗം,പുന്നല,കറവൂർ,കടയ്ക്കാമൺ തുടങ്ങി ജനവാസ മേഖലകളിലാണ് പന്നികളുടെ ശല്യം രൂക്ഷമായിട്ടുള്ളത്. മരച്ചീനി, ചേന,ചേമ്പ്,വാഴ,റബർ തുടങ്ങിയ കാർഷിക വിളകളാണ് നശിപ്പിക്കുന്നത്. മുൻപ് രാത്രി കാലങ്ങളിൽ മാത്രമായിരുന്നു പന്നിയുടെ ശല്യമെങ്കിൽ ഇപ്പോൾ പകലും പന്നി ഇറങ്ങി നാശനഷ്ടം വരുത്തുന്നു. റബറുകളും വാഴകളും കുത്തിമറിക്കുന്നു. ഒറ്റയാനായി എത്തുന്ന പന്നികളുടെ ആക്രമണത്തിൽ നിരവധി പേർക്ക് പരിക്കേറ്റിട്ടുണ്ട്.കമ്പുകൾ ഉപയോഗിച്ച് വേലി നിർമ്മിച്ചാലും വേലി തകർത്ത ശേഷം കൃഷികൾ നശിപ്പിക്കുന്നു. വലിയ ചിലവിൽ ടിൻ ഷീറ്റുകൾ ഉപയോഗിച്ച് ചുറ്റുവേലി നിർമ്മിക്കേണ്ട ഗതികേടിലാണ് കർഷകർ. പന്നികൾ പെറ്റ് പെരുകുന്നതും വനമേഖലയിൽ തീറ്റി കുറഞ്ഞതും ജനവാസമേഖലയിലേക്ക് പന്നികൾ കൂട്ടമായി എത്തുന്നതിന് കാരണമാകുന്നു.
കൊല്ലാം പക്ഷേ...
പന്നിയെ കൊല്ലാമെന്ന് വനം വകുപ്പ് ഉത്തരവ് ഇറക്കിയെങ്കിലും നിയമത്തിന്റെ നൂലാമാലകൾ ഭയന്ന് ആരും കൊല്ലാറില്ല. പന്നിയുടെയും മറ്റ് വന്യമൃഗങ്ങളുടെയും ശല്യം ഒഴിവാക്കുന്നതിന് വനം വകുപ്പ് അധികൃതർ നടപടിയെടുക്കണമെന്നാണ് നാട്ടുകാരുടെ ആവശ്യം.
കാട്ടുപന്നി നശിപ്പിക്കുന്ന വിളകളുടെ നഷ്ടപരിഹാരം ഉടൻ തന്നെ നല്കാൻ അധികൃതർ തയ്യാറാകണം.
ജി.സുരേഷ് ബാബു, കേരളകൗമുദി ഏജന്റ്
കാട്ടുമൃഗങ്ങളുടെ ശല്യം കർഷകരെ വലയ്ക്കുകയാണ്. ഈ ദ്രോഹത്തിന് നടപടി ഇല്ലെങ്കിൽ ഫോറസ്റ്റ് റെയിഞ്ച് ഓഫീസിലേക്ക് ബഹുജന മാർച്ച് സംഘടിപ്പിക്കും.
കൃഷ്ണകുമാർ , ബി.ജെ.പി പിറവന്തൂർ പഞ്ചായത് സമതി പ്രസിഡന്റ്