 
കൊല്ലം: കിളികൊല്ലൂർ, അയത്തിൽ മേഖലകളിലെ കുടിവെള്ള ക്ഷാമത്തിന് പരിഹാരമായി പുതിയ വാട്ടർ ടാങ്ക് സ്ഥാപിച്ചു. കിളികൊല്ലൂർ മംഗലത്ത് ലക്ഷം വീട് കോളനിയിലാണ് ഒരുലക്ഷം ലിറ്റർ സഭരണ ശേഷിയുള്ള ടാങ്ക് സ്ഥാപിച്ചത്. 37.5 ലക്ഷം രൂപയാണ് നിർമ്മാണ ചെലവ്.
കിളികൊല്ലൂരിലെ മൂന്ന് കുഴൽക്കിണറുകളിൽ നിന്നുള്ള ജലം ടാങ്കിൽ സംഭരിച്ച ശേഷമാകും വിതരണം ചെയ്യുക. നേരത്തെ കുഴൽക്കിണറുകളിൽ നിന്ന് നേരിട്ട് പൈപ്പ് ലൈനുകളിലേക്കാണ് ജലം വിതരണം ചെയ്തിരുന്നത്.
മേയർ ഹണി ബഞ്ചമിൻ ടാങ്ക് ഉദ്ഘാടനം ചെയ്തു. ഡെപ്യൂട്ടി മേയർ ഗീതാകുമാരി, സ്ഥിരം സമിതി അദ്ധ്യക്ഷരായ ചിന്ത എൽ. സജിത്ത്, ഷീബ ആന്റണി, ഡിവിഷൻ കൗൺസിലർ ലൈലാകുമാരി എന്നിവരും പങ്കെടുത്തു. അഞ്ച് ലക്ഷം രൂപ ചെലവിൽ സമീപത്ത് നിർമ്മാണം പൂർത്തിയാക്കിയ 50 പേർക്ക് ഇരിക്കാവുന്ന കമ്മ്യൂണിറ്റി ഹാളും മേയർ ഉദ്ഘാടനം ചെയ്തു.