photo

കൊല്ലം: കൊട്ടാരക്കര തലച്ചിറയിൽ വീട് കത്തിയ്ക്കാൻ ശ്രമിച്ച കേസിൽ അന്വേഷണം വഴിത്തിരുവിൽ, പൂനെയിൽ സ്ഥിരതാമസക്കാരായ ചങ്ങനാശേരി സ്വദേശികളെ പ്രതിചേർക്കാൻ അന്വേഷണ സംഘം തീരുമാനിച്ചു. ഇവരെ ഉടൻ അറസ്റ്റ് ചെയ്തേക്കും. കേസിൽ പത്തനാപുരം കുന്നിക്കോട് പനമ്പറ്റ ആവണീശ്വരം വൈദ്യഗിരി എസ്റ്റേറ്റിൽ ലൈജു മാത്യുവിനെ (41) നേരത്തെ അറസ്റ്റ് ചെയ്തിരുന്നു. ഇയാളെ ചോദ്യം ചെയ്തതിൽ നിന്നും പൂനെ ബന്ധം പൊലീസിന് ബോദ്ധ്യപ്പെട്ടിട്ടുണ്ട്. മൊബൈൽ ഫോൺ കാളുകളുടെ വിവരങ്ങൾ അന്വേഷണ സംഘം ശേഖരിച്ചതിൽ നിന്നും ഇക്കാര്യത്തിൽ കൂടുതൽ സ്ഥിരീകരണം വന്നിട്ടുണ്ട്. പൂനെയിലെ വ്യവസായിയായ കൊട്ടാരക്കര തലച്ചിറ കൃപയിൽ ജോസ് മാത്യു (രാജു)വിന്റെ വീടാണ് സെപ്തംബർ 13ന് രാത്രി കത്തിയ്ക്കാൻ ശ്രമിച്ചത്. പെട്രോൾ കന്നാസുമായി ബൊലെറോ കാറിലെത്തിയ ലൈജു മാത്യു വീടിന്റെ സിറ്റൗട്ട് ലക്ഷ്യമാക്കി അത് വലിച്ചെറിയുകയായിരുന്നു. തൊട്ടുപിന്നാലെ കത്തിച്ച പന്തവുമെറിഞ്ഞെങ്കിലും പന്തം വീണത് കാർപ്പോർച്ചിലാണ്. ശബ്ദംകേട്ട് അയൽക്കാർ ഓടിക്കൂടിയതോടെ ലൈജു മാത്യു കാർ വിട്ടുപോയി. അയൽക്കാർ തീ കെടുത്തുകയും പൊലീസിനെ വരുത്തുകയും ചെയ്തു. തുടർന്ന് വിവിധ ഇടങ്ങളിലെ സി.സി.ടി.വി കാമറ പരിശോധിച്ചാണ് വീട് കത്തിയ്ക്കാൻ വന്ന ലൈജു മാത്യുവിനെ കണ്ടെത്തിയതും അറസ്റ്റ് ചെയ്തതും. എന്നാൽ നാളിതുവരെ ജോസ് മാത്യുവിനെ കണ്ടിട്ടുപോലുമില്ലാത്ത ലൈജു മാത്യു വീട് കത്തിയ്ക്കാൻ എത്തിയതെന്തിനെന്ന ചോദ്യത്തിന് ഉത്തരം തേടിയപ്പോഴാണ് പൂനെ ബന്ധം വെളിവായത്. ചങ്ങനാശേരിക്കാരന്റെ ഭാര്യ പത്തനാപുരത്തുകാരിയാണ്. ലൈജുമാത്യുവുമായി അടുത്ത സഹകരണമുണ്ടെന്ന് ഫോൺ രേഖകളിൽ നിന്നും പൊലീസിന് ബോദ്ധ്യം വന്നിട്ടുമുണ്ട്. ഇതിന്റെ അടിസ്ഥാനത്തിൽ നടത്തിയ വിശദമായ അന്വേഷണത്തിലാണ് ജോസ് മാത്യുവിന്റെ പൂനെയിലെ ശത്രുക്കളുടെ വിവരങ്ങൾ അന്വേഷണ സംഘം കണ്ടെത്തിയത്.

കത്തിയ്ക്കാൻ വന്ന വഴി

പെൺസുഹൃത്ത് നൽകിയ നിർദ്ദേശപ്രകാരമാണ് ലൈജു മാത്യു തലച്ചിറയിലെ വീടുകത്തിയ്ക്കാൻ സെപ്തംബർ 13ന് സന്ധ്യ പിന്നിട്ടപ്പോൾ ഇറങ്ങിയതെന്നാണ് പൊലീസ് നൽകുന്ന വിവരങ്ങൾ. ബൊലെറോ കാറുമായി വീട്ടിൽ നിന്നിറങ്ങി സൂപ്പർമാർക്കറ്റിൽ നിന്നും കന്നാസ് വാങ്ങി, സമീപത്തെ പമ്പിൽ നിന്നും പെട്രോളും വാങ്ങി. ബൊലെറോ നേരെ വെട്ടിക്കവല വഴി തലച്ചിറയിലെ ജോസ് മാത്യുവിന്റെ വീട് ലക്ഷ്യമാക്കി പുറപ്പെട്ടു. സമയം രാത്രി 10.10. ജോസ് മാത്യുവിന്റെ വീടിന് മുന്നിൽ കാർ നിർത്തി കന്നാസുമായി പുറത്തേക്കിറങ്ങിയ ലൈജു മാത്യു ലക്ഷ്യ സ്ഥാനം കണക്കുകൂട്ടി. വീടിന്റെ മുൻവശം തടികൊണ്ടുള്ള പാനലിംഗാണ്. തീ പടർന്നാൽ വീട് മുഴുവൻ കത്തുമെന്ന് ഉറപ്പാണ്. പെട്രോൾ കന്നാസ് വീടിന്റെ സിറ്റൗട്ടിലേക്ക് എറിഞ്ഞു. അപ്പോൾ കാറിന് പിന്നിൽ മറ്റൊരു കാർ വന്ന് ഹോൺ അടിച്ചതിനാൽ വീണ്ടും തന്റെ കാറിൽ കയറി സൈഡിലേക്ക് ഒതുക്കിയിട്ടശേഷം കരുതിയിരുന്ന പന്തവുമായി പുറത്തേക്കിറങ്ങി, അത് കത്തിച്ച് വീടിന് നേർക്കെറിഞ്ഞു. ലക്ഷ്യം തെറ്റി കാർ പോർച്ചിലിലാണ് പന്തം വീണത്.

ശബ്ദം കേട്ട് അയൽ വീട്ടുകാർ പുറത്തേക്കിറങ്ങിയെന്ന് ബോദ്ധ്യമായതോടെ ലൈജു കാറുമായി സ്ഥലം വിട്ടു. പന്തം കത്തിയതിന്റെ പുക കണ്ട് അയൽക്കാർ ഓടിയെത്തിയതിനാൽ പെട്രോളിലേക്ക് തീ പടരുംമുൻപെ കെടുത്താനായി. വാളകത്ത് നിന്നും കൊട്ടാരക്കര നിന്നും പൊലീസ് പാഞ്ഞെത്തി. ബൊലെറോ കാറാണ് വന്നുപോയതെന്ന് ബോദ്ധ്യപ്പെട്ടതോടെ പൊലീസ് അതിന്റെ ഉടമയായ ലൈജു മാത്യുവിലേക്ക് എത്തുകയായിരുന്നു.

വീണ്ടും പരാതി നൽകി

വീട് കത്തിയ്ക്കാൻ ശ്രമം നടന്നതോടെ വീട്ടുടമ ജോസ് മാത്യു പൂനെയിൽ നിന്നും തലച്ചിറയിലെത്തി. ക്വാറന്റെയ്ൻ പൂർത്തിയാക്കിയ ശേഷം റൂറൽ എസ്.പി ഹരിശങ്കറിന് പരാതി നൽകി. പൂനെയിൽ വച്ചുതന്നെ മുഖ്യമന്ത്രിയ്ക്കും റൂറൽ എസ്.പിയ്ക്കും പരാതികൾ ഇമെയിൽ ചെയ്തിരുന്നു. പൂനെയിൽ താനുമായി ഏറ്റവും അടുത്ത ബന്ധമുണ്ടായിരുന്ന കുടുംബവുമായി അടുത്തിടെ ഉണ്ടായ തർക്കത്തിന്റെ പേരിലാണ് ഇവിടെ വീട് കത്തിയ്ക്കാൻ ശ്രമം നടന്നതെന്ന് പരാതികളിൽ വ്യക്തമാക്കിയിരുന്നു. തനിക്ക് വധഭീഷണി ഉണ്ടെന്നും സംരക്ഷണം വേണമെന്നും ആവശ്യപ്പെട്ടിട്ടുണ്ട്.