 
പുനലൂർ: പാലക്കാട് കൊപ്പം സ്വദേശിനിയായ പതിമൂന്നുകാരിയെ പ്രണയം നടിച്ച് പീഡിപ്പിച്ച കേസിൽ കസ്റ്റഡിയിലെടുത്തശേഷം കുളത്തൂപ്പുഴ പൊലീസ് സ്റ്റേഷനിൽ നിന്ന് രക്ഷപ്പെട്ട പ്രതിയെ പിടികൂടി. തൃശൂർ എടക്കഴിയൂർ, കറുത്താറൻ വീട്ടിൽ കെ.എം.ബാദുഷയാണ് (27) അറസ്റ്റിലായത്.
ഇന്നലെ രാവിലെ കുളത്തൂപ്പുഴ സി.ഐ ഗിരീഷിന്റെ നേതൃത്വത്തിലുള്ള പൊലീസ് നാട്ടുകാരുടെ സഹായത്തോടെയാണ് പിടികൂടിയത്. വ്യാഴാഴ്ച രാവിലെ 8.30ന് കുളത്തൂപ്പുഴ ബസ് സ്റ്റാൻഡിൽ നിന്നാണ് ആദ്യം കസ്റ്റഡിയിലെടുത്തത്. സ്റ്റേഷനിൽ നിന്ന് കടന്ന പ്രതി നെടുവണ്ണൂർ വനമേഖലയിൽ ഒരു രാത്രി കഴിഞ്ഞു. ഇന്നലെ രാവിലെ റോഡിലെത്തി കടയിൽ നിന്ന് മാസ്ക് വാങ്ങി ധരിച്ചശേഷം ഓട്ടോയിൽ രക്ഷപ്പെടാൻ ശ്രമിച്ചു.
സംശയം തോന്നിയ കടയുടമയും ഓട്ടോ ഡ്രൈവറും നാട്ടുകാരും ചേർന്ന് കുളത്തൂപ്പുഴ പൊലീസിൽ അറിയിച്ചു. പുനലൂർ ഗവ. താലൂക്ക് ആശുപത്രിയിൽ എത്തിച്ച പ്രതിയെ കൊവിഡ് പരിശോധനയ്ക്ക് ശേഷം സ്റ്റേഷനിലെ പ്രത്യേക നിരീക്ഷണ മുറിയിൽ പാർപ്പിച്ചിരിക്കുകയാണ്.
പതിമൂന്നുകാരിയെ ഫേസ് ബുക്കിലൂടെ പരിചയപ്പെട്ട ശേഷമായിരുന്നു പീഡനം. രക്ഷിതാക്കളുടെ പരാതിയെ തുടർന്ന് തൃശൂരിൽ നിന്ന് മുങ്ങിയ പ്രതി കുളത്തൂപ്പുഴയ്ക്ക് സമീപം ഏഴംകുളം സ്വദേശിനിയായ ഭാര്യക്കൊപ്പം താമസിച്ചു വരികയായായിരുന്നു. മൊബൈൽ ഫോൺ ലൊക്കേഷൻ പിന്തുടർന്നാണ് കസ്റ്റഡിയിലെടുത്തത്.