
കൊല്ലം: ജില്ലാ പഞ്ചായത്ത് ഇക്കുറിയും തങ്ങൾ തന്നെ ഭരിക്കുമെന്ന ആത്മവിശ്വാസത്തിലാണ് ഇടതുമുന്നണി. ജില്ലാ പഞ്ചായത്തുണ്ടായ കാലം മുതൽ സീറ്റെണ്ണത്തിൽ മുന്നിലായിരുന്നു സി.പി.എമ്മും ഇടതുമുന്നണിയും. സി.പി.എം 14 ഉം സി.പി.എെ 8 ഉം സീറ്റുകൾ നേടിയാണ് മുന്നണി ജില്ലാപഞ്ചായത്ത് തൂത്തുവാരിയത്.
26 സീറ്റിൽ 22 ഉം ഇടതുപക്ഷം നേടി. കോൺഗ്രസിന്റേത് ദയനീയ പരാജയമായിരുന്നു. കോൺഗ്രസിന് മുന്ന് സീറ്റും ആർ.എസ്.പിക്ക് ഒരു സീറ്റും ഉൾപ്പെടെ നാല് സീറ്റ്. ഭരണവിരുദ്ധ വികാരമാണ് ഇത്രയും സീറ്റ് കുറയാൻ കാരണമെന്നാണ് യു.ഡി.എഫ് നേതാക്കൾ പറയുന്നത്. ഇക്കുറി ആ സാഹചര്യമല്ല. ഭരണവിരുദ്ധ വികാരം കൃത്യമായി പ്രതിഫലിച്ചാൽ ഇടതുമുന്നണിക്ക് ഒരു സീറ്റുപോലും കിട്ടില്ലെന്നാണ് അവരുടെ പക്ഷം.
ഇക്കുറി ജില്ലാ പഞ്ചായത്ത് ഭരണം പിടിക്കാൻ യു.ഡി.എഫ് പ്രത്യേക തയ്യാറെടുപ്പുകൾ നേരത്തെ തന്നെ തുടങ്ങിയതായി ഡി.സി.സി പ്രസിഡന്റ് ബിന്ദു കൃഷ്ണ വെളിപ്പെടുത്തുന്നു. ബി.ജെ.പിക്ക് ഇതുവരെ ജില്ലാ പഞ്ചായത്തിൽ ഒരു സീറ്റ് പോലും നേടാനായിട്ടില്ല. ഇക്കുറി കുറഞ്ഞത് അഞ്ചു സീറ്റെങ്കിലും പിടിച്ചെടുക്കുമെന്ന നിലപാടിലാണ് പാർട്ടി. കോൺഗ്രസിനും ഇടതുമുന്നണിക്കും മുൻ വർഷങ്ങളിലേത് പോലെ വിജയം നിസാരമാവില്ലെന്നാണ് ബി.ജെ.പി ജില്ലാ പ്രഡിഡന്റ് ബി.ബി. ഗോപകുമാർ പറയുന്നത്.
കഴിഞ്ഞ തവണ വനിതാ സംവരണമായിരുന്നു ജില്ലാ പഞ്ചായത്ത്. ഇക്കുറി മിക്കവാറും ജനറൽ ആകാനിടയുള്ളതിനാൽ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് സ്ഥാനത്തേയ്ക്ക് കണ്ണുവച്ചിട്ടുള്ള നിരവധിപേരുണ്ട്. സി.പി.എമ്മിൽ ചില നേതാക്കളെ വെട്ടി നവാഗതരെ ജില്ലാ പ്രസിഡന്റാക്കാനുള്ള നീക്കങ്ങളും സജീവമാണ്.
 2015 ലെ കക്ഷി നില
 ആകെ സീറ്റ്: 26
 സി.പി.എം: 14
 സി.പി.ഐ: 8
 കോൺഗ്രസ്: 3
 ആർ.എസ്.പി: 1