
 കണക്ഷന് വേണ്ടത് ആധാർ കാർഡ് മാത്രം
കൊല്ലം: ഗ്രാമങ്ങളിലെ എല്ലാ വീട്ടുമുറ്റത്തും ജലജീവൻ മിഷൻ വഴി കുടിവെള്ളമെത്തും. ഗാർഹിക കണക്ഷൻ ഇല്ലാത്ത കുടുംബങ്ങൾക്ക് ആധാർ കാർഡ് മാത്രം രേഖയായി നൽകി കണക്ഷനെടുക്കാം.
കുറഞ്ഞ ചെലവിനൊപ്പം ലളിതമായ നടപടി ക്രമങ്ങളും പദ്ധതിയുടെ പ്രത്യേകതയാണ്.
നടപടിക്രമങ്ങൾ ലളിതമാക്കാൻ വാട്ടർ അതോറിറ്റി മൊബൈൽ ആപ്ലിക്കേഷനും പുറത്തിറക്കി. ഈ ആപ്പ് വഴിയാണ് കണക്ഷൻ സംബന്ധിച്ച നടപടി ക്രമങ്ങൾ പുരോഗമിക്കുക. ഗുണഭോക്താക്കൾ ആധാർ നമ്പരും മൊബൈൽ നമ്പറും മാത്രം നൽകിയാൽ മതിയാകും. ഉദ്യോഗസ്ഥർ ഗുണഭോക്താക്കളുടെ വീടുകളിൽ നേരിട്ടെത്തി കണക്ഷൻ നടപടികൾ പൂർത്തിയാക്കും.
ഗുണഭോക്താക്കളുടെ മൊബൈൽ നമ്പരിലേക്ക് കൺസ്യൂമർ നമ്പർ എസ്.എം.എസ് ആയി അയച്ചുനൽകും. പദ്ധതി നിർവഹണത്തിനായി സംസ്ഥാന - ജില്ലാ തലത്തിലും ഗ്രാമീണ ജലശുചിത്വ സമിതികളെ സഹായിക്കാനായി പഞ്ചായത്ത് തലത്തിലും പ്രോജക്ട് ഇംപ്ലിമെന്റേഷൻ യൂണിറ്റ് പ്രവർത്തിക്കുന്നുണ്ട്.
 ഉപഭോക്താവിന് കുറഞ്ഞ മുതൽ മുടക്ക്
പഞ്ചായത്ത് തലത്തിലുള്ള ആകെ പദ്ധതിച്ചെലവിന്റെ പത്ത് ശതമാനമാണ് ഗുണഭോക്തൃ വിഹിതമായി സമാഹരിക്കേണ്ടത്. ഈ പത്തുശതമാനം തുകയെ, പഞ്ചായത്തിൽ ആകെ നൽകുന്ന കണക്ഷനുകളുടെ എണ്ണം കൊണ്ട് ഭാഗിക്കുമ്പോൾ കിട്ടുന്ന തുക മാത്രമാണ് വ്യക്തിഗതമായി ചെലവാക്കേണ്ടിവരുന്നത്. ഗുണഭോക്തൃ വിഹിതം ലഭ്യമാക്കുന്ന മുറയ്ക്ക് കണക്ഷൻ ലഭിക്കും. ആദ്യം ഗുണഭോക്തൃ വിഹിതം അടയ്ക്കുന്നവർക്ക് ആദ്യം കണക്ഷൻ എന്നതാണ് രീതി. പഞ്ചായത്ത് തലത്തിൽ പ്രവൃത്തികൾ ആരംഭിക്കുന്ന മുറയ്ക്ക് കണക്ഷൻ ലഭ്യമാക്കും. എ.പി.എൽ, ബി.പി.എൽ വ്യത്യാസമില്ലാതെ മുഴുവൻ ഗ്രാമീണ കുടുംബങ്ങൾക്കും ഇങ്ങനെ കുറഞ്ഞ തുക ഗുണഭോക്തൃ വിഹിതമായി അടച്ച് കണക്ഷൻ നേടാം. കണക്ഷനെടുക്കുന്നതിന് പഞ്ചായത്ത് ഓഫീസിനെയോ തൊട്ടടുത്ത വാട്ടർ അതോറിറ്റി ഓഫീസിനെയോ ജലനിധി ഓഫിസിനെയോ സമീപിക്കാം.
 ജില്ലയിലെ ഗ്രാമീണ വീടുകൾ: 5,66,772
 ഗാർഹിക കണക്ഷൻ ലഭിച്ച വീടുകൾ : 1,47,779
 കണക്ഷൻ ലഭിക്കാനുള്ള വീടുകൾ: 4,18,993
 നൽകുന്ന കണക്ഷനുകൾ: 3,03,310
 നിയമസഭാ മണ്ഡലം, ആകെ ഗ്രാമീണ വീടുകൾ, കുടിവെള്ള കണക്ഷൻ ഉള്ളത് (2020 ഏപ്രിൽ1), കണക്ഷൻ നൽകാനുള്ളത്, 2020- 21ൽ കണക്ഷൻ നൽകാൻ ലക്ഷ്യമിടുന്നത്
കുന്നത്തൂർ: 70,774 / 28,117/ 42,657 / 26,203
കരുനാഗപ്പള്ളി: 55,201 / 11, 768 / 43,433 / 18,004
പുനലൂർ: 57,691 / 6004 / 51,687 / 41,691
പത്തനാപുരം: 62,124 / 12,016 / 50,108 / 49,968
കൊട്ടാരക്കര: 59,249 / 4565 / 54, 684 / 46, 905
കൊല്ലം: 13,376 / 4125 / 9251 / 1000
ചവറ: 51,959 / 34,341 / 17,618 / 17,765
കുണ്ടറ: 65,599 / 20042 / 45,557 / 29,684
ചടയമംഗലം: 67,573 / 7610 / 59,963 / 45,897
ചാത്തന്നൂർ: 50,554 / 14,024 / 36,530 / 19,839
ഇരവിപുരം: 12,672 / 5167 / 7505 / 6354