sabarmathi
ഊരുചുറ്റി എത്തിയ അനാഥനായ വയോധികനെ ഓച്ചിറ വലിയകുളങ്ങര സബർമതി കെയർ ഹോം ഏറ്റെടുത്തു

ഓച്ചിറ: ഊരുചുറ്റി എത്തിയ അനാഥനായ വയോധികനെ ഓച്ചിറ വലിയകുളങ്ങര സബർമതി കെയർ ഹോം ഏറ്റെടുത്തു. മലപ്പുറം, നടുവട്ടം സ്വദേശി ബീരാൻകോയ ( 62) യെയാണ് ഏറ്റെടുത്തത് .വർഷങ്ങളായി വീട് വിട്ടിറങ്ങിയ ബീരാൻ കോയ കടത്തിണ്ണകളിൽ അന്തിയുറങ്ങുകയായിരുന്നു. കഴിഞ്ഞ ദിവസം രാത്രി കടവരാന്തകളിൽ കിടക്കുന്നവർക്ക് അത്താഴ പ്പൊതിയുമായി എത്തിയ ജീവകാരുണ്യ പ്രവർത്തകരായ സിദ്ധിഖ് മംഗലശ്ശേരിയും ഷാജഹാൻ രാജധാനിയും ബിജു മുഹമ്മദും മുഷിഞ്ഞ വസ്ത്രങ്ങളുമായി കിടക്കുന്ന ബീരാൻ കോയയെ കണ്ടെത്തി . കുളിപ്പിച്ച് വൃത്തിയാക്കി പുതുവസ്ത്രങ്ങൾ നൽകി കരുനാഗപ്പള്ളി താലൂക്ക് ആശുപത്രിയിൽ കൊവിഡ് പരിശോധനയ്ക്ക് വിധേയമാക്കി. തുടർന്ന് കരുനാഗപ്പള്ളി സി.ഐ മഞ്ചുലാലിന്റെ നിർദേശപ്രകാരം ജനമൈത്രി പൊലീസ് എ.എസ്.ഐ ഉത്തരക്കുട്ടൻ, ജീവകാരുണ്യ പ്രവർത്തകരായ നജീബ് മണ്ണേൽ, ശിവകുമാർ കരുനാഗപ്പള്ളി, ഷെഫിഖ് കരിമുട്ടം എന്നിവരുടെ നേതൃത്വത്തിൽ സബർമതി സെക്രട്ടറി ബിജു മുഹമ്മദിന് ബീരാൻ കോയയെ കൈമാറി. രാത്രി കാലങ്ങളിൽ നഗരത്തിലെ കടത്തിണ്ണകളിൽ കഴിയുന്നവരുടെ ജീവിതാവസ്ഥകളെ കുറിച്ച് എ.സി.പി. ഗോപകുമാറിന്റെ അനുവാദത്തോടെ വിവരങ്ങൾ ശേഖരിച്ചിരുന്നു.