lorry

 പാറകടത്തിൽ ഗുരുതര ക്രമക്കേടുകൾ

കൊല്ലം: ക്വാറികളിൽ നിന്ന് പെർമിറ്റ് അളവിനേക്കാൾ കൂടുതൽ പാറ മൈനിംഗ് ആൻഡ് ജിയോളജി വകുപ്പിന്റെ മൗനാനുമതിയോടെ കടത്തുന്നുവെന്ന പരാതിയിൽ വിജിലൻസ് നടത്തിയ മിന്നൽ പരിശോധനയിൽ കണ്ടെത്തിയത് ഗുരുതര ക്രമക്കേടുകൾ. ഇന്നലെ പുലർച്ചെ 6ന് ഇട്ടിവ, കൂരിയോട്, പരുത്തിയറ, പട്ടാഴി, പൂയപ്പള്ളി എന്നിവിടങ്ങളിൽ നടത്തിയ പരിശോധനയിൽ 21 ലോറികൾ പിടിച്ചെടുത്തു. കൊല്ലം യൂണിറ്റ് ഡിവൈ.എസ്.പി കെ. അശോക് കുമാറിന്റെ നേതൃത്വത്തിലായിരുന്നു ഓപ്പറേഷൻ സ്റ്റോൺ വാൾ എന്ന പേരിൽ പരിശോധന നടത്തിയത്.

ക്വാറികളിൽ നിന്ന് പുറത്തുവരുന്ന വാഹനങ്ങളിലെ പാറയുടെ ഭാരം, ഇ പാസ്, ആർ.സി ബുക്ക് തുടങ്ങിയവയാണ് പ്രധാനമായും പരിശോധിച്ചത്. രേഖകൾ ഇല്ലാതെ അമിത ഭാരം കയറ്റി വന്ന വാഹനങ്ങളാണ് പിടിച്ചെടുത്തവയെല്ലാം. അഞ്ച് വാഹനങ്ങൾക്കെതിരെ പൂയപ്പള്ളി, ചടയമംഗലം പൊലീസ് സ്റ്റേഷനുകളിൽ കേസുകൾ രജിസ്റ്റർ ചെയ്യാൻ വിജിലൻസ് റിപ്പോർട്ട് നൽകി.

അളവിൽ കൂടുതൽ പാറ കയറ്റി വന്ന വാഹനങ്ങളിൽ നിന്ന് മോട്ടോർ വാഹന വകുപ്പ് മുഖേനെ 4.12 ലക്ഷം രൂപ പിഴ ഈടാക്കി. പരിശോധനയിൽ പൊലീസ് ഇൻസ്‌പെക്ടർമാരായ എസ്. സാനി, വി.പി. സുധീഷ്, ബി.രാജീവ്, എൻ.രാജേഷ്, ഇ. അബ്ദുൽ റഹ്മാൻ എന്നിവരും പങ്കെടുത്തു.

 വിജിലൻസിന് ലഭിച്ച രഹസ്യ വിവരങ്ങൾ

1. നിയമ ലംഘനത്തിന് മൈനിംഗ് ആൻഡ് ജിയോളജി വകുപ്പ് ഉദ്യോഗസ്ഥരുടെ മൗനാനുവാദം

2. കരിങ്കൽ ക്വാറികളിൽ നിന്നും ക്രഷറുകളിൽ നിന്നും പെർമിറ്റ് അളവിന്റെ മൂന്നിരട്ടി ഭാരം വാഹനത്തിൽ കയറ്റുന്നു

3.അധികമായി കയറ്റുന്ന ലോഡിന് വാഹനങ്ങളിൽ നിന്ന് ക്വാറി ഉടമകൾ റോയൽറ്റി ഈടാക്കുന്നു

4. നിയമ ലംഘനങ്ങൾ വഴി സർക്കാരിന് കോടികളുടെ നഷ്ടം

 പിഴ ഈടാക്കിയത്: 4.12 ലക്ഷം

 പിടിച്ചെടുത്ത വാഹനങ്ങൾ: 21

''

നിയമ ലംഘകരെ കണ്ടെത്താൻ വരും ദിവസങ്ങളിലും പരിശോധന നടത്തും.

കെ. അശോക് കുമാർ

ഡിവൈ.എസ്.പി, വിജിലൻസ് യൂണിറ്റ്