ration
ration

പുനലൂർ:കിഴക്കൻ മലയോര മേഖല കേന്ദ്രീകരിച്ച് തമിഴ്നാട് റേഷൻ അരി എത്തിച്ച് പൊന്നരിയാക്കി വിപണനം നടത്തുന്ന സംഘങ്ങൾ വീണ്ടുമെത്തി. ആര്യങ്കാവ്,തെന്മല പഞ്ചായത്തുകളിലെ രഹസ്യഗോഡൗണുകൾ കേന്ദ്രീകരിച്ചാണ് വ്യജ അരി നിർമ്മാണ റാക്കറ്റുകളുടെ പ്രവർത്തനം വീണ്ടും സജീവമാകുന്നത്.തമിഴ്നാട്ടിലെ കൊവിഡ് വ്യാപനങ്ങളെ തുടർന്നാണ് താത്ക്കാലികമായി നിർത്തി വച്ചിരുന്ന തമിഴ്നാട് റേഷൻ അരി കടത്ത് വീണ്ടും സജീവമായത്.കഴിഞ്ഞ ദിവസം തമിഴ്നാട്ടിൽ നിന്നും പച്ചക്കറി കയറ്റിയെത്തിയ പിക്കപ്പ് വാനിൽ ഒളിപ്പിച്ച് കടത്താൻ ശ്രമിച്ച ഒന്നര ടൺ തമിഴ്നാട് റേഷൻ അരിയുമായി വാൻ ഡ്രൈവർ ഉൾപ്പടെ രണ്ട് പേരെ പുളിയറ പൊലിസ് ചെക്ക്പോസ്റ്റിൽ പിടി കൂടിയിരുന്നു.

റേഷൻ അരി പൊന്നരിയാക്കുന്ന വിദ്യ

കഴിഞ്ഞ 20 വർഷമായി തുടർന്ന് വരുന്ന തമിഴ്നാട് റേഷൻ അരി കടത്താണ് വീണ്ടും സജീവമായത്.തമിഴ്നാട്ടിലെ കാർഡ് ഉടമകൾക്ക് സൗജന്യമായി ലഭിക്കുന്ന റേഷൻ അരിക്ക് ഒരു കിലോക്ക് മൂന്ന് രൂപ വിതം നൽകിയാണ് കേരളത്തിലേക്ക് അനധികൃതമായി കടത്തുന്നത്.തമിഴ്നാട് അതിർത്തിയിലെ രണ്ട് പഞ്ചായത്തുകളിലെയും രഹസ്യഗോഡൗണുകളിൽ എത്തിക്കുന്ന റേഷൻ അരി രാസ പദാർത്ഥങ്ങൾ ചേർത്തു ചവിട്ട് കുഴച്ച് പൊന്ന് അരിയാക്കി മാറ്റും.പിന്നീട് മുന്തിയ ഇനം അരികളുടെ പാക്കറ്റുകളിൽ നിറച്ച് കിലോക്ക് 45രൂപക്ക് വരെ വിപണികളിൽ വിറ്റഴിക്കുമെന്നാണ് പറയുന്നത്.ഇതിൽ ഏറെയും കൊല്ലം, പത്തനംതിട്ട,തിരുവന്തപുരം, ആലപ്പുഴ ജില്ലകളിലാണ് വിറ്റഴിക്കുന്നത്. പ്രത്യേക ഇടനിലക്കാർ വഴിയാണ് വ്യാജ അരികടത്തും,വിപണനവും നടത്തുന്നത്.ആര്യങ്കാവ്,തെന്മല പഞ്ചായത്തുകളിലെ രഹസ്യഗോഡൗണുകളിൽ സൂക്ഷിച്ചിരുന്ന ടൺ കണക്കിന് തമിഴ്നാട് റേഷൻ അരി പൊലിസുംസിവിൽ സപ്ലൈ ഉദ്യോഗസ്ഥരും ചേർന്ന് കൊവിഡ് വ്യാപനങ്ങൾക്ക് മുമ്പ് പിടികൂടിയിരുന്നു.ഇപ്പോൾ പരിശോധനകൾ നിർത്തി വച്ചതോടെ വീണ്ടും തമിഴ്നാട് റേഷൻ അരി കടത്തും വ്യാജ അരി നിർമ്മാണവും വ്യാപകമായി മാറുകയാണ്.

സൗജന്യറേഷൻ 1 കിലോ അരിയ്ക്ക് 3 രൂപ പാക്കറ്റുകളിലാക്കി 45 രൂപയ്ക്ക്