handsss
പ്രതികൾ

കൊട്ടിയം: അയൽ സംസ്ഥാനങ്ങളിൽ നിന്ന് വാഹനത്തിൽ കടത്തിക്കൊണ്ടുവന്ന നിരോധിത പുകയില ഉത്പന്നങ്ങളുമായി രണ്ടു പേർ കണ്ണനല്ലൂർ പൊലീസിന്റെ പിടിയിലായി. നെടുമ്പന തൈക്കാവ് മുക്കിനു സമീപം താമസിക്കുന്ന സുലൈമാൻ കുഞ്ഞ് (60), സെയ്ദ് മുഹമ്മദ് എന്നിവരാണ് മീയ്യണ്ണൂരിൽ വെച്ച് പിടിയിലായത്. കണ്ണനല്ലൂർ, കൊട്ടിയം എന്നിവിടങ്ങളിൽ വില്പനയ്ക്കായി കൊണ്ടു വന്ന മൂന്ന് ലക്ഷം രൂപയുടെ 3500 ഓളം പാക്കറ്റ് നിരോധിത പുകയില ഉത്പന്നങ്ങളാണ് പിടിച്ചെടുത്തത്. ഇതുമായി ബന്ധപ്പെട്ട മറ്റു പ്രതികൾ ഉടൻ അറസ്റ്റിലാവുമെന്ന് കണ്ണനല്ലൂർ എസ്.എച്ച്.ഒ യു.പി. വിപിൻ കുമാർ പറഞ്ഞു. അറസ്റ്റ് ചെയ്ത പ്രതികളെ കൊട്ടാരക്കര കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു. ചാത്തന്നൂർ അസി. കമ്മിഷണർ ഷൈനു തോമസിന് ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിൽ കണ്ണനല്ലൂർ പൊലീസ് ഇൻസ്പെക്ടർ വിപിൻ കുമാറിന്റെ നേതൃത്വത്തിൽ എസ്.ഐ നിയാസ്, എ.എസ്.ഐ ജോസ് ടി. ബെൻ, നിസാമുദ്ദീൻ, സി.പി.ഒ ഷെമീർ ഖാൻ എന്നിവർ അടങ്ങിയ അന്വേഷണ സംഘമാണ് പ്രതികളെ പിടികൂടിയത്.