
കൊല്ലം: തീയേറ്റർ കോമ്പൗണ്ടിൽ വയോധികനെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി. ശക്തികുളങ്ങര മീന്നത്ത്ചേരി ഇടച്ചപ്പള്ളി തെക്കതിൽ വീട്ടിൽ ബാലകൃഷ്ണനാചാരിയാണ് (64) മരിച്ചത്. ചിന്നക്കട ജംഗ്ഷനിലെ തിയേറ്ററിലാണ് സംഭവം. ഇന്നലെ രാവിലെ ആറോടെ സെക്യൂരിറ്റി ജീവനക്കാരനാണ് മൃതദേഹം ആദ്യം കണ്ടത്. തുടർന്ന് ഈസ്റ്റ് പൊലീസെത്തി അന്വേഷണം ആരംഭിച്ചു.
നഗരത്തിലെ തിയേറ്ററുകളിലെ പോസ്റ്ററുകൾ പതിക്കുന്ന ജോലിയായിരുന്നു ബാലകൃഷ്ണന്. ബുധനാഴ്ച രാത്രി നഗരത്തിൽ ഏതോ പരിപാടിയുടെ പോസ്റ്റർ പതിക്കാനായി എത്തിയ ബാലകൃഷ്ണനാചാരി തിയേറ്ററിലെത്തി. പോസ്റ്ററൊട്ടിക്കാൻ ഒപ്പമുള്ള ചിലരെ കാത്തിരിക്കുകയാണെന്നാണ് സെക്യൂരിറ്റിയോട് പറഞ്ഞത്. കുറച്ച് സമയം കഴിഞ്ഞ് കാണാതായപ്പോൾ പോസ്റ്റർ പതിക്കാൻ പോയതാകുമെന്നാണ് സെക്യൂരിറ്റി കരുതിയത്.
ഇന്നലെ രാവിലെ നോക്കുമ്പോൾ തിയേറ്ററിന്റെ പിൻവശത്തെ ഷെഡിൽ ബാലകൃഷ്ണനെ തൂങ്ങിയ നിലയിൽ കണ്ടെത്തുകയായിരുന്നു. ജനറേറ്ററിനായി ഷീറ്റ് മേഞ്ഞ ഷെഡിന്റെ മേൽക്കൂരയിലെ ഹുക്കിൽ നൈലോൺ കയറിൽ തൂങ്ങിയ നിലയിലാണ് മൃതദേഹം. സ്റ്റൂളും സമീപത്ത് മറിഞ്ഞ് കിടപ്പുണ്ടായിരുന്നു. ഈസ്റ്റ് പൊലീസെത്തി ഇൻക്വസ്റ്റ് തയ്യാറാക്കിയശേഷം മൃതദേഹം കൊവിഡ് പരിശോധനയ്ക്കും പോസ്റ്റുമോർട്ടത്തിനുമായി ജില്ലാ ആശുപത്രി മോർച്ചറിയിലേക്ക് മാറ്റി.