
കൊല്ലം: ഇതര സംസ്ഥാനങ്ങൾ, ജില്ലകൾ എന്നിവിടങ്ങളിൽ നിന്ന് കൊണ്ടുവരുന്ന മത്സ്യം വിൽക്കാൻ ജില്ലയിൽ ഉണ്ടായിരുന്ന നിയന്ത്രണം പിൻവലിച്ചു. ഹാർബറുകളെല്ലാം അടഞ്ഞ് ജില്ലയിൽ മത്സ്യം ലഭ്യമല്ലാതായ സാഹചര്യത്തിലാണ് നിയന്ത്രണം പിൻവലിച്ചത്.
കളക്ടറുടെ രണ്ടുമാസം മുൻപുള്ള ഉത്തരവിന്റെ പേരിൽ പൊലീസ് വ്യാപകമായി മത്സ്യക്കച്ചവടക്കാർക്ക് പിഴ ചുമത്തുകയായിരുന്നു. ആയിരം മുതൽ മൂവായിരം രൂപ വരെ പിഴ ചുമത്തി തുടങ്ങിയതോടെ കച്ചവടക്കാർ വലിയ പ്രതിസന്ധിയിലായി. ജില്ലയിൽ മത്സ്യം ലഭ്യമല്ലെന്ന് പൂർണ ബോദ്ധ്യമുണ്ടായിട്ടും അന്യ ജില്ലകളിൽ നിന്ന് കൊണ്ടുവരുന്ന മത്സ്യത്തിന് പിഴ ചുമത്തിയതോടെ പ്രതിഷേധവും ശക്തമായി. പലരും തൊഴിൽ ഉപേക്ഷിക്കാൻ തന്നെ തീരുമാനിച്ചു. കച്ചവടക്കാർ പരാതിയുമായി മുഖ്യമന്ത്രിയെയും സമീപിച്ചു. ഇതോടെയാണ് ജില്ല ഭരണകൂടം പഴയ ഉത്തരവ് പിൻവലിച്ചത്.
കൊല്ലം തീരവും അഴീക്കലും തുറന്നേക്കും
കൊവിഡ് വ്യാപനത്തെ തുടർന്ന് അടച്ച കൊല്ലം തീരത്തെ അഞ്ച് ലാൻഡിംഗ് സെന്ററുകളും അഴീക്കൽ ഹാർബറും രണ്ട് ദിവസത്തിനുള്ളിൽ തുറന്നേക്കും. ഈ രണ്ട് ഹാർബറുകളിലെയും കൊവിഡ് വ്യാപനത്തിന്റെ സ്ഥിതി സംബന്ധിച്ച് കളക്ടർ ആരോഗ്യവകുപ്പിനോട് റിപ്പോർട്ട് തേടി. റിപ്പോർട്ട് അനുകൂലമാണെങ്കിൽ ഉടൻ ഹാർബർ തുറക്കും. ശക്തികുളങ്ങര, നീണ്ടകര മേഖലയിൽ കൊവിഡ് വ്യാപനത്തിന് അയവില്ലാത്തതിനാൽ ഇപ്പോൾ തുറക്കാൻ സാദ്ധ്യതയില്ല.
''
ഇതര സംസ്ഥാനങ്ങൾ, അന്യ ജില്ലകൾ എന്നിവിടങ്ങളിൽ നിന്ന് മത്സ്യം എത്തിച്ച് വിൽക്കുമ്പോൾ കൊവിഡ് പ്രോട്ടോക്കോൾ ലംഘനം ഉണ്ടായാൽ നിറുത്തിവയ്പ്പിച്ച് നിയമ നടപടി സ്വീകരിക്കും. പൊലീസിന്റെയും തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെയും അംഗീകാരമില്ലാത്ത വിപണന കേന്ദ്രങ്ങളിൽ മത്സ്യവ്യാപാരം അനുവദിക്കില്ല.
ബി. അബ്ദുൽ നാസർ
ജില്ലാ കളക്ടർ