
ത്രികോണ മത്സരച്ചൂടിൽ കൊല്ലം കോർപ്പറേഷൻ
കൊല്ലം: നിയമസഭാ തിരഞ്ഞെടുപ്പിനേക്കാൾ വീറും വാശിയിലും ഒട്ടും പിന്നിലല്ല കോർപ്പറേഷൻ തിരഞ്ഞെടുപ്പ്. നഗരഭരണം, വികസന പ്രവർത്തനങ്ങൾ, ഭരണനിയന്ത്രണത്തിലെത്തുമ്പോൾ മേയറായി എത്താനുള്ള ചരടുവലികൾക്ക് ആക്കം കൂട്ടും.
ഇക്കുറി കൊല്ലത്ത് മേയർ സ്ഥാനം വനിതകൾക്കാണ്. കോർപ്പറേഷന്റെ ചരിത്രത്തിലെ ആദ്യമേയർ സി.പി.എമ്മിന് സ്വന്തമാണ്. ഇപ്പോഴും കോർപ്പറേഷൻ ഭരണം സി.പി.എമ്മിന്റെ കൈകളിലാണ്. അടുത്തൊരു മേയർ വരുമ്പോൾ അതാരാകുമെന്ന അവ്യക്തത ബാക്കിയാണ്. ഭരണ നൈപുണ്യമുള്ള നിരവധി യുവതികൾ സി.പി.എമ്മിന് കൊല്ലത്തുണ്ട്. പഴയവർ വീണ്ടും മേയറാവാനുള്ള സാദ്ധ്യത ഇല്ലെന്നാണ് സൂചന. പക്ഷേ അത് എത്രത്തോളം ശരിയാവുമെന്നുമറിയില്ല.
മുൻ മേയർമാരിൽ പ്രധാനപ്പെട്ട രണ്ടുപേരാണുള്ളത്. സബീതാ ബീഗവും പ്രസന്നാ ഏണസ്റ്റും. ഇരുവരെയും പാർട്ടി പരിഗണിക്കാനുള്ള സാദ്ധ്യത അൻപത് ശതമാനത്തിൽ താഴെയാണ്. പുതുമുഖങ്ങളെ കണ്ടെത്തി മത്സരിപ്പിക്കാനും മേയറാക്കാനും പാർട്ടിക്കുള്ളിൽ അണിയറ നീക്കം തുടങ്ങിക്കഴിഞ്ഞു. ജനാധിപത്യ മഹിളാ അസോസിയേഷൻ നേതാക്കളിൽ സാരഥ്യത്തിലുള്ള നേതാക്കൾക്ക് പ്രാമുഖ്യം കിട്ടാനുള്ള സാദ്ധ്യത പുതുമുഖങ്ങൾ ഇല്ലാതാക്കുമെന്ന ആകുലതയും ഉയരുന്നുണ്ട്. ഇപ്പോഴത്തെ ഡെപ്യൂട്ടി മേയർ ഗീതാകുമാരി, കൗൺസിലർ ഗിരിജാ സുന്ദർ എന്നിവരെയും പരിഗണിക്കപ്പെടാവുന്നതാണ്.
യുവനേതാക്കളാണ് ലക്ഷ്യമെങ്കിൽ ചിന്താ ജെറോമിനെപ്പോലുള്ളവരെയും പരിഗണിക്കപ്പെടാം. കോർപ്പറേഷൻ ഭരണം കിട്ടിയാൽ പല പേരുകളും ചിലപ്പോൾ മേയർ സ്ഥാനത്തേയ്ക്ക് ഉയർന്നുവരാം. എന്തായാലും പുതുമുഖ വനിത തന്നെ മേയറാവാണമെന്ന ആഗ്രഹത്തിന് സി.പി.എമ്മിൽ പ്രാമുഖ്യമുണ്ട്.
സി.പി.ഐയിൽ നിന്ന് ഒരു മേയർ ഉണ്ടാവുകയാണെങ്കിൽ ഇപ്പോഴത്തെ മേയർ ഹണി ബഞ്ചമിനെ വീണ്ടും പരിഗണിച്ചേക്കും. നേരത്തെ ഡെപ്യൂട്ടി മേയറായിരുന്ന വിജയാ ഫ്രാൻസിസിനും സാദ്ധ്യതയേറെയാണ്.
ഉറച്ച നിലപാടുമായി കോൺഗ്രസ്
വർഷങ്ങളായി കോർപ്പറേഷൻ ഭരണം കയ്യാളുന്നത് ഇടതുമുന്നണിയാണ്. കോൺഗ്രസിനുള്ളിലെ ഗ്രൂപ്പുകളും പടലപ്പിണക്കങ്ങളും ഇടതുമുന്നണി മുതലാക്കുകയോ നീക്കുപോക്കുകളിലൂടെ വാർഡുകളിൽ ജയിച്ചുവരുകയോ ചെയ്യുന്ന സ്ഥിതിയായിരുന്നു ഇതുവരെ. ഇക്കുറി അതുണ്ടാവില്ലെന്ന ഉറച്ച നിലപാടിലാണ് ഡി.സി.സി അദ്ധ്യക്ഷ ബിന്ദു കൃഷ്ണയും നേതാക്കളും. കോൺഗ്രസിന് ഭരണം കിട്ടുകയാണെങ്കിൽ മേയറാക്കൻ പറ്റുന്ന വിധമുള്ള യുവതികളെ ഏറ്റവും വിജയസാദ്ധ്യതയുള്ള സീറ്റുകളിൽ നിന്ന് വിജയിപ്പിക്കാൻ കോൺഗ്രസ് പരിശ്രമിക്കുന്നുണ്ട്.
കോർപ്പറേഷൻ കുലുക്കാൻ ബി.ജെ.പി
കോൺഗ്രസിനും ഇടതുമുന്നണിക്കും ഇക്കുറി വിജയം പഴയപടി കിട്ടില്ലെന്ന വെല്ലുവിളി ഉയർത്തുകയാണ് ബി.ജെ.പി. ഇക്കുറി കൊല്ലം മേയറെ തീരുമാനിക്കുന്നത് ബി.ജെ.പിയായിരിക്കുമെന്ന ആത്മവിശ്വാസം പങ്കിടുകയാണ് ബി.ജെ.പി ജില്ലാ പ്രസിഡന്റ് ബി.ബി. ഗോപകുമാർ. നേരത്തെ രണ്ടുപേർ മാത്രമുണ്ടായിരുന്ന തിരുവന്തപുരം കോർപ്പറേഷനിൽ ഇപ്പോൾ 34 വാർഡുകളിൽ ബി.ജെ.പിയാണെന്ന സത്യവും അദ്ദേഹം എടുത്തുകാട്ടുന്നു.