 
തഴവ :കരുനാഗപ്പള്ളി നിയോജക മണ്ഡലത്തിൽ തഴവ ഗ്രാമ പഞ്ചായത്തിൽ അനുവദിച്ച ഗവ.കോളേജ് തഴവയിൽ നിലനിർത്തണമെന്ന ആവശ്യം ശക്തമായി. 2016 ലാണ് സംസ്ഥാന സർക്കാർ കരുനാഗപ്പള്ളി നിയോജക മണ്ഡലത്തിന് ഒരു ആർട്സ് ആൻഡ് സയൻസ് കോളേജ് അനുവദിക്കുന്നത്. തഴവ പഞ്ചായത്തിലെ പാവുമ്പയിൽ തുടങ്ങുവാൻ ധാരണയാകുകയും ഇതനുസരിച്ച് 2017 അദ്ധ്യായന വർഷത്തിൽ പാവുമ്പ ഹൈസ്കൂൾ കെട്ടിടത്തിൽ കോളേജ് പ്രവർത്തനം ആരംഭിക്കുകയും ചെയ്തു. ഗവ. കോളേജ് ഒഫ് ആർട്സ് ആൻഡ് സയൻസ് തഴവ എന്ന് യു.ജി.സി നാമകരണം ചെയ്ത ഈ സ്ഥാപനത്തിന് പ്രദേശവാസികൾ വലിയ സ്വീകരണമായിരുന്നു നൽകിയത്. സ്പോൺസറിംഗ് കമ്മിറ്റിയുമായി സഹകരിച്ച് നാട്ടുകാർ നാല് ലക്ഷം രൂപ ചിലവഴിച്ചാണ് സ്കൂൾ കെട്ടിടത്തിൽ കോളേജ് ആരംഭിക്കുവാനുള്ള ഭൗതിക പശ്ചാത്തലം ഒരുക്കിയത്.
ഭൂമി നൽകാൻ നിരവധിയാളുകൾ
2017 മേയ് 10ന് തഴവ ഗ്രാമ പഞ്ചായത്ത് കോൺഫറൻസ് ഹാളിൽ ചേർന്ന സ്പോൺസറിംഗ് കമ്മിറ്റിയിൽ കോളേജ് ഏതു സാഹചര്യത്തിലും പാവുമ്പയിൽ നിലനിർത്തുമെന്ന് സ്ഥലം എം.എൽ.എ ഉറപ്പു നൽകുകയും ഇതനുസരിച്ച് പാവുമ്പയിലെ ഒരു സ്വകാര്യ വ്യക്തിയുടെ അഞ്ചേക്കർ ഭൂമി കോളേജിനായി ഏറ്റെടുക്കുവാൻ തീരുമാനിക്കുകയും ചെയ്തു. എന്നാൽ സ്ഥലം സംബന്ധിച്ച് നടത്തിയ പ്രാഥമിക പരിശോധനയിൽ ഭൂമിക്ക് സാമ്പത്തിക ബാദ്ധ്യതയുണ്ടെന്ന് കണ്ടെത്തിയതോടെ ഏറ്റെടുക്കൽ നടപടിയിൽ നിന്നും അധികൃതർ പിൻമാറുകയായിരുന്നു.ബാദ്ധ്യത കഴിച്ച് ബാക്കി തുക നൽകിയാൽ മതിയെന്ന് ഭൂ ഉടമയും സ്പോൺസറിംഗ് കമ്മിറ്റി അംഗങ്ങളും ആവർത്തിച്ചറിയിച്ചെങ്കിലും അധികൃതർ പരിഗണിച്ചില്ല. അതോടെ ഭൂമി ഏറ്റെടുക്കൽ അനിശ്ചിതത്വത്തിലായതിനെ തുടർന്ന് മണപ്പള്ളി,പാവുമ്പ മേഖലകളിലെ മൂന്ന് ഭൂ ഉടമകൾ കോളേജിന് സ്ഥലം നൽകുവാൻ പഞ്ചായത്തിൽ സമ്മതപത്രംം നൽകിയെങ്കിലും ആരും ഗൗരവമായി പരിഗണിച്ചില്ല.ഇതിനിടയിൽ കോളേജിനായി ആദ്യം കണ്ടെത്തിയ അഞ്ചേക്കർ സ്ഥലം മറ്റൊരു സ്വകാര്യ വ്യക്തി വാങ്ങി ബാദ്ധ്യത തീർത്ത ശേഷം വീണ്ടും കോളേജിനായി നൽകാമെന്ന് അറിയിച്ചെങ്കിലും ഫലമുണ്ടായില്ല.
തഴവയിൽ നിന്ന് മാറ്റാൻ നീക്കം
തഴവ ഗ്രാമ പഞ്ചായത്തിൽ അനുവദിച്ച കോളേജിനെ ഇവിടെ നിന്നും മാറ്റുവാൻ ആദ്യം മുതൽ തന്നെ ചിലർ നീക്കം നടത്തിയതായി നാട്ടുകാർ പരാതിപ്പെടുന്നു. തഴവയിലെ ഒരു സ്വകാര്യ സ്ക്കൂൾ കെട്ടിടത്തിൽ ഇപ്പോൾ വാടകയ്ക്ക് പ്രവർത്തിക്കുന്ന കോളേജ് ഏതു നിമിഷവും ഇവിടെ നിന്നും മാറ്റിക്കൊണ്ടുപോകാവുന്ന അവസ്ഥയിലാണ്.
പാവുമ്പയിൽ ഭൂമി ലഭിച്ചില്ല എന്നത് വ്യാജ വാദമാണ്. ഒന്നിലധികം ഭൂ ഉടമകൾ സ്ഥലം നൽകുന്നതിന് സമ്മതപത്രം നൽകിയതാണ്. കോളേജ് പാവുമ്പയിൽ നിന്ന് മാറ്റിയാൽ ജനങ്ങൾ പൊറുക്കില്ല.
കെ.കെ കൃഷ്ണകുമാർ ചെയർമാൻ ക്ഷേമകാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി തഴവ .
വിവിധ സാങ്കേതിക തടസങ്ങൾ ഉന്നയിച്ച് കോളേജിനെ ഇവിടെ നിന്നും മാറ്റുവാനുള്ള നീക്കം തുടക്കം മുതൽ തന്നെ ആരംഭിച്ചതാണ്. കോളേജിനെ പാവുമ്പയിൽ നിലനിർത്തുന്നതിന് നടപടി വേണം.
ബി. അനിൽകുമാർ, കോളേജ് സ്പോൺസറിംഗ് കമ്മിറ്റി അംഗം
കോളേജ് നിലനിർത്തുന്നതിന് അനുകൂലമായി വരുന്ന സാഹചര്യങ്ങളെല്ലാം അധികൃതർ അറിഞ്ഞു കൊണ്ട് അവഗണിക്കുകയാണ്. ഭൂമി ലഭിക്കാത്തതല്ല ഏറ്റെടുക്കാത്തതാണ് കോളേജിന്റെ കാര്യത്തിൽ നിലനിൽക്കുന്ന പ്രശ്നം. പാവുമ്പ സുനിൽ പ്രതിപക്ഷ നേതാവ് തഴവ ഗ്രാമ പഞ്ചായത്ത്.