
കൊല്ലം: ശ്രീനാരായണ ഗുരുദേവന്റെ പേരിൽ സ്ഥാപിച്ച ഓപ്പൺ സർവകലാശാലയുടെ തലപ്പത്ത് ശ്രീനാരായണ ദർശനം ആഴത്തിൽ പഠിച്ചയാളെ നിയമിക്കണമെന്ന ആവശ്യം തള്ളിക്കളഞ്ഞ സംസ്ഥാന സർക്കാർ ശ്രീനാരായണ സമൂഹത്തിന്റെ കണ്ണിൽ കുത്തിയെന്ന് എസ്.എൻ.ഡി.പി യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശൻ പറഞ്ഞു. കൊല്ലത്ത് എസ്.എൻ ട്രസ്റ്റ് സെക്രട്ടറിയായി സ്ഥാനമേറ്റ ശേഷം മാദ്ധ്യമ പ്രവർത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
പിന്നാക്ക അധഃസ്ഥിത വിഭാഗങ്ങളെ അധികാരത്തിൽ നിന്ന് ആട്ടിയകറ്റുന്ന പതിവ് എൽ.ഡി.എഫ് സർക്കാരും ആവർത്തിച്ചിരിക്കുകയാണ്. ഇത് സർവകലാശാല സ്ഥാപിച്ചതിന്റെ ശോഭ കെടുത്തി. സർക്കാരിന്റെ പ്രതിച്ഛായയ്ക്കും മങ്ങലേൽപ്പിച്ചു. ഗുരുദേവന്റെ പേരിലുള്ള സർവകലാശാലയുടെ വി.സിയായി ശ്രീനാരായണീയനെ നിയമിക്കാൻ എന്തായിരുന്നു തടസം?. ഗുരുദേവ ദർശനം ആഴത്തിൽ പഠിക്കുകയും ഗുരുദേവനെ ഹൃദയത്തിൽ പ്രതിഷ്ഠിക്കുകയും ചെയ്ത എത്രയോ പേർ സർക്കാർ സർവീസിലും പുറത്തുമുണ്ട്. അതിൽ എത്രയോ പേർ ഇടത് സഹയാത്രികരാണ്. അവരെയൊന്നും പരിഗണിക്കാതെ മലബാറുകാരനായ പ്രവാസിയെ നിർബന്ധിച്ച് വി.സിയാക്കാൻ ഉന്നത വിദ്യാഭ്യാസ മന്ത്രി കെ.ടി. ജലീൽ വാശി കാണിച്ചത് എന്തിനെന്ന് മനസിലാകുന്നില്ല.
ശ്രീനാരായണീയർക്കും അധഃസ്ഥിതർക്കും തിരു - കൊച്ചിയിലേത് പോലെ അവഗണന അക്കാലത്ത് മലബാർ മേഖലയിൽ ഉണ്ടായിട്ടില്ല. അതുകൊണ്ടാണ് തിരു - കൊച്ചി മേഖലയിൽ ഗുരുദർശനം ആഴത്തിൽ വേരോടിയത്. ഈ പാരമ്പര്യത്തിന്റെ കണ്ണിയായിരുന്നു സർവകലാശാലയുടെ തലപ്പത്ത് വരേണ്ടിയിരുന്നത്. ഇതവഗണിച്ചത് ശ്രീനാരായണ സമൂഹത്തോടുള്ള അവഹേളനമാണ്. ഉന്നത വിദ്യാഭ്യാസ മന്ത്രിക്ക് ഇതിലുള്ള ചേതോവികാരം മനസിലാക്കാൻ പാഴൂർ പടിപ്പുര വരെ പോകേണ്ട. സർക്കാർ തീരുമാനം കേരളത്തിലെ മതേതര ചിന്തയ്ക്ക് മുറിവേൽപ്പിച്ചു.
ഇടതുപക്ഷം ഭരിക്കുമ്പോൾ ഇങ്ങനെ ഉണ്ടാകാൻ പാടില്ലായിരുന്നു. പ്രത്യേകിച്ച് നവോത്ഥാന മുദ്രാവാക്യവുമായി നടക്കുമ്പോൾ. ശ്രീനാരായണ സമൂഹത്തിനുണ്ടായ ഹൃദയവേദനയ്ക്ക് മന്ത്രി ജലീലും സർക്കാരും മറുപടി പറയണം. ജലീലിന്റെ വാശിക്ക് സർക്കാർ കീഴടങ്ങരുതായിരുന്നു. സംഘടിത ശക്തികൾ ഇരിക്കാൻ പറയുമ്പോൾ കിടക്കുന്ന സമീപനമാണ് ഇടതുപക്ഷത്തിന്റേതെന്നും വെള്ളാപ്പള്ളി പറഞ്ഞു.