
കൊവിഡ് പ്രതിരോധം പാലിക്കാതെ കൊല്ലം നഗരം
കൊല്ലം: സാമൂഹ്യ അകലം പാലിക്കാതെയും കൊവിഡ് പ്രതിരോധത്തിന്റെ പ്രാഥമിക നിർദ്ദേശങ്ങൾ പോലും അനുസരിക്കാതെയും പെരുമാറിയാൽ കൊല്ലം നഗരത്തെ കാത്തിരിക്കുന്നത് കൊവിഡ് സ്‌ഫോടനം. ജില്ലയിൽ ഏറ്റവും കൂടുതൽ കൊവിഡ് കേസുകൾ റിപ്പോർട്ട് ചെയ്യപ്പെടുന്ന നഗരത്തിൽ ജനങ്ങളുടെ സ്വയം പ്രതിരോധത്തിലുണ്ടായ ഗുരുതര വീഴ്ചയെ കുറിച്ച് ആശങ്ക അറിയിച്ചിരിക്കുകയാണ് ആരോഗ്യ വകുപ്പ്. നിരോധനാജ്ഞ പ്രഖ്യാപിച്ചിട്ടും നഗരത്തിൽ ആൾക്കൂട്ടത്തിന് ഒരു കുറവുമില്ല.
കളക്ടറേറ്റ്, ചിന്നക്കട ഹെഡ് പോസ്റ്റ് ഓഫീസ്, കൊല്ലം കോർപ്പറേഷൻ ഓഫീസ്, കൊല്ലം താലൂക്ക് ഓഫീസ് എന്നിവിടങ്ങൾ കേന്ദ്രീകരിച്ച് നടന്നിരുന്ന സർക്കാർ വിരുദ്ധ ആൾക്കൂട്ട സമരങ്ങൾ ഇല്ലാതായി എന്നതൊഴിച്ചാൽ നിരോധനാജ്ഞ മൂലം നിരത്തിലെ തിരക്കൊഴിഞ്ഞില്ല. കൊല്ലം നഗര ഹൃദയത്തിലെ വ്യാപാര കേന്ദ്രങ്ങളിലും വഴിയോരങ്ങളിലും ബസ് കാത്തിരിപ്പ് കേന്ദ്രങ്ങളിലുമെല്ലാം നിരോധനാജ്ഞ പ്രഖ്യാപിച്ച ശേഷവും തിരക്കോട് തിരക്കാണ്.
നഗരത്തിരക്കിൽ ബ്രേക്ക് ദി ചെയിൻ ഇല്ലാതായി
തുടരെ കൈകൾ കഴുകി കൊവിഡിനെ പ്രതിരോധിക്കണമെന്ന പ്രാഥമിക നിർദ്ദേശം പോലും നഗരത്തിലെ തിരക്കിൽ ജനങ്ങൾ ഉൾക്കൊള്ളുന്നില്ല. ലഘുഭക്ഷണം കഴിക്കുന്നതിന് മുൻപ് പോലും കൈകൾ അണുവിമുക്തമാക്കാത്തവർ നിരവധിയാണ്. നഗരത്തിലെ പ്രധാന കേന്ദ്രങ്ങളിലുണ്ടായിരുന്ന കൈ കഴുകൽ സൗകര്യങ്ങളെല്ലാം ഇപ്പോൾ ഇല്ലാതായി. കൊല്ലം നഗരസഭാ ഓഫീസ് ഉൾപ്പെടെ ജില്ലാ ആസ്ഥാനത്തെ പ്രധാന സർക്കാർ ഓഫീസുകളിൽ ജീവനക്കാർക്ക് കൂട്ടത്തോടെ കൊവിഡ് സ്ഥിരീകരിച്ചതും വലിയ വെല്ലുവിളിയാണ്.
ഭയമില്ല, ജാഗ്രതയും
ഭയം വേണ്ട, ജാഗ്രത മതി എന്നായിരുന്നു കൊവിഡ് പ്രതിരോധത്തിന്റെ ആദ്യ വാചകം. എന്നാൽ കൊല്ലം നഗരത്തിൽ ജനങ്ങൾക്ക് കൊവിഡിനെ കുറിച്ച് ഭയവുമില്ല, ജാഗ്രതയുമില്ല. കൊവിഡ് ചികിത്സാ കേന്ദ്രങ്ങളിൽ മതിയായ ആരോഗ്യ പ്രവർത്തകരെ പോലും കിട്ടാതെ ചികിത്സാ കേന്ദ്രങ്ങൾ വെല്ലുവിളി നേരിടുമ്പോഴും രോഗം ബാധിക്കാതിരിക്കാനുള്ള മുൻ കരുതലുകൾ സ്വീകരിക്കാത്തവർ സമൂഹത്തെ വെല്ലുവിളിക്കുകയാണെന്ന് വ്യക്തം.
പരിശോധനയ്ക്ക് നേരിട്ടിറങ്ങി ജില്ലാ കളക്ടർ
സാധാരണ ജനങ്ങൾക്ക് മേൽ നിരോധനാജ്ഞാ ലംഘനം ചുമത്താൻ പൊലീസിന് പലവിധത്തിലുള്ള പരിമിതികളുണ്ട്. ജില്ലാ കളക്ടറും സിറ്റി പൊലീസ് കമ്മീഷണറും നേരിട്ട് പരിശോധനകൾക്ക് ഇറങ്ങിയിട്ടും സാഹചര്യങ്ങൾ ഉൾക്കൊള്ളാനും പ്രതിരോധ മുൻകരുതലുകൾ സ്വീകരിക്കാനും പലരും തയ്യാറല്ല. ഒടുവിൽ നിലവിലെ സ്ഥിതിയുടെ ഗൗരവം ബോദ്ധ്യപ്പെടുത്താൻ കളക്ടറും ജില്ലാ പൊലീസ് മേധാവിയും വീടുകൾ കയറാനും തയ്യാറായി.