kettidam
പുനലൂർ ശിവൻകോവിൽ റോഡിന് സമീപം പ്രവർത്തിക്കുന്ന ഇ.എസ്.ഐ.ഡി സ്പെൻസറിക്ക് ചുറ്റും കാട് വളർന്ന് ഉയർന്ന നിലയിൽ.

പുനലൂർ: അര നൂറ്റാണ്ടിൽ അധികം പഴക്കമുള്ള പുനലൂർ ഇ.എസ്.ഐ ഡിസ്‌പെൻസറി കെട്ടിടം തകർച്ചയിൽ. ആപത്തൊന്നും ഉണ്ടാകരുതേ എന്ന പ്രാർഥനയോടെയാണ് ഓരോ രോഗിയും ആരോഗ്യ പ്രവർത്തകരും പുനലൂർ ഇ.എസ്.ഐ ഡിസ്‌പെൻസറിയിലേയ്ക്ക് എത്തുന്നത്. മേൽ കൂരയിലെ കോൺക്രീറ്റ് പാളികൾ ഏതുസമയവും അടർന്നു വീഴാവുന്ന അവസ്ഥയിലാണ്. ദ്രവിച്ച് വീഴാറായ വാതിലുകൾ,​ പൊട്ടിപ്പൊളിഞ്ഞ പടവുകൾ,​ പൊട്ടിയ ജനാലച്ചില്ലുകൾ കൂടാതെ വിഷപ്പാമ്പുകളുടെ താവളമായ വളപ്പും ക്വാർട്ടേഴ്‌സുകളും. പുനലൂർ നഗരഭയിലെ ശിവൻകോവിൽ പാതയോരത്ത് പ്രവർത്തിക്കുന്ന ആതുരാലയത്തിന്റെ ദയനീയ സ്ഥിതിയാണിത്.

ഭാഗവീനിലയമല്ല ആശുപത്രിയാണ്

ഒരാൾപ്പൊക്കത്തിൽ കാടുമൂടിയ ഈ കെട്ടിടം പുറത്തുനിന്നും കണ്ടാൽ പഴയ ഭാർഗവീ നിലയം ആണെന്ന് തോന്നും. ഉള്ളിൽ ഒരു ആശുപത്രി പ്രവർത്തിക്കുന്നുണ്ടെന്ന് പരിസരവാസികൾ ഒഴികെ ആരും വിശ്വസിക്കില്ല.കഴിഞ്ഞവഷം ജൂലായ് അഞ്ചിന്, ഡോക്ടറുടെ കൺസൾട്ടിംഗ് മുറിയിലെ മച്ചിൽ നിന്നും ഇളകിവീണ കോൺക്രീറ്റ് പാളി തലയിൽ പതിക്കാതെ രോഗി രക്ഷപ്പെട്ടത് തലനാരിഴയ്ക്കാണ്. മുറിയിലേയ്ക്ക് കയറുന്നതിന് തൊട്ടുമുൻപാണ് സംഭവം എന്നതിനാൽ ഡോക്ടറും രക്ഷപ്പെട്ടു.രണ്ട് ദിവസം മുമ്പ് ആശുപത്രിയിൽ എത്തിയ പാമ്പിനെ ജീവനക്കാർ അടിച്ചു കൊന്നിരുന്നു.

അധികാരികൾക്ക് കത്തയച്ച് മടുത്തു

നവീകരിക്കണം ആവശ്യപ്പെട്ട് അധികാരികൾക്ക് കത്തയച്ച് ഡിസ്‌പെൻസറി അധികൃതർ മടുത്തു. മച്ചിൽ കോൺക്രീറ്റ് പാളികൾ ഇളകിവീണ സ്ഥലങ്ങളിൽ സിമന്റ് തേച്ചതാണ് അടുത്തിടെ നടത്തിയ ഏക നവീകരണം. ആശുപത്രി വളപ്പിൽ ഇഴജന്തുക്കൾ താവളമാക്കിയ എട്ടു ക്വാർട്ടേഴ്സുകളുണ്ട്. ഇവിടെ ആൾത്താമസമില്ലാതായിട്ട് പതിറ്റാണ്ടുകളായി. ലക്ഷക്കണക്കിന് രൂപ മൂല്യമുള്ള കെട്ടിടങ്ങളാണ് ആർക്കും പ്രയോജനപ്പെടാതെ ദ്രവിച്ച് നശിക്കുന്നത്. എഴുകോൺ ഇ.എസ്.ഐ ആശുപത്രിയുടെ അധീനതയിൽ വരുന്ന ഡിസ്‌പെൻസറിയാണിത്. രണ്ടേകാൽ ഏക്കർ വരുന്ന വളപ്പിലാണ് ഡിസ്‌പെൻസറി പ്രവർത്തിക്കുന്നത്. കെട്ടിടം പുന:രുദ്ധരിക്കണമെന്ന് ആവശ്യപ്പെട്ട് 2013 മുതൽ ഏഴുകോൺ ആശുപത്രിയുടെ വികസന സമിതിയ്ക്ക് കത്തയയ്ക്കുന്നു. തൃശൂരിലെ ജോയിന്റ് ഡയറക്ടർക്ക് കത്ത് നൽകിയിട്ടും ഫലമുണ്ടായില്ല.


സംസ്ഥാന സർക്കാർ മുൻകൈയെടുക്കണം
ഇ.എസ്.ഐ ഡിസ്‌പെൻസറിയുടെ ഭരണനിർവഹണ ചുമതല സംസ്ഥാന സർക്കാരിനാണ്. പണം അനുവദിക്കുന്നത് കേന്ദ്രസർക്കാരും. കെട്ടിടം നവീകരിക്കുന്നതിന് ഇ.എസ്.ഐ കോർപ്പറേഷനിൽ നിന്നും പദ്ധതി കിട്ടിയാൽ പണം അനുവദിപ്പിക്കുന്നതിന് തടസമില്ല. ഇതിന് ആവശ്യമായ എല്ലാ സഹായവും ചെയ്യും.

എൻ.കെ.പ്രേമചന്ദ്രൻ.എം.പി .

പദ്ധതി കിട്ടണം

ഡിസ്‌പെൻസറി കെട്ടിടം നവീകരണത്തിന് ബന്ധപ്പെട്ടവർ പദ്ധതി സമർപ്പിച്ചാൽ തൊഴിൽ വകുപ്പുമായി ബന്ധപ്പെട്ട് വേണ്ട നടപടി സ്വീകരിക്കും. ഇത്തരമൊരു ആവശ്യം ഇതുവരെ മുന്നിൽ വന്നിട്ടില്ല. പദ്ധതി ലഭിച്ചാൽ തീർച്ചയായും ഇടപെട്ട് വേണ്ടത് ചെയ്യും.

മന്ത്രി കെ.രാജു
(സ്ഥലം എം.എൽ.എ.)