x-l
ഇഷ്ടിക നിർമ്മാണം നിർത്തി ഉപേക്ഷിച്ചു പോയ പാവുമ്പയിലെ കട്ടച്ചൂള

തഴവ: തഴവ പഞ്ചായത്തിൽ പാവുമ്പ വില്ലേജിലെ നൂറ് കണക്കിന് കുടുംബങ്ങളുടെ ഉപജീവന മാർഗമായിരുന്ന ഇഷ്ടിക നിർമ്മാണമേഖല തകർച്ചയിലേക്ക് നീങ്ങുന്നു.

ഉപ്പിന്റെ അംശം തീരെയില്ലാത്ത ചെളി ഉപയോഗിച്ച് നിർമ്മിക്കുന്ന പാവുമ്പയിലെ ഇഷ്ടിക പതിറ്റാണ്ടുകൾക്കു മുൻപ് തന്നെ ഏറെ ജനപ്രീതി നേടിയിരുന്നതാണ്. തെക്കൻ കേരളത്തിലെ വിവിധ ഭാഗങ്ങളിൽ നിന്നും പ്രതിദിനം നൂറ് കണക്കിന് ആവശ്യക്കാരായിരുന്നു പാവുമ്പയിലെ ഇഷ്ടികചൂളയിലെത്തിയിരുന്നത്. അതു കൊണ്ട് തന്നെ ഈ പ്രദേശത്തെ എൺപത് ശതമാനത്തിലധികം കുടുംബങ്ങളും ഇഷ്ടിക നിർമ്മാണമേഖലയെ ആശയിച്ചായിരുന്നു ഉപജീവനം നടത്തിവന്നിരുന്നത്. എന്നാൽ പരിസ്ഥിതി സംരക്ഷണത്തിന്റെ ഭാഗമായി ചെളിയെടുപ്പിന് നിയന്ത്രണവും നിരോധനവും ഏർപ്പെടുത്തിയതോടെയാണ് ഇഷ്ടിക മേഖലയുടെ നടുവൊടിഞ്ഞ് തുടങ്ങിയത്.

50 ഓളം ചൂളകളിൽ 1000ലധികം തൊഴിലാളികൾ

പ്രദേശത്തെ അൻപതോളം ചൂളകളിലായി ആയിരത്തിലധികം തൊഴിലാളികളാണ് ഒരു കാലത്ത് ഇഷ്ടിക മേഖലയിൽ പണിയെടുത്തിരുന്നത്. പള്ളിക്കലാർ ,ടി.എസ് കനാൽ, മണലിക്കൽ പുഞ്ച എന്നിവടങ്ങളിൽ നിന്നായിരുന്നു ഇഷ്ടിക നിർമ്മാണത്തിന് ആവശ്യമായ ചെളിയെടുത്തിരുന്നത്.ശക്തമായ നീരൊഴുക്കിൽ അടിഞ്ഞുകൂടുന്ന ചെളി വള്ളങ്ങളിലെത്തിയായിരുന്നു ഖനനം നടത്തിയിരുന്നത്. എന്നാൽ ദീർഘകാലത്തെ തുടർച്ചയായ ചെളിയെടുപ്പിൽ ഖനന മേഖലകൾ പടുകുഴികളായതോടെ ഇഷ്ടിക നിർമ്മാണം പാരിസ്ഥിതിക ഭീഷണി ഉയർത്തുന്ന അവസ്ഥയിലായി.

ചെളിയെടുപ്പിന് നിരോധനം

ചെളിയെടുപ്പിന് നിരോധനവും, സൂക്ഷിക്കുന്ന ചെളിയുടെ അളവിന് നിയന്ത്രണവും വന്നതോടെ പരമ്പരാഗത ചൂളകളുടെ പ്രവർത്തനം പൂർണമായും തകരാറിലായി.തുടക്കത്തിൽ തമിഴ്‌നാട്ടിൽ നിന്നും ചെളി വാങ്ങി ഇഷ്ടിക നിർമ്മിച്ചെങ്കിലും നഷ്ടം മൂലം പലരും മേഖല ഉപേക്ഷിക്കുകയായിരുന്നു.

നിലവിൽ ഇരുപതോളം ചൂളകൾ മാത്രമാണ് പാവുമ്പയിൽ പ്രവർത്തിക്കുന്നത്. ഇതിൽ തന്നെ പലതും സാമ്പത്തിക ബാദ്ധ്യതകാരണം അടച്ചുപൂട്ടൽ ഭീഷണി നേരിടുകയാണ്.

പാവുമ്പയുടെ പരമ്പരാഗത തൊഴിൽ മേഖലയായ ഇഷ്ടിക നിർമ്മാണത്തെ സംരക്ഷിക്കുവാൻ നടപടി വേണമെന്ന ആവശ്യം ശക്തമാണ്.

കൃഷി, ജലസേചനം എന്നല്ല ജനജീവിതത്തിന്റെ നിലനിൽപ്പിന് തന്നെ ചെളിയെടുപ്പ് ഭിഷണിയായ സാഹചര്യത്തിലാണ് നിയന്ത്രണങ്ങൾ ഏർപ്പെടുത്തിയത്. അസംസ്കൃത വസ്തുവിന്റെ അപര്യാപ്തത മൂലം നാശത്തിലായ മറ്റ് മേഖലകൾക്കൊപ്പമേ പാവുമ്പയിലെ ഇഷ്ടിക നിർമ്മാണമേഖലയേയും പരിഗണിക്കുവാൻ കഴിയുകയുള്ളു.

സി. ജനചന്ദ്രൻ ,സെക്രട്ടറി തഴവ ഗ്രാമ പഞ്ചായത്ത്.

പതിറ്റാണ്ടുകളോളം പാവുമ്പയിലെ ജനജീവിതത്തെ നില നിറുത്തിയ പരമ്പരാഗത തൊഴിൽ മേഖലയാണ് ഇഷ്ടിക നിർമ്മാണം. ഈ മേഖലയിൽ നിന്നും കുടിയിറക്കപ്പെട്ട തൊഴിലാളികൾക്ക് സാമ്പത്തിക സഹായം നൽകുവാൻ സർക്കാർ പദ്ധതി വേണം .

പാവുമ്പ സുനിൽ പ്രതിപക്ഷ നേതാവ് തഴവ ഗ്രാമ പഞ്ചായത്ത്.