food

ഭക്ഷണക്കാര്യത്തിൽ വ്യത്യസ്തത ഇഷ്ടപ്പെടുന്നവരാണ് അധികമാളുകളും. ഓരോ രാജ്യത്തും വിചിത്രമായ ഭക്ഷണ ശീലങ്ങളാണ് ഉള്ളത്. തിരിച്ചാക്രമിക്കാത്ത എന്തിനെയും കഴിക്കാൻ കഴിയുമെന്ന് പറയുന്നവരുണ്ട്. ജീവനുള്ള ഏതു ജീവിയെയും ഭക്ഷിക്കുന്ന മനുഷ്യരെക്കുറിച്ചും നമ്മൾ കേട്ടിട്ടുണ്ട്. ചില വിചിത്ര ഭക്ഷണങ്ങൾ പരിചയപ്പെടാം.

ബാലൂട്ട്‌ (വിരിയായാറായ മുട്ട)

താറാവിന്റെയും കോഴിയുടെയും വിരിയാറായ മുട്ട ഒരാഴ്‌ച മണ്ണിൽ കുഴിച്ചിട്ടതാണ്‌ ബാലൂട്ട്‌ എന്നറിയപ്പെടുന്നത്. ഫിലിപ്പീൻസിൽ നിന്നുള്ള വിഭവമാണിത്‌. ഫിലിപ്പീൻസിലെ സാധാരണ തെരുവോര ഭക്ഷണമായി ഇത്‌ മാറിയിരിക്കുകയാണിപ്പോൾ.

എരി പോലു (പട്ടുനൂൽപ്പുഴുവിന്റെ പ്യൂപ്പ)

കൊക്കൂൺ കൂടു കൂട്ടിയതിന്‌ ശേഷമുള്ള പട്ടുനൂൽ പുഴുവിന്റെ പ്യൂപ്പകളെ ഉപയോഗിച്ച്‌ ഉണ്ടാക്കുന്ന വളരെ വിചിത്രമായ ആഹാരമാണിത്‌. അസാമിലെ പരമ്പരാഗത ഭക്ഷണമായ ഖോരിസയ്‌ക്കൊപ്പമാണ്‌ എരി പൊലു വിളമ്പുന്നത്‌.

ചുവന്ന ഉറുമ്പ്‌ ചട്‌ണി

ഇന്ത്യയിലെ ഗോത്ര സംസ്ഥാനമായ ഛത്തീസ്‌ഖണ്ഡിൽ കാണപ്പെടുന്ന വിഭവമാണിത്‌. ഇവിടെ ഈ വിഭവം അറിയപ്പെടുന്നത്‌ ചപ്രാഹ്‌ എന്നാണ്‌. മുട്ടയോടു കൂടിയ ചുവന്ന ഉറുമ്പിനെ ഉപയോഗിച്ചാണ്‌ ഇതുണ്ടാക്കുന്നത്‌. കേരളത്തിൽ കാസർകോട് ജില്ലയിലെ ചില ഭാഗങ്ങളിൽ ഒരു വിഭാഗം ആളുകൾ ഇത്തരം ഉറുമ്പ് ചട്ണി ഉണ്ടാക്കുന്നതായി കഴിഞ്ഞ ദിവസം ഒരു ചാനൽ റിപ്പോർട്ട് ചെയ്തിരുന്നു.

എലി ഇറച്ചി

വടക്കൻ തായ്ലൻഡിലെ കരേൻ മലകളിലെ വിചിത്ര ഭക്ഷണമാണ് എലി. ഭക്ഷണത്തിന്‌ ഉപയോഗിക്കുന്നതിനായി ഇവിടെ പലരും എലികളെ വളർത്തുന്നുണ്ട്‌. എലി ഇറച്ചി വിലയ്ക്ക് വാങ്ങാനും കിട്ടും.

മാഗറ്റ്ചീസ് (ചീസിലെ പുഴു)
ഇറ്റലിയിൽ ചെമ്മരിയാടിന്റെ പാൽ കൊണ്ട് ഉണ്ടാക്കിയ ചീസിൽ ഒരു തരം പുഴുക്കളെ ഇടുന്നത് പതിവാണ്. എന്നാൽ, ചില ആളുകൾ ചീസ് ഉണ്ടാക്കി കഴിഞ്ഞാലും ഇൗ ലാർവകളെ മാറ്റാറില്ല. അതുകൊണ്ട് ചീസ് കഴിക്കുമ്പോൾ ജീവനുള്ള ലാർവകളെ അതിൽ കാണാം. ഇറ്റലിയിലെ സർഡിനിയ ദ്വീപിൽ മാത്രമേ ഈ ഭക്ഷണം ലഭിക്കുകയുള്ളൂ. എന്നാൽ, ഈ ചീസിലുള്ള പുഴുക്കൾ ചത്താൽ ഇത് കഴിക്കുന്നത് അപകടമാണെന്ന് അവർ വിശ്വസിക്കുന്നു.