
കൊല്ലം: ബ്ലോക്ക് പഞ്ചായത്തുകളിൽ അധികാരം ഉറപ്പിക്കേണ്ടത് നിയമസഭാ തിരഞ്ഞെടുപ്പിന് മുമ്പ് ജില്ലയിലെ രാഷ്ട്രീയ മേൽക്കോയ്‌മയ്ക്ക് അനിവാര്യമാണെന്ന ബോദ്ധ്യത്തിലാണ് മുന്നണികൾ തിരഞ്ഞെടുപ്പിലേക്ക് നീങ്ങുന്നത്. നിലവിൽ ജില്ലയിലെ 11 ബ്ലോക്ക് പഞ്ചായത്തുകളും എൽ.ഡി.എഫ് നിയന്ത്രത്തിലാണ്.
തിരഞ്ഞെടുപ്പിൽ ഇടത് ആധിപത്യത്തെ മറികടക്കാൻ ആയില്ലെങ്കിൽ അടുത്ത നിയമസഭാ തിരഞ്ഞെടുപ്പിനെ ബാധിക്കുമെന്ന ആശങ്ക യു.ഡി.എഫ് നേതൃത്വത്തിനുണ്ട്. കഴിഞ്ഞ തവണ ജില്ലയിലെ 11 നിയമസഭാ മണ്ഡലങ്ങളിലും പരാജയപ്പെട്ടതാണ് യു.ഡി.എഫ് സംസ്ഥാന തലത്തിൽ തന്നെ പിന്നാക്കം പോകുന്നതിന്റെ പ്രധാന ഘടകമായത്. അടുത്ത നിയമസഭാ തിരഞ്ഞെടുപ്പിലും ജില്ലയിലെ യു.ഡി.എഫ് സമ്പൂർണ പരാജയം വരിച്ചാൽ സംസ്ഥാന ഭരണത്തിലേക്ക് മടങ്ങി വരാനുള്ള ശ്രമങ്ങൾക്ക് തിരിച്ചടിയാകും.
അതിനാൽ ശക്തമായ മത്സരത്തിലൂടെ അധികാരം നേടിയേ മതിയാകൂ എന്ന നിർദേശം ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റികൾക്ക് ജില്ലാ കോൺഗ്രസ് നേതൃത്വം നൽകിയിട്ടുണ്ട്. ചവറ, ശാസ്താംകോട്ട ബ്ലോക്ക് പഞ്ചായത്തുകളിൽ അധികാരം തിരികെ പിടിക്കേണ്ടത് ആർ.എസ്.പിക്കും അനിവാര്യമാണ്.
ശാസ്താംകോട്ട, ചവറ ബ്ലോക്കുകളിൽ മാത്രമായിരുന്നു കഴിഞ്ഞ തവണ എൽ.ഡി.എഫിനൊപ്പം ശക്തമായ ചെറുത്തുനിൽപ്പ് നടത്താൻ യു.ഡി.എഫിന് കഴിഞ്ഞത്.
കൊട്ടാരക്കര, ചിറ്റുമല, ഇത്തിക്കര ബ്ലോക്കുകളിൽ ഒരാളെ മാത്രമാണ് യു.ഡി.എഫിന് വിജയിപ്പിക്കാനായത്. ചിറ്റുമലയിൽ കേരള കോൺഗ്രസ് (എം) പ്രതിനിധിയാണ് യു.ഡി.എഫിന്റെ മാനം കാത്തത്. ഇത്തവണ ബി.ജെ.പിയും ബ്ലോക്ക് പഞ്ചായത്തുകൾ കേന്ദ്രീകരിച്ച് ശക്തമായ മത്സരത്തിനാണ് ശ്രമിക്കുന്നത്. പതിനൊന്ന് ബ്ലോക്ക് പഞ്ചായത്തുകളിലും അക്കൗണ്ട് തുറക്കാൻ കഴിയാതിരുന്ന ബി.ജെ.പി ഇത്തവണ രണ്ട് ബ്ലോക്ക് പഞ്ചായത്തുകളിൽ ഭരണം പിടിക്കുമെന്ന ആത്മവിശ്വാസം പ്രകടിപ്പിച്ചാണ് പ്രവർത്തനങ്ങൾ ഏകോപിപ്പിക്കുന്നത്.
യു.ഡി.എഫിനും എൽ.ഡി.എഫിനും ബി.ജെ.പിക്കും ഒരേപോലെ അഭിമാന പോരാട്ടമായി മാറുകയാണ് തദ്ദേശ തിരഞ്ഞെടുപ്പ്.
 ബ്ലോക്ക് പഞ്ചായത്തുകൾ: 11
 സീറ്റുകൾ: 152
 കഴിഞ്ഞ തവണ ലഭിച്ചത്
 സി.പി.എം: 74
 സി.പി.ഐ: 42
 കോൺഗ്രസ് 28
 ആർ.എസ്.പി 3
 കേരളാ കോൺഗ്രസ് (എം): 2
 കേരളാ കോൺഗ്രസ് ബി: 1
 ആർ.എസ്.പി (എം): 1
 ജനതാദൾ (എസ്): 1