x

പാരിപ്പള്ളി: കേന്ദ്ര - സംസ്ഥാന സർക്കാരുകളുടെ സംയുക്ത സംരംഭമായ ജലജീവൻ മിഷന്റെ സൗജന്യ കുടിവെള്ള പദ്ധതിക്ക് കല്ലുവാതുക്കൽ പഞ്ചായത്തിൽ തുടക്കമായി. ആസൂത്രണ സമിതിക്ക് നൽകിയ പട്ടികയിൽ കുടിവെള്ള പദ്ധതി ഉൾപ്പെടുത്താത്തതും പഞ്ചായത്ത് കമ്മിറ്റിയിൽ കോൺഗ്രസ് പാർലമെന്ററി പാർട്ടി ലീഡർ അഡ്വ. സിമ്മിലാലിന്റെ നേതൃത്വത്തിൽ ഇക്കാര്യം ചോദ്യം ചെയ്തതും കേരളകൗമുദി ആഗസ്റ്റ് 11ന് വാർത്തയാക്കിയിരുന്നു. പദ്ധതിയുടെ ആദ്യ ഘട്ടത്തിൽ ആയിരം കുടിവെള്ള കണക്ഷൻ നൽകാനായി പഞ്ചായത്തിൽ 1.25 കോടി രൂപ ജലവിഭവ വകുപ്പ് വകയിരുത്തിയിരുന്നു. പദ്ധതി നിർവഹണത്തിന് 19 ലക്ഷത്തോളം രൂപ പഞ്ചായത്ത് ചെലവഴിക്കണം. കഴിഞ്ഞ ജൂൺ 26ന് ചേർന്ന പഞ്ചായത്ത് കമ്മിറ്റിയുടെ അജണ്ടയിൽ ഇക്കാര്യം ഉൾപ്പെടുത്തി ചർച്ച ചെയ്തെങ്കിലും തീരുമാനമെടുക്കാതെ ഉപേക്ഷിക്കുകയായിരുന്നു.

ജൂലായ് 30ന് ജില്ലാ ആസൂത്രണ സമിതിക്ക് പഞ്ചായത്തിൽ നിന്ന് സമർപ്പിച്ച പുതുക്കിയ പദ്ധതികളിലും കുടിവെള്ള പദ്ധതി ഉൾപ്പെട്ടില്ല. കല്ലുവാതുക്കൽ പഞ്ചായത്തിന് വേണ്ട ഒന്നേകാൽ കോടിയുടെ കുടിവെള്ള പദ്ധതി എന്ന തലക്കെട്ടോടെ പ്രസിദ്ധീകരിച്ച കേരളകൗമുദി വാർത്തയെ തുടർന്ന് ആസൂത്രണസമിതിയിൽ പദ്ധതി ഉൾപ്പെടുത്തുകയും ആദ്യഘട്ടമെന്ന നിലയിൽ മൂന്ന് ലക്ഷം രൂപ വകയിരുത്തുകയും ചെയ്തു.

50 ലക്ഷം ഭവനങ്ങൾ

69 പഞ്ചായത്തുകൾ

സംസ്ഥാനത്ത് 50 ലക്ഷം ഗ്രാമീണ ഭവനങ്ങളിൽ സൗജന്യമായി പൈപ്പ് ലൈൻ വഴി ശുദ്ധജലം എത്തിക്കുന്ന പദ്ധതി ജില്ലയിലെ 69 പഞ്ചായത്തുകളിലാണ് നടപ്പാക്കുന്നത്. കേന്ദ്രം - 45 ശതമാനം, സംസ്ഥാനം - 30, തദ്ദേശസ്ഥാപനം - 15, ഗുണഭോക്താവ് - 10 എന്നിങ്ങനെയാണ് പദ്ധതി വിഹിതം.

സ്വാഗതാർഹം

ജപ്പാൻകുടിവെള്ള പദ്ധതിയുടെ തുടക്കത്തിൽ അതിനോട് മുഖം തിരിഞ്ഞുനിന്ന അതേ സമീപനമാണ് ജലജീവൻ മിഷന്റെ സൗജന്യകുടിവെള്ള പദ്ധതിയുടെ കാര്യത്തിലും പഞ്ചായത്ത് അധികൃതർ കാട്ടിയത്. പദ്ധതി നടപ്പാക്കാൻ തീരുമാനിച്ചതിലൂടെ നിർദ്ധനരായ ആയിരം കുടുംബങ്ങൾക്ക് കുടിവെള്ളം എത്തിക്കാൻ കഴിയും.

അഡ്വ. സിമ്മിലാൽ എസ്.എസ്.

കോൺഗ്രസ് പാർലമെന്ററി പാർട്ടി ലീഡർ,

കോട്ടക്കേറം വാർഡംഗം

ആദ്യഘട്ടത്തിൽ 1000 സൗജന്യ കണക്ഷൻ

പഞ്ചായത്തിലെ 15 വാർഡുകളിൽ ആയിരം സൗജന്യ കണക്ഷൻ നൽകുന്നതിനായുള്ള ഗുണഭോക്തൃ പട്ടിക തയ്യാറാക്കി വാട്ടർ അതോറിട്ടി എൻജിനിയർക്ക് കൈമാറുന്ന പ്രവർത്തനം അവസാനഘട്ടത്തിലാണ്. പ്രദേശവാസികൾ പതിനായിരത്തോളം രൂപ മുടക്കി കുടിവെള്ള കണക്ഷൻ എടുക്കേണ്ട സാഹചര്യമാണ് ഇതോടെ ഒഴിവായത്.