sooraj

 നടപടി വീഡിയോ കോൺഫറൻസിംഗിലൂടെ

കൊല്ലം: അഞ്ചൽ സ്വദേശിനി ഉത്രയുടെ സ്വത്ത് തട്ടിയെടുക്കാൻ ഭർത്താവ് സൂരജ് മൂർഖൻ പാമ്പിനെ കൊണ്ട് കടിപ്പിച്ച് കൊലപ്പെടുത്തിയ കേസിൽ വിചാരണ തുടങ്ങി. കൊല്ലം ആറാം അഡീഷണൽ സെഷൻസ് കോടതി ജഡ്ജി എം. മനോജിന്റെ മുൻപാകെയാണ് വിചാരണയുടെ പ്രാരംഭ നടപടികൾ ആരംഭിച്ചത്.

മാവേലിക്കര സബ് ജയിലിൽ കഴിയുന്ന സൂരജിനെ വീഡിയോ കോൺഫറൻസിംഗ് വഴിയാണ് ഹാജരാക്കിയത്. കേസുമായി ബന്ധപ്പെട്ട ചില രേഖകൾ ലഭിച്ചിട്ടില്ലെന്ന് പ്രതിഭാഗം അഭിഭാഷകൻ പറഞ്ഞു. കിട്ടാത്ത രേഖകളുടെ പട്ടികയും കൈമാറി. ഈ രേഖകൾ എത്രയും വേഗം കൈമാറാമെന്ന് സ്പെഷ്യൽ പ്രോസിക്യൂട്ടർ അഡ്വ. ജി. മോഹൻരാജ് പറഞ്ഞു. പ്രാരംഭ വാദത്തിനായി കേസ് 14ലേക്ക് മാറ്റി.

സൂരജ് ജാമ്യാപേക്ഷ സമർപ്പിക്കാൻ ഒരുങ്ങുന്നതായും പ്രതിഭാഗം അഭിഭാഷകൻ കോടതിയിൽ പറഞ്ഞു. വിചാരണ ആരംഭിച്ച സാഹചര്യത്തിൽ ഇനി ജാമ്യം ലഭിക്കാൻ സാദ്ധ്യതയില്ല. മുഖ്യപ്രതി സൂരജും മാപ്പുസാക്ഷി ചാവരുകാവ് സുരേഷും മാത്രമാണ് കേസിൽ ജുഡീഷ്യൽ കസ്റ്റഡിയിലുള്ളത്. സൂരജിന്റെ അച്ഛൻ, അമ്മ, സഹോദരി എന്നിവർക്കെതിരെ ഗാർഹിക പീഡനത്തിനാണ് കേസുള്ളത്. ഇവർക്ക് കൊലപാതക ഗൂഢാലോചനയിൽ പങ്കുണ്ടോയെന്ന അന്വേഷണം നടക്കുകയാണ്. അന്വേഷണ ഉദ്യോഗസ്ഥനായ കൊല്ലം റൂറൽ ക്രൈം ബ്രാഞ്ച് ഡിവൈ.എസ്.പി എ. അശോകനും ഇന്നലെ കോടതിയിൽ ഹാജരായി.

 മൊഴിയെടുത്തപ്പോഴേ ഉറപ്പിച്ചു

മൊഴിയെടുത്തപ്പോൾ തന്നെ കൃത്യത്തിന് പിന്നിൽ സൂരജ് തന്നെയെന്ന് അന്വേഷണ സംഘത്തിന് ഉറപ്പായി. ഫോൺ രേഖകൾ പരിശോധിച്ചപ്പോൾ കല്ലുവാതുക്കൽ സ്വദേശി ചാവരുകാവ് സുരേഷുമായുള്ള നിരന്തരമുള്ള വിളികൾ കണ്ടെത്തി. തുടർന്ന് ഫോൺ പരിശോധിച്ചപ്പോൾ സൂരജ് നിരന്തരം പാമ്പുകളെ കുറിച്ച് ഗൂഗിളിൽ തിരഞ്ഞതിന്റെ തെളിവുകൾ കിട്ടി. ഉടൻ ചാവരുകാവ് സുരേഷിനെ കസ്റ്റഡിയിലെടുത്തു. രണ്ട് തവണ സൂരജ് തന്റെ കൈയിൽ നിന്ന് പാമ്പിനെ വാങ്ങിയതായി സുരേഷ് വെളിപ്പെടുത്തി. എന്നിട്ടും സൂരജ് കുറ്റം സമ്മതിച്ചില്ല. തെളിവുകൾ ഒന്നൊന്നായി നിരത്തിയതോടെ സൂരജ് മുട്ടുമടക്കി കുറ്റം ഏറ്റുപറഞ്ഞു.

 സംഭവം ഇങ്ങനെ

1. മേയ് 6ന് രാത്രി അഞ്ചലിലെ ഉത്രയുടെ വീട്

2. രണ്ടാം നിലയിൽ ഉത്ര ഉറങ്ങിക്കിടക്കുന്നു ഉത്ര

3. ചാവരുകാവ് സുരേഷിൽ നിന്ന് വാങ്ങി കുപ്പിയിൽ സൂക്ഷിച്ചിരുന്ന മൂർഖൻ പാമ്പിനെ ഉത്രയുടെ ശരീരത്തിലേക്ക് ഇട്ട് കടിപ്പിച്ചു

4. മണിക്കൂറുകൾക്കുള്ളിൽ ഉത്ര മരിച്ചു

5. ആശുപത്രിയിൽ നിന്ന് മടങ്ങിയെത്തിയ സൂരജ് മൂർഖൻ പാമ്പിനെ മുറിയിൽ നിന്ന് പിടികൂടി അടിച്ചുകൊന്നു

6. ഉത്ര മരിച്ച് രണ്ടോ മൂന്നോ ദിവസം കഴിയും മുൻപ് സൂരജ് ഉത്രയുടെ വീട്ടുകാരോട് സ്വത്തുക്കളെ പറ്റി സംസാരിച്ചു

7. സ്വത്തുക്കൾ കുട്ടിയുടെ പേരിൽ എഴുതിവയ്ക്കണമെന്ന് ആവശ്യപ്പെട്ടതോടെ വീട്ടുകാർക്ക് സംശയം തോന്നി

8. ഉത്രയുടെ വീട്ടുകാർ അ‌ഞ്ചൽ സി.എെയ്ക്കും പിന്നീട് കൊല്ലം റൂറൽ എസ്.പിക്കും പരാതി നൽകി

9. എസ്.പി പിന്നീട് അന്വേഷണം ക്രൈം ബ്രാഞ്ചിന് കൈമാറി

''

ആഗസ്റ്റ് 14നാണ് കേസിന്റെ ആദ്യഘട്ട കുറ്റപത്രം കോടതിയിൽ സമർപ്പിച്ചത്. കേസിൽ 211 സാക്ഷികളാണുള്ളത്. ആയിരത്തോളം രേഖകളും ഹാജരാക്കിയിട്ടുണ്ട്.

അന്വേഷണ സംഘം