
 ജീവൻ തിരിച്ചുകിട്ടിയത് അഗ്നിശമന സേനാംഗങ്ങളുടെ ഇടപെടലിലൂടെ
കൊല്ലം: തേവള്ളി പാലത്തിൽ നിന്ന് കായലിലേക്ക് ചാടിയ യുവതിക്ക് രക്ഷകരായി അഗ്നിശമന സേനാംഗങ്ങൾ. മരിച്ചെന്ന് കരുതി മത്സ്യത്തൊഴിലാളികൾ തീരത്തെത്തിച്ച യുവതിക്ക് നേരിയ നാഡിമിടിപ്പുണ്ടെന്ന് തിരിച്ചറിഞ്ഞ സേനാംഗങ്ങളുടെ അവസരോചിതമായ ഇടപെടലാണ് ജീവിതത്തിലേക്ക് അവരെ തിരിച്ചെത്തിച്ചത്.
ഇന്നലെ വൈകിട്ട് ആറുമണിയോടെയാണ് തേവള്ളി പാലത്തിൽ നിന്ന് 29 വയസ് തോന്നിക്കുന്ന അജ്ഞാത സ്ത്രീ കായലിലേക്ക് എടുത്തുചാടിയത്. വിവരമറിഞ്ഞ് കടപ്പാക്കടയിൽ നിന്ന് സ്കൂബാ ടീം എത്തുന്നതിനിടെ മത്സ്യബന്ധനത്തിലേർപ്പെട്ടിരുന്ന മത്സ്യത്തൊഴിലാളികൾ കൂടെച്ചാടി യുവതിയെ കരയ്ക്കെത്തിച്ചു. വെള്ളം കുടിച്ചും ശ്വാസംമുട്ടിയും അബോധാവസ്ഥയിലായ യുവതി മരിച്ചെന്ന് കരുതി ഇവർ കരയ്ക്ക് കിടത്തി.
ഈ സമയം അസി. സ്റ്റേഷൻ ഓഫീസർ ശശിധരന്റെ നേതൃത്വത്തിലെത്തിയ സ്കൂബാ ടീം അംഗങ്ങളായ ധനേഷും വിജേഷും യുവതിക്ക് നേരിയ പൾസുള്ളതായി മനസിലാക്കി. ഉടൻ ഹൃദയത്തിന്റെ പ്രവർത്തനം പുനരുജ്ജീവിപ്പിക്കാനായി സി.പി.ആറും കൃത്രിമ ശ്വാസോച്ഛ്വാസവും നൽകിയ ശേഷം യുവതിയെ ജില്ലാ ആശുപത്രിയിലെത്തിക്കുകയായിരുന്നു.
അഗ്നിശമനസേനാംഗങ്ങളായ ധനേഷിന്റെയും വിജേഷിന്റെയും സമയോചിതമായ ഇടപെടലാണ് ഹൃദയമിടിപ്പ് വീണ്ടെടുക്കാനും യുവതിയുടെ ജീവൻ രക്ഷിക്കാനും സഹായിച്ചതെന്ന് ഡോക്ടർമാർ അഭിപ്രായപ്പെട്ടു. യുവതിക്ക് ബോധം വീണ്ടുകിട്ടിയിട്ടില്ലാത്തതിനാൽ തിരിച്ചറിയാൻ സാധിച്ചിട്ടില്ലെന്ന് കൊല്ലം വെസ്റ്റ് പൊലീസ് വെളിപ്പെടുത്തി.