
 കൊല്ലത്ത് ക്യാമ്പ് ചെയ്‌ത് നേതൃത്വം
കൊല്ലം: തദ്ദേശ സ്വയം ഭരണ തിരഞ്ഞെടുപ്പിൽ ജില്ലയിൽ ബി.ജെ.പി ലക്ഷ്യമിടുന്നത് താമരപ്പാടമാണ്. നിലവിൽ 88 അംഗങ്ങളാണ് കൊല്ലം കോർപ്പറേഷൻ ഉൾപ്പെടെ തദ്ദേശ സ്ഥാപനങ്ങളിൽ ബി.ജെ.പിക്ക് ഉള്ളത്. പുനലൂർ മുനിസിപ്പാലിറ്റിയിലും 11 ബ്ലോക്ക് പഞ്ചായത്തുകളിലും കൊല്ലം ജില്ലാ പഞ്ചായത്തിലും ബി.ജെ.പിക്ക് പ്രാതിനിദ്ധ്യമില്ല.
തിരഞ്ഞെടുപ്പ് വിജയം ലക്ഷ്യമിട്ട് മാസങ്ങൾക്ക് മുന്നെ പ്രവർത്തനം തുടങ്ങിയ ബി.ജെ.പി വാർഡുകളെ എ, ബി, സി, ഡി എന്നിങ്ങനെ നാല് കാറ്റഗറികളാക്കി തിരിച്ചാണ് പ്രവർത്തനങ്ങൾ ഏകോപിപ്പിക്കുന്നത്. സിറ്റിംഗ് സീറ്റുകളാണ് എ കാറ്റഗറിയിൽ. ഉറപ്പായും വിജയിക്കുന്ന സീറ്റുകളെ ബി കാറ്റഗറിയിലും വിജയ പ്രതീക്ഷയുള്ള സീറ്റുകളെ സി കാറ്റഗറിയിലും ഉൾപ്പെടുത്തി. സാദ്ധ്യത തീരെയില്ലാത്ത സീറ്റുകളാണ് ഡി കാറ്റഗറിയിൽ.
കൊല്ലം ജില്ലാ പഞ്ചായത്തിലെ 26 ഡിവിഷനുകളിൽ ഏഴെണ്ണത്തെ ബി കാറ്റഗറിയിൽ ഉൾപ്പെടുത്തി. ശക്തമായ മത്സരത്തിലൂടെ ഏഴിടത്തും വിജയിക്കുമെന്ന് അവർ ഉറപ്പിക്കുന്നു.
ഏഴ് ജില്ലാ പഞ്ചായത്ത് ഡിവിഷനുകൾക്ക് പുറമെ ഇത്തിക്കര, വെട്ടിക്കവല ബ്ലോക്ക് പഞ്ചായത്തുകളിലും ഭരണം പിടിക്കാനാകുമെന്നാണ് ബി.ജെ.പിയുടെ കണക്ക് കൂട്ടൽ. കഴിഞ്ഞ തിരഞ്ഞെടുപ്പിൽ യു.ഡി.എഫിനെ പിന്തള്ളി പ്രധാന പ്രതിപക്ഷമായി മാറിയ പഞ്ചായത്തുകളടക്കം 20 പഞ്ചായത്തുകളിൽ ഭരണത്തിലെത്തുമെന്നാണ് ബി.ജെ.പി പ്രതീക്ഷ.
 കൊല്ലം കോർപ്പറേഷനിൽ 17 എ കാറ്റഗറി
കൊല്ലം കോർപ്പറേഷനിൽ നിലവിൽ രണ്ട് കൗൺസിലർമാരാണ് ബി.ജെ.പിക്ക്. ഇത്തവണ 55 ഡിവിഷനുകളിലെ 24 ഇടത്താണ് പാർട്ടി വിജയ പ്രതീക്ഷയോടെ പ്രവർത്തനങ്ങൾ ഏകോപിപ്പിക്കുന്നത്. ഇതിൽ 17 ഡിവിഷനുകളെ ഉറപ്പായും വിജയിക്കാവുന്ന എ കാറ്റഗറിയിൽ ഉൾപ്പെടുത്തി. സംസ്ഥാന ജനറൽ സെക്രട്ടറി പി. സുധീറിനാണ് കോർപ്പറേഷന്റെ തിരഞ്ഞെടുപ്പ് ചുമതല. സുധീർ കൊല്ലത്ത് ക്യാമ്പ് ചെയ്‌താണ് പ്രവർത്തനങ്ങൾ നടത്തുന്നത്. ജില്ലാ പ്രസിഡന്റ് ബി.ബി. ഗോപകുമാറാണ് നഗരസഭ പിടിക്കാനുള്ള പ്രവർത്തനങ്ങൾ ഏകോപിപ്പിക്കുന്നത്. കോർപ്പറേഷൻ ഭരണത്തിനെതിരെ തുടർച്ചയായി ബി.ജെ.പി നടത്തുന്ന സമരങ്ങൾ നേട്ടമാകുമെന്നാണ് വിലയിരുത്തൽ. കരുനാഗപ്പള്ളി, പരവൂർ, പുനലൂർ, കൊട്ടാരക്കര നഗരസഭകളിലും കൂടുതൽ മുന്നേറ്റം ബി.ജെ.പി പ്രതീക്ഷിക്കുന്നു.
 തിരഞ്ഞെടുപ്പ് പ്രവർത്തനങ്ങൾ
1. ജില്ലയിൽ 73,000 പുതിയ വോട്ടർമാരെ വോട്ടർ പട്ടികയിൽ ചേർത്തെന്ന് ബി.ജെ.പി
2. ഭരണം പിടിക്കണമെന്ന സംഘടിത വികാരത്തോടെ താഴെത്തട്ടിൽ പ്രവർത്തനങ്ങൾ ഏകോപിപ്പിച്ചു
3. ബി.ജെ.പി നടത്താൻ ഉദ്ദേശിക്കുന്ന വികസനം, ഇടപെടലുകൾ എന്നിവ വ്യക്തമാക്കി പ്രകടന പത്രിക
4. വിവരാവകാശ മറുപടികളിലൂടെ ലഭിച്ച രേഖകൾ ഉൾപ്പെടുത്തി ഓരോ തദ്ദേശ സ്ഥാപനങ്ങൾക്കുമെതിരെ കുറ്റപത്രം തയ്യാറാക്കും
5. ഓരോ വാർഡുകളിലും തിരഞ്ഞെടുപ്പ് പ്രവർത്തനം ഏകോപിപ്പിക്കാൻ ആർ.എസ്.എസും ചുമതലക്കാരെ നിശ്ചയിച്ചു
6. ബി.ജെ.പിയുടെ വിജയത്തിനായി ആർ.എസ്.എസ് പ്രവർത്തകരും സജീവ പ്രചാരണം
 ഭരണം ലക്ഷ്യമിടുന്നത്
പഞ്ചായത്തുകൾ: 20
ബ്ലോക്ക് പഞ്ചായത്തുകൾ: 2
 നിലവിൽ ആകെ അംഗങ്ങൾ: 88