shine

കൊല്ലം: പ്രാഥമിക ചികിത്സാ കേന്ദ്രങ്ങളിൽ കഴിയുന്ന കൊവിഡ് ബാധിതർക്ക് വെറ്ററിനറി അസോസിയേഷൻ നൽകുന്ന മുട്ട വിതരണ പദ്ധതിക്ക് തുടക്കമായി. ലോക മുട്ട ദിനമായ ഇന്നലെ കുരീപ്പുഴ ടർക്കി ഫാമിൽ സംഘടിപ്പിച്ച ചടങ്ങിൽ എം. മുകേഷ് എം.എൽ.എ പദ്ധതി ഉദ്ഘാടനം ചെയ്തു. മേയർ ഹണി ബഞ്ചമിൻ മുട്ടകൾ ഏറ്റുവാങ്ങി.
മുട്ടയുടെ ആരോഗ്യ പ്രാധാന്യം പ്രചരിപ്പിക്കാൻ ലക്ഷ്യമിടുന്ന പരിപാടിയിൽ ആദ്യഘട്ടത്തിൽ ആയിരം മുട്ടകളാണ് വിതരണം ചെയ്യുന്നത്. നഗരത്തിലെ ഫസ്റ്റ് ലൈൻ ട്രീറ്റ്മെന്റ് സെന്ററുകളിൽ കഴിയുന്ന എല്ലാവർക്കും മുട്ട സൗജന്യമായി നൽകും. കൊവിഡ് ക്ലേശങ്ങളെ നേരിടാൻ ആരോഗ്യം വർദ്ധിപ്പിക്കേണ്ടതുണ്ട്. മുട്ട പോലെയുള്ള മാംസ്യാഹാരങ്ങൾ അതിനുതകുന്നതാണെന്ന് എം.എൽ.എ പറഞ്ഞു.
ഇന്ത്യൻ വെറ്ററിനറി അസോസിയേഷൻ സംസ്ഥാന പ്രസിഡന്റ് ഡോ. കെ.കെ. തോമസ്, മൃഗസംരക്ഷണ വകുപ്പ് അസി. ഡയറക്ടർമാരായ ഡോ.ഡി. ഷൈൻ കുമാർ, ഡോ.എസ്. രാജു വെറ്ററിനറി സർജൻ ജോസഫൈൻ ഫ്രാൻസിസ്,ആരോഗ്യ വകുപ്പ് ഡെപ്യൂട്ടി മെഡിക്കൽ ഓഫീസർ ജയശങ്കർ എന്നിവർ പങ്കെടുത്തു.