photo
മന്ത്രി കെ. രാജു

അഞ്ചൽ: മലയോര ഹൈവേ യാഥാർത്ഥ്യമാകുന്നു. ഹൈവേയുടെ നിർമ്മാണം അന്തിമ ഘട്ടത്തിലേക്ക് അടുക്കുകയാണ്. മന്ത്രി കെ. രാജുവിന്റെ സ്വപ്ന പദ്ധതികളിൽ ഒന്നാണ് കിഴക്കൻ മേഖലയുടെ വികസനത്തിന് ഊന്നൽ നൽകുന്ന മലയോര ഹൈവേ.

കല്ലിൻകടവ് മുതൽ ചല്ലിമുക്ക് വരെ

പത്തനാപുരം കല്ലിൻകടവിൽ നിന്നും ആരംഭിച്ച് പുനലൂർ, അഗസ്ത്യക്കോട്, ആല‌ഞ്ചേരി, ഏരൂർ, കുളത്തൂപ്പുഴ, മടത്തറ വഴി തിരുവനന്തപുരം ജില്ലയിലെ ചല്ലിമുക്ക് വരെയാണ് ഹൈവേ നിർമ്മിച്ചിരിക്കുന്നത്. 2017 ജൂലായിൽ നിർമ്മാണത്തിന് തുടക്കം കുറിച്ച ഹൈവേ ഈ വർഷം ജൂലായിൽ നിർമ്മാണം പൂർത്തിയാക്കാനായിരുന്നു ലക്ഷ്യമിട്ടിരുന്നത്. എന്നാൽ പ്രളയങ്ങളും കൊവിഡ് വ്യാപനവും നിർമ്മാണത്തെ മന്ദഗതിയിലാക്കി.

62 കി.മീ ദൂരം

143 കലുങ്കുകൾ

30 വെയ്റ്റിംഗ് ഷെഡുകൾ

കല്ലുൻകടവ് മുതൽ പുനലൂർ വരെ 14 കിലോമീറ്റർ ദൂരവും പുനലൂർ മുതൽ ചല്ലിമുക്ക് വരെ 48 കിലോമീറ്റർ ദൂരവും ഉൾപ്പടെ 62 കിലോമീറ്റർ ആണ് റോഡിന്റെ നീളം. കിഫ്ബി ഫണ്ടിൽ നിന്നാണ് റോഡ് നിർമ്മാണത്തിന് തുക ലഭ്യമാക്കിയത്. ഹൈവേയിൽ മാവിള കനാൽ പാലം കുളത്തൂപ്പുഴ മുപ്പതടിപ്പാലം എന്നിവയ്ക്കാണ് വീതി കൂട്ടി. കൂടാതെ 143 കലുങ്കുകൾ, 30 വെയ്റ്റിംഗ് ഷെഡുകൾ എന്നിവയും നിർമ്മാണത്തിൽ ഉൾപ്പെടുന്നു. കുരുവിക്കോണത്ത് യാത്രക്കാർക്ക് വിശ്രമിക്കാൻ വഴിയോര വിശ്രമ കേന്ദ്രവും നിർമ്മിച്ചിട്ടുണ്ട്. ബാത്ത് റൂമിന് പുറമേ അമ്മമാർക്ക് കുട്ടികൾക്ക് മുലയൂട്ടുന്നതിനുള്ള സൗകര്യവും ഇവിടെ സജ്ജമാക്കിയിട്ടുണ്ട്.

ഒന്നര മാസത്തിനകം ഹൈവേ ഉദ്ഘാടനം

മലയോര ഹൈവേ പൂർത്തീകരിക്കുന്നതോടെ ജില്ലയുടെ കിഴക്കൻ മേഖലുടെ വികസനത്തിന് കുതിപ്പുണ്ടാകും. കാലവസ്ഥ അനുകൂലമായാൽ ഒന്നര മാസത്തിനകം ഹൈവേ ഉദ്ഘാടനം ചെയ്യാനാണ് ഉദ്ദേശിക്കുന്നത്. സർക്കാരിന്റെ സാമ്പത്തിക ബുദ്ധിമുട്ടുകളെയൊക്കെ അതിജീവിച്ച് ഹൈവേ നിർമ്മാണത്തിന് ആവശ്യമായ ഫണ്ട് കിഫ്ബിയിൽ നിന്നും ലഭ്യമാക്കാൻ കഴിഞ്ഞതിൽ സന്തോഷമുണ്ട്. ടൂറിസം മേഖലയ്ക്കാണ് ഏറ്റവും കൂടുതൽ നേട്ടം ഉണ്ടാകുന്നത്. തെന്മല, പാലരുവി തുടങ്ങിയ ടൂറിസം മേഖലകളിൽ കൂടുതൽ ടൂറിസ്റ്റുകൾക്ക് എളുപ്പത്തിൽ എത്തിച്ചേരുവാൻ കഴിയും. തമിഴ് നാട്ടിൽ നിന്നും കേരളത്തിലേക്കും തിരിച്ചും ഉള്ള ചരക്ക് നീക്കത്തിന് വേഗത കൂടും. ഗതാഗത കുരുക്കായിരുന്നു കിഴക്കൻ മേഖല നേരിട്ടിരുന്ന മുഖ്യ പ്രശ്നങ്ങളിൽ ഒന്ന്. ഹൈവേ പൂർത്തീകരിക്കുന്നതോടെ ഈ പ്രശ്നത്തിനും പരിഹാരമാകും.

മന്ത്രി കെ. രാജു