
 വില്പന നിയന്ത്രണവും കടുപ്പിക്കുന്നു
കൊല്ലം: ജില്ലയിലെ ഹാർബറുകളെല്ലാം അടഞ്ഞതിനൊപ്പം മറ്റ് സ്ഥലങ്ങളിൽ നിന്ന് മത്സ്യം കൊണ്ടുവരുന്നതും വിൽക്കുന്നതും പൊലീസ് തടയുന്നതിനാൽ ജില്ലയിൽ പലയിടത്തും മത്സ്യം കണികാണാൻ പോലുമില്ല.
ജില്ലയിലെ ഹാർബറുകളെല്ലാം അടഞ്ഞിട്ട് ഒരാഴ്ച പിന്നിടുകയാണ്. ഇതോടെ മത്സ്യത്തൊഴിലാളികൾ പട്ടിണിയുടെ വക്കിലാണ്. വൻതുക പിഴ ചുമത്തി വില്പന തടസപ്പെടുത്തുന്നതിനാൽ മത്സ്യക്കച്ചവടക്കാരും കടുത്ത പ്രതിസന്ധിയിലാണ്. ജില്ലയുടെ കിഴക്കൻ മേഖലയിലെ ചന്തകൾ കേന്ദ്രീകരിച്ച് വൻതോതിൽ കൊവിഡ് വ്യാപനം ഉണ്ടായിരുന്നു. ഇതിന് പിന്നാലെ ജില്ലാ ഭരണകൂടം മറ്റ് ജില്ലകളിൽ നിന്ന് കൊണ്ടുവരുന്ന മത്സ്യത്തിന് വിലക്ക് ഏർപ്പെടുത്തിയിരുന്നു.
രണ്ട് മാസം മുൻപ് ഇറക്കിയ ഈ ഉത്തരവ് അടിസ്ഥാനമാക്കിയാണ് പൊലീസ് മത്സ്യക്കച്ചവടക്കാരുടെ കഴുത്ത് ഞെരിക്കുന്നത്. ജില്ലയുടെ കിഴക്കൻ മേഖലയിൽ ഒളിച്ചും പാത്തും പോലും കച്ചവടം നടത്താനാകാത്ത അവസ്ഥയാണ്.
 തീരങ്ങളിൽ വറുതിക്കാറ്റ്
തീരമേഖലയിലെ മത്സ്യത്തൊഴിലാളി കുടുംബങ്ങളിൽ പലതും അരി വാങ്ങാൻ പോലും നിവൃത്തിയില്ലാത്ത അവസ്ഥയിലാണ്. പല മത്സ്യത്തൊഴിലാളി കുടുംബങ്ങളിലെയും ഭർത്താവ് കടലിൽ പോകുമ്പോൾ ഭാര്യ മത്സ്യം വിൽക്കാൻ പോകുന്നവരാണ്. ഇത്തരം കുടുംബങ്ങൾക്ക് കടലിൽ നിന്നും കരയിൽ നിന്നുമുള്ള വരുമാനം നിലച്ചിരിക്കുകയാണ്. ഈ പശ്ചാത്തലത്തിൽ സർക്കാർ സൗജന്യ കിറ്റോ പ്രത്യേക റേഷനോ അനുവദിക്കണമെന്ന ആവശ്യം ശക്തമാകുന്നുണ്ട്.
 പിഴ വരുന്ന വഴികൾ
1. ഹാർബറുകൾ അടഞ്ഞതോടെ തിരുവനന്തപുരം, ആലപ്പുഴ തീരങ്ങളിൽ നിന്നാണ് മത്സ്യം എത്തിക്കുന്നത്
2. കൊല്ലം ജില്ലയിലെ ഹാർബറുകളിൽ നിന്ന് മത്സ്യം വാങ്ങിയതിന്റെ പാസിനായി പൊലീസ് നിർബന്ധം പിടിക്കുന്നു
3. പല കച്ചവടക്കാരും മൂവായിരം മുതൽ അയ്യായിരം രൂപയുടെ മത്സ്യവുമായാണ് കച്ചവടത്തിന് ഇറങ്ങുന്നത്
4. ഇവർക്ക് മൂവായിരം രൂപ വരെ പൊലീസ് പിഴ ചുമത്തുകയാണ്
5. മത്സ്യം വാങ്ങിയതിന്റെ പകുതി പണം പോലും കിട്ടാതെ കൈ നഷ്ടം പതിവായതോടെ പലരും തൊഴിൽ ഉപേക്ഷിക്കാൻ ഒരുങ്ങുന്നു
6. വമ്പൻ കമ്മിഷൻ ഏജന്റുമാർ ലോറികളിൽ അന്യസംസ്ഥാനങ്ങളിൽ നിന്ന് മത്സ്യം കൊണ്ടുവരുന്നത് ആരും തടയുന്നില്ല
7. ഇവരിൽ നിന്ന് മത്സ്യം വാങ്ങി വിൽക്കുന്ന കച്ചവടക്കാർക്ക് മാത്രമാണ് പിഴ ചുമത്തുന്നത്
''
മാസ്കും കൈയുറയും ധരിച്ചാണ് കച്ചവടം നടത്തുന്നത്. വാങ്ങാനെത്തുന്നവരിൽ നിന്നും അകലം പാലിക്കുന്നുമുണ്ട്. കൊല്ലത്തെ ഹാർബറുകൾ അടഞ്ഞുകിടക്കുമ്പോൾ മറ്റ് ജില്ലകളിൽ നിന്ന് കൊണ്ടുവരുന്ന മത്സ്യം വിൽക്കുന്നതിന്റെ പേരിൽ പിഴ ചുമത്തുന്നത് ക്രൂരതയാണ്.
ഹൈദരുദ്ദീൻ, മത്സ്യക്കച്ചവടക്കാരൻ, അഞ്ചൽ