velleppally

എസ്.എൻ ട്രസ്റ്റ് സെക്രട്ടറിയായി ചുമതലയേൽക്കുന്ന വെള്ളാപ്പള്ളി നടേശൻ, ട്രസ്റ്റ് ചെയർമാൻ ഡോ. എം.എൻ. സോമൻ, അസി. സെക്രട്ടറി തുഷാർ വെള്ളാപ്പള്ളി, ട്രഷറർ ഡോ.ജി. ജയദേവൻ എന്നിവർ സമീപം

കൊല്ലം: എസ്.എൻ ട്രസ്റ്റ് സെക്രട്ടറിയായി വീണ്ടും തിരഞ്ഞെടുക്കപ്പെട്ട വെള്ളാപ്പള്ളി നടേശൻ ഇന്നലെ ചുമതലയേറ്റു. കൊവിഡ് മാനദണ്ഡങ്ങൾ പാലിച്ചതിനാൽ മുൻകാലങ്ങളിലേത് പോലെ വൻ ജൂനക്കൂട്ടമില്ലായിരുന്നെങ്കിലും പ്രൗഢഗംഭീരമായിരുന്നു ട്രസ്റ്റിന്റെ കൊല്ലത്തെ ആസ്ഥാനത്ത് നടന്ന ചടങ്ങ്.

ട്രസ്റ്റ് ആസ്ഥാനത്തെ ഗുരുദേവ വിഗ്രഹത്തിൽ പുഷ്പാർച്ചന നടത്തിയ ശേഷമാണ് അദ്ദേഹം സ്ഥാനമേറ്റത്. തുടർന്ന്, കൊല്ലം ശങ്കേഴ്സ് ആശുപത്രി വളപ്പിലെ ആർ. ശങ്കറിന്റെ സ്മൃതി കുടീരത്തിലെത്തി പുഷ്പാർച്ചന നടത്തി.എസ്.എൻ ട്രസ്റ്റ് ചെയർമാൻ ഡോ.എം.എൻ. സോമൻ, അസി. സെക്രട്ടറി തുഷാർ വെള്ളാപ്പള്ളി, ട്രഷറർ ഡോ. ജി. ജയദേവൻ, എക്സിക്യുട്ടീവ് അംഗങ്ങളായ അജി.എസ്.ആർ.എം, മോഹൻ ശങ്കർ, എൻ. രാജേന്ദ്രൻ, കെ. പത്മകുമാർ, എ. സോമരാജൻ, കെ.ആർ. ഗോപിനാഥ്, പി.എം. രവീന്ദ്രൻ, സന്തോഷ് അരയാക്കണ്ടി, മേലാങ്കോട് സുധാകരൻ എന്നിവരും ചുമതലയേറ്റു.

എസ്.എൻ ട്രസ്റ്റ് ഡയറക്ടർ ബോർഡംഗം പ്രീതി നടേശൻ, യോഗം കൗൺസിലർമാരായ പി. സുന്ദരൻ, പച്ചയിൽ സന്ദീപ്, ശ്രീനാരായണ എംപ്ലോയീസ് ഫോറം കോ- ഓർഡിനേറ്റർ പി.വി. റജിമോൻ, കേന്ദ്ര സമിതി പ്രസിഡന്റ് എസ്. അജുലാൽ, ശ്രീനാരായണ പെൻഷണേഴ്സ് കൗൺസിൽ പ്രസിഡന്റ് ചന്തു, യോഗം കൊല്ലം യൂണിയൻ കൗൺസിലർമാരായ വിജയകുമാർ, പുണർതം പ്രദീപ്, അഡ്വ. എസ്. ഷേണാജി, യൂത്ത് മൂവ്മെന്റ് കൊല്ലം യൂണിയൻ പ്രസിഡന്റ് രഞ്ജിത്ത് രവീന്ദ്രൻ, സെക്രട്ടറി പ്രതാപൻ, പ്രമോദ് കണ്ണൻ തുടങ്ങിയവർ പങ്കെടുത്തു. എൻ.കെ. പ്രേമചന്ദ്രൻ എം.പി, ഡി.സി.സി പ്രസിഡന്റ് ബിന്ദുകൃഷ്ണ, വിവിധ ശ്രീനാരായണ പ്രസ്ഥാനങ്ങളുടെ ഭാരവാഹികൾ, എസ്.എൻ ട്രസ്റ്റ് സ്ഥാപനങ്ങളുടെ മേധാവികൾ തുടങ്ങിയവരെത്തി വെള്ളാപ്പള്ളിയെ അനുമോദിച്ചു.