mazha

 നെഞ്ചിടിപ്പോടെ കർഷക‌ർ

കൊല്ലം: കാലാവസ്ഥാ വ്യതിയാനം കാർഷിക മേഖലയിൽ പ്രത്യാഘാതങ്ങൾക്ക് ഇടയാക്കിയിരിക്കെ തുലാവർഷം (വടക്ക്കിഴക്ക് മൺസൂൺ)​ ചതിക്കുമോയെന്ന ആശങ്കയിലാണ് കർഷകർ. മഴയെ ആശ്രയിച്ചുള്ള കാർഷിക കലണ്ടർ പ്രകാരമാണ് കൃഷി ആസൂത്രണം ചെയ്തിരിക്കുന്നത്. ഒക്ടോബർ മദ്ധ്യത്തോടെയാണ് സംസ്ഥാനത്ത് തുലാവർഷം ആരംഭിക്കുന്നത്.

ജില്ലയിൽ രണ്ടാം വിള നെൽകൃഷിയുടെ തുടക്കം തുലാമാസത്തിലാണ്.‌ പാടങ്ങളോട് ചേർന്ന് ഞാറ്റടികളിൽ നെൽഞാറുകൾ നടീലിന് പാകമായിക്കൊണ്ടിരിക്കുകയാണ്. കന്നിവെയിലിൽ പാടം വരണ്ടുണങ്ങും മുൻപേ മകരക്കൊയ്ത്തിനുള്ള നടീൽ തുടങ്ങും. നാലരമാസം കൊണ്ട് വിളവെത്തുന്ന ഉമയാണ് മിക്ക പാടങ്ങളിലും നടുന്നത്. കന്നിമാസത്തെ കത്തുന്ന ചൂടിൽ കാഞ്ഞ് നിൽക്കുന്ന ഞാറുകൾ തുലാമഴയിലാണ് ഞെടുപ്പുപൊട്ടി തഴയ്ക്കുന്നത്.

തെങ്ങുകൾക്ക് രണ്ടാംഘട്ട വളമിടീലിന് തുടക്കം കുറിക്കുന്നതും തുലാമഴ മുന്നിൽകണ്ടാണ്. മണ്ണ്നീക്കി തടങ്ങളിൽ കുമ്മായം വിതറലാണ് ആദ്യഘട്ടം. തുലാമഴയിൽ കുമ്മായം മണ്ണിൽ ലയിച്ചു കഴിഞ്ഞാലുടൻ ജൈവവളപ്രയോഗം നടത്തും. ശീതകാല പച്ചക്കറികൾക്കുള്ള തൈകൾ നട്ടുതുടങ്ങേണ്ടതും ഇപ്പോഴാണ്. ഡിസംബർ - ജനുവരി മാസങ്ങളിലെ കൊടും ശൈത്യത്തിൽ വിളവെടുക്കേണ്ട കാബേജ്,​ കാരറ്റ്,​ ബീറ്റ് റൂട്ട് തുടങ്ങിയവയുടെ തൈകൾ നടേണ്ട സമയമാണിത്.

 ആശ്രയം തുലാവർഷം

ഓണത്തിന് വിളവെടുത്ത വാഴകളുടെ കന്നുകൾ പിരിച്ചുവയ്ക്കുന്നതും അടുത്ത സീസണിലേക്കുള്ള പച്ചക്കറി കൃഷികളുടെ ആരംഭവുമെല്ലാം തുലാവർഷത്തെ ആശ്രയിച്ചാണ്. കാലവർഷകാലത്തെ മണ്ണിലുണ്ടായ അമിതമായ ഈർപ്പം കന്നിമാസത്തെ ചൂടിൽ കുറയുകയും വിത്തുകൾ കിളിർക്കാനുള്ള സാഹചര്യം രൂപപ്പെടുകയും ചെയ്യുന്നത് ഇപ്പോഴാണ്. നാടൻ പച്ചക്കറി വർഗങ്ങളായ പയർ,​ പാവൽ,​ പച്ചമുളക്,​ തക്കാളി ,​വഴുതന,​ വെണ്ട എന്നിവയുടെയെല്ലാം കൃഷിയ്ക്കും ഉത്തമമായ സമയമാണ് തുലാവർഷക്കാലം. കാലവർഷവും പിന്നീട് ന്യൂനമർദ്ദങ്ങളെ തുടർന്നുണ്ടായ മഴയും കേരളത്തിലെ മഴയുടെ അളവിൽ കുറവ് വരാതെ കാത്തെങ്കിലും മഴമാറി വെയിൽവന്നതോടെ ചൂടിന്റെ തീവ്രതയേറിയതാണ് കർഷകരെ ആശങ്കയിലാക്കുന്നത്.

''

രണ്ടാം വിള നെൽകൃഷിക്കുള്ള ഞാറുകൾ പാടങ്ങളിൽ പാകമായിട്ടുണ്ട്. ചിലപാടങ്ങളിൽ നടീൽ ആരംഭിക്കുകയും ചെയ്തു. തുലാവ‌ർഷം സജീവമായാലേ ഞാറുകൾക്ക് ജീവൻ വയ്ക്കൂ.

അജ്മി,​ കൃഷി ഓഫീസർ

''

കാലാവസ്ഥ തോന്നും പടിയായതിനാൽ തുലാവർഷം എപ്പോഴെന്നോ എങ്ങനെയെന്നോ നിശ്ചയമില്ല. തുലാവർഷം വന്നാലേ പച്ചക്കറിയും നെല്ലുമുൾപ്പെടെയുള്ള കൃഷികൾ സാദ്ധ്യമാകൂ.

ഭാസ്കരൻ,​ കർഷകൻ