vella

കൊല്ലം: ഒൻപതാം തവണ എസ്.എൻ ട്രസ്റ്റിന്റെ സെക്രട്ടറി സ്ഥാനത്തെത്തിയ വെള്ളാപ്പള്ളി നടേശന്റെ മനസിൽ ഒരുപാട് സ്വപ്നങ്ങളുണ്ട്. ഇന്നലെ വരെ ട്രസ്റ്റിനുണ്ടായ മുന്നേറ്റത്തേക്കാൾ വലിയ കുതിപ്പാണ് ലക്ഷ്യമിടുന്നത്. സമുദായത്തോടും ട്രസ്റ്റിനോടുമുള്ള അവഗണനകൾക്കെതിരെ അദ്ദേഹം ശക്തമായ ഭാഷയിൽ പ്രതികരിക്കുന്നു.

 എസ്.എൻ ട്രസ്റ്റിന്റെ തുടർ പ്രവർത്തനങ്ങൾ ?

പിന്നാക്ക വിഭാഗങ്ങൾക്ക് വിദ്യാഭ്യാസ മേഖലയിൽ നീതി നേടിയെടുക്കുകയാണ് പ്രധാന ലക്ഷ്യം. മലബാർ മേഖലയിൽ കൂടുതൽ സൗകര്യങ്ങളൊരുക്കും. പുതിയ വിദ്യാഭ്യാസ സ്ഥാപനങ്ങൾ ആരംഭിക്കും. ആശുപത്രികളടക്കമുള്ള സ്ഥാപനങ്ങളും തുടങ്ങും. പുതിയ എയ്ഡഡ് സ്ഥാപനങ്ങൾ സർക്കാരിൽ നിന്ന് വാങ്ങിയെടുക്കാൻ ശ്രമിക്കും. കൊല്ലം ശങ്കേഴ്സ് ആശുപത്രിയെ പഴയ പ്രതാപത്തിലേക്ക് കൊണ്ടുവരും.

 ട്രസ്റ്റിനും യോഗത്തിനും ഒരേ നേതൃത്വം ?

നേരത്തെ ട്രസ്റ്റും യോഗവും രണ്ടുവഴിക്കായിരുന്നപ്പോൾ സമുദായത്തിനായിരുന്നു ദോഷം. അന്ന് കോളേജുകളിലെയും സ്കൂളുകളിലെയും മാനേജ്മെന്റ് ക്വാട്ടയിലെ അഡ്മിഷന് കേന്ദ്രീകൃത സ്വഭാവമായിരുന്നു. ഇപ്പോൾ അത് മാറി. അഡ്മിഷനുള്ള അവകാശം യൂണിയനുകൾക്കും ആർ.ഡി.സികൾക്കും നൽകി. അർഹരായവർക്ക് അഡ്മിഷൻ ഉറപ്പാക്കാൻ ഇത് സഹായകരമാകുന്നു. ശങ്കേഴ്സ് ആശുപത്രിയിൽ യോഗത്തിന്റെ പ്രവർത്തകർക്കും അംഗങ്ങൾക്കും ചികിത്സയ്ക്ക് പ്രത്യേക അനൂകൂല്യം നൽകുന്നു.

 അധികാര കേന്ദ്രങ്ങൾ ട്രസ്റ്റിനെ അവഗണിക്കുന്നുണ്ടോ ?

എസ്.എൻ ട്രസ്റ്റിന് വിദ്യാഭ്യാസ നീതി നാളിതുവരെ ലഭിച്ചിട്ടില്ല. ആർ. ശങ്കറിന് ശേഷം എസ്.എൻ ട്രസ്റ്റിന് മൂന്ന് കോളേജുകൾ മാത്രമാണ് കിട്ടിയത്. മറ്റ് സമുദായങ്ങൾ അധികാരത്തിന്റെ അകത്തളങ്ങളിൽ കയറി വിദ്യാഭ്യാസ സ്ഥാപനങ്ങളടക്കം ഒപ്പിട്ടെടുക്കുകയാണ്. മുസ്ലീം ലീഗ് അല്ലെങ്കിൽ കേരളാ കോൺഗ്രസാണ് കൂടുതൽ കാലം വിദ്യാഭ്യാസ വകുപ്പ് കൈകാര്യം ചെയ്തിട്ടുള്ളത്. ആ സമുദായങ്ങൾക്ക് വിദ്യാഭ്യാസ, സാമ്പത്തിക പുരോഗതിയുണ്ടായി. ഒരേ സർക്കാർ ഉത്തരവിൽ അനുവദിച്ച എസ്.എൻ ട്രസ്റ്റിന്റെയും മറ്റ് സമുദായങ്ങളുടെയും കോളേജുകളിൽപ്പോലും കോഴ്സുകളുടെ എണ്ണത്തിൽ വലിയ അന്തരമുണ്ട്. നമ്മുടെ സമുദായത്തിന് ഒരു കോളേജ് കിട്ടുമ്പോൾ നമ്മുടെ കുട്ടികൾക്ക് പഠിക്കാൻ അവസരവും അദ്ധ്യാപക ജോലിയും കിട്ടും. 14 ജില്ലകളിൽ എട്ടിടത്ത് എസ്.എൻ ട്രസ്റ്റിന് ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങളില്ല. ഇടത് സർക്കാർ വന്നപ്പോഴെങ്കിലു പരിഹാരമുണ്ടാകുമെന്നാണ് കരുതിയത്. മറ്റ് പല സമുദായങ്ങൾക്കും ഈ സർക്കാർ കോളേജുകൾ അനുവദിച്ചു. നമുക്ക് കോളേജുകളില്ലാത്ത മലബാറിൽപ്പോലും ഒരെണ്ണം അനുവദിച്ചില്ല. നമുക്ക് കോഴ്സുകൾ തന്ന് അഞ്ചും ആറും വർഷം കഴിഞ്ഞിട്ടും അദ്ധ്യാപക നിയമനത്തിന് അനുമതി നൽകുന്നില്ല.

 ശ്രീനാരായണ സർവകലാശാല വി.സി നിയമനം?

നമുക്ക് വേണ്ടി പറയാൻ താക്കോൽ സ്ഥാനത്ത് ആരുമില്ല. ശ്രീനാരായണഗുരു ഓപ്പൺ യൂണിവേഴ്സിറ്റിയിലെ വി.സി നിയമനത്തിൽ കടുത്ത അനീതിയാണുണ്ടായത്. ഇവിടെയുള്ളവരെയെല്ലാം അവഗണിച്ചാണ് പ്രവാസിയെ വി.സിയാക്കിയിരിക്കുന്നത്. തൂണും ചാരി നിന്നവൻ പെണ്ണും കൊണ്ട് പോയ അവസ്ഥയാണ്. നക്കാപ്പിച്ച വലിച്ചെറിഞ്ഞ് കൊടുക്കുന്നത് പോലെ പ്രോ വൈസ് ചാൻസലർ പദവി മാത്രമാണ് വച്ചുനീട്ടിയിരിക്കുന്നത്. അധികാരത്തിന്റെ യഥാർത്ഥ ഇരിപ്പിടത്തിൽ ശ്രീനാരായണീയർ ഇരിക്കാൻ പാടില്ലെന്ന് ആരോ നിശ്ചയിച്ചുറപ്പിച്ചത് പോലെയായി.

സർവകലാശാലയുടെ ഉദ്ഘാടനച്ചടങ്ങിലും തിരുവനന്തപുരത്ത് ഗുരുദേവ പ്രതിമ സ്ഥാപിച്ചപ്പോഴും ശ്രീനാരായണ പ്രസ്ഥാനങ്ങളെ ക്ഷണിച്ചില്ല. ഓപ്പൺ സർവകലാശാലയുടെ ഉദ്ഘാടനച്ചടങ്ങ് രാഷ്ട്രീയ മാമാങ്കമായിരുന്നു. സംസ്ഥാനത്തെ ഏറ്റവും വലിയ ശ്രീനാരായണ പ്രസ്ഥാനത്തിന് പ്രാതിനിധ്യം നൽകാതിരുന്നത് സർക്കാരിന്റെ ഇരട്ടത്താപ്പാണ്. യൂണിയൻ ഭാരവാഹികളെ വിളിച്ച് ബാനർ കെട്ടണമെന്ന് മാത്രമാണ് ആവശ്യപ്പെട്ടത്. മറ്റേതെങ്കിലും മത, സമുദായങ്ങളുമായി ബന്ധപ്പെട്ട ചടങ്ങായിരുന്നെങ്കിൽ ആ വിഭാഗത്തിന് പ്രാതിനിധ്യം നൽകാതിരിക്കാൻ ധൈര്യമുണ്ടാകുമായിരുന്നോ?.