 
തൊടിയൂർ: കൊവിഡ് ബാധിതരുടെ എണ്ണം ദിനംപ്രതി വർദ്ധിക്കുകയും പോസിറ്റീവാകുന്നവരെ ചികിത്സാ കേന്ദ്രങ്ങളിൽ പ്രവേശിപ്പിക്കുവാൻ ബുദ്ധിമുട്ടനുഭവപ്പെടുകയും ചെയ്യുന്ന സാഹചര്യത്തിൽ നടപ്പാക്കിയ ഗൃഹചികിത്സാപദ്ധതിതൊടിയൂർപഞ്ചായത്തിൽ വിജയകരമായി മുന്നേറുന്നു. പി .എച്ച് .സി മെഡിക്കൽ ഓഫീസർ ഡോ. ഷെറിന്റെ മേൽനോട്ടത്തിൽ 58 പേർക്ക് ഇതിനകം വീടുകളിൽ ചികിത്സ നൽകി.ഇതിൽ 25 പേർ കഴിഞ്ഞ രണ്ടു ദിവസങ്ങളിലായി രോഗമുക്തി നേടി. കിടപ്പിലായ 82 കാരിയും 72 കാരിയും ഒന്നര വയസുള്ള പെൺകുട്ടിയും ഈ പട്ടികയിലുണ്ട്. ദിവസവും മൂന്നു പ്രാവശ്യം വീഡിയോ കോൾ വഴി ഡോക്ടർ രോഗികളെ നിരീക്ഷിക്കുകയും ആവശ്യമായ നിർദ്ദേശങ്ങൾ നൽകുകയും ചെയ്യും. മരുന്നുകൾ വീട്ടിൽ എത്തിച്ചു കൊടുക്കും.
ഇന്നലത്തെ പരിശോധനയിൽ പോസിറ്റീവായ 21 പേരിൽ 19 പേരേയും ഗൃഹചികിത്സയിലാക്കി. ഹെൽത്ത് ഇൻസ്പെക്ടർ ,ജൂനിയർ ഹെൽത്ത് ഇൻസ്പെക്ടർമാർ, ജൂനിയർ പബ്ലിക് ഹെൽത്ത് നഴ്സുമാർ ,ആശാ പ്രവർത്തകർ തുടങ്ങിയവർ ഗൃഹചികിത്സാ പദ്ധതിയിൽ ഡോക്ടർക്കൊപ്പം പങ്ക് ചേരുന്നു.