കരുനാഗപ്പള്ളി: ആലപ്പാട്ട് ഗ്രാമപഞ്ചായത്തിലെ സമുദ്ര തീരം ഇടിഞ്ഞ് താഴുന്നു. തീര സംരക്ഷണ ഭിത്തിക്ക് പിന്നിലുള്ള കരയാണ് തകർന്ന് കടലിൽ പതിക്കുന്നത്. സുനാമി ദുരന്തത്തിന് ശേഷം കരിങ്കൽ ഭിത്തി സംരക്ഷിക്കുന്നതിൽ ബന്ധപ്പെട്ട വകുപ്പുകൾ കാണിക്കുന്ന അനാസ്ഥയാണ് സമുദ്ര തീരം തകർന്ന് വീഴാൻ കാരണമെന്ന് നാട്ടുകാർ പറയുന്നു. കഴിഞ്ഞ 16 വർഷത്തിനുള്ളിൽ സമുദ്രതീര സംരക്ഷണത്തിനായി സർക്കാർ വേണ്ടത്ര ശ്രദ്ധകാണിക്കുന്നില്ലെന്നാണ് നാട്ടുകാരുടെ പരാതി.
പാറക്കല്ലുകൾ വിനയായി
തീരം തകർന്ന് വീഴുന്നതിനാൽ വെള്ളനാതുരുത്ത് മുതൽ അഴീക്കൽ വരെയുള്ള ഭാഗങ്ങളിൽ ഏക്കർ കണക്കിന് കരയാണ് കടലിൽ പതിച്ചത്. നിലവിലുള്ള തീര സംരക്ഷണ ഭിത്തി തകർന്ന് പോയതിനാൽ ശക്തമായ തിരമാലകൾ സംരക്ഷണ ഭിത്തിയും കടന്ന് കരയിലേക്ക് അടിച്ച് കയറുന്നതാണ് തീരം തകരാൻ കാരണം. ഒന്നര പതിറ്റാണ്ടിന് മുമ്പ് വരെ സർക്കാർ സമുദ്രര തീര സംരക്ഷണത്തിന് ഏറെ പ്രാമുഖ്യം നൽകിയിരുന്നു. എല്ലാ വർഷവും കാലവർഷം ആരംഭിക്കുന്നതിന് മുമ്പ് അറ്റകുറ്റപ്പണികൾ നടത്തി തീരം ഫലപ്രദമായി സംരക്ഷിക്കുമായിരുന്നു. ശക്തമായ തിരമാലകളെ ചെറുക്കാൻ കെൽപ്പുള്ള നമ്പർ സ്റ്റോണുകളാണ് കടൽ ഭിത്തി നിർമ്മാണത്തിന് ഉപയോഗിച്ചിരുന്നത്. എന്നാൽ കാലം പിന്നിട്ടതോടെ നമ്പർ സ്റ്റോണിന് പകരമായി ചെറിയ പാറക്കല്ലുകൾ ഉപയോഗിക്കാൻ തുടങ്ങിയതാണ് സമുദ്ര തീരത്തിന് വിനയായത്. പാറ ജോലി ചെയ്തിരുന്ന തൊഴിലാളികളെ പൂർണമായും ഒഴിവാക്കി മെഷീനുകൾ വന്നതോടെ സമുദ്ര തീര സംരക്ഷണത്തിൽ കടന്ന് കൂടുന്ന അപാകതകളെ കുറിച്ച് നാട്ടുകാർക്ക് വ്യക്തമായ അറിവ് ഇല്ലാതെയായി. തൊഴിലാളികൾ ഉള്ളപ്പോൾ വർക്കിലെ പോരാഴ്മകൾ അവർ ചൂണ്ടിക്കാട്ടിയിരുന്നു.
കാറ്റാടി മരങ്ങൾ സംരക്ഷിച്ചില്ല
സുനാമിക്ക് ശേഷം തീര സംരക്ഷണത്തിനായി ആലപ്പാട്ട് ഗ്രാമപഞ്ചായത്തിൽ ഉടനീളം മാതാ അമൃതാനന്ദമയി മഠം കാറ്റാടി മരം നട്ട് പിടിപ്പിച്ചിരുന്നു. വേണ്ട വിധത്തിൽ സംരക്ഷിച്ചാൽ ഏത് തരം തിരമാലകളേയും ചെറുത്ത് നിൽക്കാൻ കാറ്റാടി മരങ്ങൾക്ക് കഴിയുമായിരുന്നു. എന്നാൽ കാറ്റാടി മരങ്ങൾ സംരക്ഷിക്കുന്നതിൽ ഗ്രാമപഞ്ചായത്തോ ജലസേതന വകുപ്പോ വേണ്ടത്ര ശ്രദ്ധ കാണിച്ചില്ലെന്നാണ് നാട്ടുകാർ പറയുന്നത്. കാറ്റാടി മരം വളർന്ന് നിൽക്കുന്ന സ്ഥലങ്ങളിൽ സമുദ്ര തീരം പൂർണമായും സംരക്ഷിക്കപ്പെടുന്നുണ്ട്. വെള്ളനാതുരുത്ത് മുതൽ അഴീക്കൽ വരെയുള്ള സമുദ്ര തീരം സംരക്ഷിക്കാൻ സർക്കാർ അടിയന്തര നടപടികൾ സ്വീകരിക്കണമെന്ന് നാട്ടുകാർ ആവശ്യപ്പെടുന്നു.