
കൊല്ലം: മുറിച്ചുവെച്ച തേങ്ങയുടെ ചിത്രം കണ്ട് ശുദ്ധമായ വെളിച്ചെണ്ണയെന്ന് കരുതി വാങ്ങി ഉപയോഗിച്ചാൽ കാത്തിരിക്കുന്നത് മാറാരോഗമായിരിക്കും. പായ്ക്കറ്റ് വെളിച്ചെണ്ണയിൽ വലിയൊരു ശതമാനവും വ്യാജന്മാരാണ്.
മലയാളിയുടെ തേച്ചുകുളിയിലും ഭക്ഷണശീലങ്ങളിലും ആയുർവേദ ചികിത്സയിലും വരെ പകരം വയ്ക്കാനാവാത്ത ഉത്പന്നമാണ് വെളിച്ചെണ്ണ. എന്നാലിന്ന് മരണം പതിയിരിക്കുന്ന ആഹാര സാധനങ്ങളിൽ മുൻനിരയിലാണ് വെളിച്ചെണ്ണയുടെ സ്ഥാനം.
പായ്ക്കറ്റിൽ തേങ്ങയുടെ ചിത്രമുണ്ടെങ്കിലും 'എഡിബിൾ വെജിറ്റബിൾ ഓയിൽ’ എന്നായിരിക്കും ചെറിയ അക്ഷരത്തിൽ എഴുതിയിരിക്കുക. അതായത് 80 ശതമാനം പാം ഓയിലും 20 ശതമാനം വെളിച്ചെണ്ണയും ചേർന്ന മിശ്രിതമെന്ന് അർത്ഥം. വെളിച്ചെണ്ണ എന്നപേരിൽ ഇത്തരം എണ്ണപ്പായ്ക്കറ്റുകൾ കടക്കാർ വിൽക്കാൻ പാടില്ലാത്തതാണ്. ഉപഭോക്താക്കൾ പായ്ക്കറ്റ് ശ്രദ്ധിച്ചുവായിച്ച് ’കോക്കനട്ട് ഓയിൽ’ എന്ന് എഴുതിയതുമാത്രം വാങ്ങിയാൽ തട്ടിപ്പിൽ വീഴാതെ രക്ഷപ്പെടാം.
വിവിധ ബ്രാൻഡുകളുടെ പേരിൽ വ്യാജ വെളിച്ചെണ്ണ നിർമ്മിച്ച് വിതരണം ചെയ്യുന്ന ഏജൻസികൾ കേരളത്തിലുണ്ട്. തമിഴ്നാട്ടിൽ നിന്നെത്തിക്കുന്ന എണ്ണയിൽ മായം കലർത്തി വിവിധ ബ്രാൻഡുകളുടെ പേരിൽ കവറിലാക്കിയാണ് വിൽപ്പന. ഓണക്കാലത്തും അല്ലാത്തപ്പോഴും ഇത്തരം വെളിച്ചെണ്ണകൾ ഭക്ഷ്യസുരക്ഷാ വകുപ്പ് വൻതോതിൽ പിടിച്ചെടുക്കുകയും നിരോധിക്കുകയും ചെയ്തിട്ടുണ്ട്. ഈ സമയങ്ങളിലെല്ലാം ഇതേ വെളിച്ചെണ്ണ തന്നെ പുതിയ പേരുകളിൽ പുറത്തിറക്കി ലാഭം കൊയ്യുകയാണ് വ്യാജന്മാർ.
'ഒറിജിനലാക്കും' കൊപ്രാ ചിപ്സ്
പാം ഓയിൽ, ആർജിമോൺ ഓയിൽ, നിലക്കടല എണ്ണ, പരുത്തിക്കുരു എണ്ണ തുടങ്ങി കുറഞ്ഞവിലയും ഗുണനിലവാരമില്ലാത്തതുമായ എണ്ണകളുടെ മിശ്രിതങ്ങളാണ് വെളിച്ചെണ്ണയെന്ന പേരിൽ വിപണിയിലെത്തിക്കുന്നത്. റിഫൈൻഡ് ഓയിലിലേക്ക് കൊപ്രാ ചിപ്സ് ചേർത്ത് ഇളക്കുകയോ 20 ശതമാനം നല്ല വെളിച്ചെണ്ണ കലർത്തുകയോ ചെയ്താൽ യഥാർത്ഥ വെളിച്ചെണ്ണയുടെ മണവും നിറവും ലഭിക്കും.
ലാഭവഴിയിലെ വ്യാജന്മാർ
1. ഭക്ഷ്യസുരക്ഷാനിയമം നിലവിൽ വന്നശേഷം പരിശോധനകൾ വ്യാപകമാകുന്നതനുസരിച്ച് വ്യാജൻമാരെ പിടികൂടാറുണ്ടെങ്കിലും പൂട്ട് പൊളിച്ച് ഇവർ വീണ്ടും വിപണി കൈയടക്കും
2. വെളിച്ചെണ്ണയുടെ നാലിലൊന്ന് വിലപോലുമില്ലാത്ത എണ്ണകളിൽ മായം ചേർത്ത് വിൽക്കുമ്പോഴുണ്ടാകുന്ന കൊള്ളലാഭമാണ് കള്ളക്കച്ചവടക്കാർ പിന്തിരിയാതിരിക്കാൻ കാരണം
3. സംസ്ഥാനത്ത് നൂറ് കണക്കിന് വ്യാജ വെളിച്ചെണ്ണ ബ്രാൻഡുകൾ പിടിച്ചെടുത്തിട്ടുണ്ട്
4. ഇത്തരം എണ്ണകൾ നിരോധിച്ചിട്ടുണ്ടെങ്കിലും ഭക്ഷ്യസുരക്ഷാനിയമത്തിലെ സെക്ഷൻ 51 പ്രകാരം പരമാവധി അഞ്ചുലക്ഷം രൂപ വരെ പിഴ ചുമത്തലാണ് നിലവിലെ ശിക്ഷ
5. വ്യാജവെളിച്ചെണ്ണ വിൽപ്പനയിലൂടെ കോടികളുടെ ലാഭമുണ്ടാക്കുന്ന കമ്പനികൾക്ക് ഈ പിഴ വലിയ ശിക്ഷയല്ല
മായം കണ്ടെത്താം
ഒരു കുപ്പി ഗ്ളാസിൽ ഒന്നോ രണ്ടോ ഔൺസ് വെളിച്ചെണ്ണ ഒഴിച്ച് തുടർച്ചയായി ഒന്നോ രണ്ടോ മണിക്കൂർ ഫ്രിഡ്ജിൽ വയ്ക്കുക (ഫ്രീസറിൽ വയ്ക്കരുത്). ശുദ്ധമായ വെളിച്ചെണ്ണ പൂർണമായും കട്ട പിടിക്കും. നിലവാരമില്ലാത്തതോ മറ്റ് എണ്ണകൾ മിക്സ് ചെയ്തതോ ആണെങ്കിൽ എണ്ണ പൂർണമായും കട്ട പിടിക്കില്ല. മുകളിൽ നേരിയ പാടപോലെ ഉറയ്ക്കാതെ കിടക്കും.
''
വെളിച്ചെണ്ണ വിപണിയിൽ വ്യാജൻ വാഴുന്നത് തടയാൻ ഉത്പാദകർ തങ്ങളുടെ ബ്രാൻഡുകൾ ജില്ലാ ഭക്ഷ്യസുരക്ഷാ ഓഫീസിൽ രജിസ്റ്റർ ചെയ്യണം. രജിസ്റ്റർ ചെയ്യുന്ന കമ്പനികൾക്ക് ഒരു ബ്രാൻഡേ വിപണിയിലിറക്കാൻ കഴിയൂ. മായം കലർന്നതായി കണ്ടെത്തിയാൽ ഈ ബ്രാൻഡിന്റെ വിൽപ്പന നിരോധിക്കും. രജിസ്ട്രേഷൻ പൂർത്തിയാകുന്നതോടെ വെളിച്ചെണ്ണയിലെ മറിമായം അവസാനിപ്പിക്കാനാകും.
ഭക്ഷ്യസുരക്ഷാ വകുപ്പ്