
കൊല്ലം: കൊവിഡ് വ്യാപാനം രൂക്ഷമായി തുടരുമ്പോഴും വിവിധ രാഷ്ട്രീയ പാർട്ടികളുടെ മുതലെടുപ്പ് സമരം നിലയ്ക്കുന്നില്ല. ഇ.എസ്.ഐ സംവരണം നിറുത്തിലാക്കിയ ഉത്തരവ് പിൻവലിക്കാൻ കേന്ദ്ര തൊഴിൽ മന്ത്രിയും ഇ.എസ്.ഐ ഡയറക്ടർ ജനറലും ഉറപ്പ് നൽകിയിട്ടും പല സംഘടനകളും സമരം തുടരുകയാണ്.
കൊവിഡ് വ്യാപനം പ്രതിരോധിക്കാൻ ഏർപ്പെടുത്തിയ 144 ലംഘിച്ചാണ് ഭൂരിഭാഗം സമരങ്ങളും. നേരത്തെ നടന്ന സമരങ്ങളിലൂടെ നിരവധി പേരിലേക്ക് കൊവിഡ് വ്യാപിച്ചതായി റിപ്പോർട്ടുകളുണ്ട്. തദ്ദേശ, നിയമസഭാ തിരഞ്ഞെടുപ്പുകൾ അടുത്തിരിക്കുന്ന സാഹചര്യത്തിൽ ഇ.എസ്.ഐ സംവരണ പ്രശ്നത്തിന്റെ പേരിൽ കശുഅണ്ടി തൊഴിലാളികളിലും ഇതര ജീവനക്കാരിലും ആശങ്ക സൃഷ്ടിച്ച് തങ്ങൾക്ക് അനുകൂലമാക്കാനുള്ള ശ്രമമാണ് പ്രമുഖ രാഷ്ട്രീയ പാർട്ടികളും തൊഴിലാളി സംഘടനകളും നടത്തുന്നത്.
രണ്ട് ദിവസം മുൻപ് എൻ.കെ. പ്രേമചന്ദ്രൻ എം.പി കേന്ദ്ര തൊഴിൽ വകുപ്പ് മന്ത്രി, ഇ.എസ്.ഐ ഡയറക്ടർ ജനറൽ എന്നിവരുമായി ടെലിഫോണിൽ നടത്തിയ ചർച്ചയിൽ സംവരണം റദ്ദാക്കിയ നടപടി പിൻവലിക്കാൻ ധാരണയായിരുന്നു. ബുധനാഴ്ച പ്രേമചന്ദ്രൻ കേന്ദ്ര തൊഴിൽ മന്ത്രി, ഇ.എസ്.ഐ ഡയറക്ടർ ജനറൽ എന്നിവരെ നേരിൽ കണ്ട് ചർച്ച നടത്തിയും സംവരണം പുനഃസ്ഥാപിക്കുമെന്ന് ഉറപ്പു വാങ്ങി.
ചെന്നൈ ഹൈക്കോടതിയിൽ നിലനിന്ന കേസുമായി ബന്ധപ്പെട്ട ആശയക്കുഴപ്പമാണ് ഇ.എസ്.ഐ മെഡിക്കൽ, ദന്തൽ കോളേജുകളിൽ ഇ.എസ്.ഐ അംഗങ്ങളുടെ മക്കൾക്കുള്ള സംവരണം റദ്ദാക്കുന്ന ഉത്തരവിലേക്ക് നയിച്ചത്. ചെന്നൈ ഹൈക്കോടതി സിംഗിൾ ബഞ്ച് 2019ൽ ഇ.എസ്.ഐ സംവരണം റദ്ദാക്കാൻ ഉത്തരവിട്ടിരുന്നു. ഇതിനെതിരെ വിദ്യാർത്ഥികളും ഇ.എസ്.ഐ കോർപ്പറേഷനും നൽകിയ ഹർജിയിൽ 2019ൽ സംവരണം തുടരാൻ നിർദ്ദേശിച്ചു. പക്ഷെ സിംഗിൾ ബഞ്ച് ഉത്തരവിനെക്കുറിച്ച് പരാമർശിച്ചില്ല. ഇപ്പോഴും സിംഗിൾ ബാഞ്ച് ഉത്തരവ് നിലനിൽക്കുന്നവെന്ന തെറ്റിദ്ധാരണയും അത് മറികടക്കാൻ ശ്രമിക്കാതിരുന്നതുമാണ് വിവാദ ഉത്തരവിലേക്ക് നയിച്ചത്.
ചെന്നൈ ഹൈക്കോടതിയിൽ ഇ.എസ്.ഐ തൊഴിലാളികളുടെ മക്കൾ ഇപ്പോൾ സമർപ്പിച്ച ഹർജിയിൽ സംവരണത്തിന് അനുകൂല നിലപാട് സ്വീകരിച്ച് പഴയ സ്ഥിതി ഉറപ്പാക്കുമെന്നാണ് പ്രേമചന്ദ്രന് ലഭിച്ച ഉറപ്പ്. തങ്ങളുടെ എം.പിക്ക് ലഭിച്ച ഉറപ്പ് പോലും വകവയ്കകാതെ യു.ഡി.എഫ് അനുകൂല സംഘടനകൾ നടത്തുന്ന സമരമാണ് ആശ്ചര്യകരം. സമരക്കാരുടെ ലക്ഷ്യം സംവരണം തിരിച്ചുപിടിക്കുന്നതിനേക്കാൾ രാഷ്ട്രീയ മുതലെടുപ്പാണെന്നാണ് ഇത് നൽകുന്ന സൂചന.